Sorry, you need to enable JavaScript to visit this website.

ഗോദി മീഡിയയുടെ കാലം

ഇന്ത്യൻ മാധ്യമ രംഗത്തെ പുതിയ പ്രതിഭാസമായ ഗോദി മീഡിയ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വ്യാജ വാർത്തകളും സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന റിപ്പോർട്ടുകളും കൊണ്ട് മാധ്യമ രംഗത്തെ ഇവർ മലീമസമാക്കുന്നു. ജനം ഇരുട്ടിൽ നിൽക്കുകയും സത്യം കുഴിച്ചുമൂടപ്പെടുകയും ചെയ്യുന്ന ഭയാനക നാളുകളിലേക്കാണ് നാം ചുവടുവെക്കുന്നത്. 


ഇന്ത്യയിൽ നരേന്ദ്ര മോഡി യുഗത്തിന് ആരംഭം കുറിച്ചതോടെ സമാന്തരമായി തുടങ്ങിയതാണ് മാധ്യമങ്ങളുടെ കാവിവത്കരണം. ഇന്ന് ഗോദി മീഡിയ എന്ന് പേരിട്ട് വിളിക്കുന്ന ഈ പ്രതിഭാസം രാജ്യത്തെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഏറെ ബാധിച്ചുകഴിഞ്ഞു. ഗോദി മീഡിയ, റിയൽ മീഡിയ എന്നിങ്ങനെ ഇന്ത്യൻ മാധ്യമങ്ങളെ രണ്ടായി വിഭജിക്കാൻ കഴിയുന്ന രീതിയിൽ ദൃശ്യമാണ് ഈ പ്രതിഭാസം.
ഗോദി മീഡിയ എന്ന വാക്കിനർഥം മടിത്തട്ടിലെ മാധ്യമങ്ങൾ എന്നാണ്. ലാപ്‌ഡോഗ് മീഡിയ എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും എൻ.ഡി.ടി.വിയിലെ മാധ്യമ പ്രവർത്തകനും മഗ്‌സസെ അവാർഡ് ജേതാവുമായ രവീഷ് കുമാറാണ് ഈ പദപ്രയോഗത്തിന് പ്രചുരപ്രചാരം നൽകിയത്. ഒരർഥത്തിൽ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് തന്നെ അദ്ദേഹമാണ്. 


വളച്ചൊടിച്ചതും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മടിയില്ലാത്ത മാധ്യമങ്ങളുടെ വിശിഷ്യാ, ന്യൂസ് ചാനലുകളുടെ എണ്ണം അടിക്കടി വർധിച്ചുവരികയാണ്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും സ്വതന്ത്ര ചിന്തയെ പിടിച്ചുകെട്ടാനും എതിരാളികളെ രാജ്യദ്രോഹികളാക്കാനും ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിക്കാനും ഇത്തരം മാധ്യമങ്ങൾ നിരന്തരം ശ്രമിച്ചുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആർ.എസ്.എസ്-ബി.ജെ.പി സംഘടനകൾക്കും വേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഗോദി മീഡിയ പൗരത്വ സമര കാലത്തും ഇപ്പോൾ കർഷക സമര വേളയിലും പ്രചരിപ്പിച്ച നുണകൾക്ക് കൈയും കണക്കുമില്ല. പൗരത്വ സമരക്കാരെ രാജ്യദ്രോഹികളും ചാരന്മാരും ഭീകരവാദികളുമായി ചിത്രീകരിച്ച ഗോദി മീഡിയ കർഷക പ്രക്ഷോഭകരെ ഖലിസ്ഥാനികളും വിഘടനവാദികളുമായാണ് വിശേഷിപ്പിക്കുന്നത്. ആർ.എസ്.എസിനും മോഡിക്കും വേണ്ടി എന്തു കടുത്ത നുണകളും വിളിച്ചുപറയാനും പ്രചരിപ്പിക്കാനും ഇവർക്ക് മടിയില്ല. ഇന്ത്യൻ മാധ്യമ രംഗം, പെയ്ഡ് ന്യൂസ് സംഭവങ്ങൾക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഗോദി മീഡിയ.


24 മണിക്കൂറും വാർത്താ സംപ്രേഷണം നടത്തുന്ന ദേശീയ, പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഡസനോളം വാർത്താ ചാനലുകൾ ഗോദി മീഡിയ എന്ന വിശേഷണത്താൽ അറിയപ്പെടുന്നു. വളച്ചൊടിച്ച റിപ്പോർട്ടുകൾക്കും സമൂഹത്തിൽ സാമുദായിക വൈരം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്കും പേരുകേട്ട ഈ ചാനലുകളിലെ റിപ്പോർട്ടർമാരും അവതാരകരും നിരന്തരമായ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ ചാനലുകളുടെ പ്രധാന ഉന്നം ഇന്ത്യയിലെ മുസ്‌ലിംകളാണെന്നതും ഇതിനകം തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. ഇസ്‌ലാം ഭീതി പരത്തുന്ന തരത്തിലാണ് അവരുടെ വാർത്താ അവതരണങ്ങൾ. ജേണലിസമല്ല, മുസ്‌ലിംകൾക്കെതിരെ വിശുദ്ധയുദ്ധമാണ് അവർ നടത്തുന്നത് എന്നാണ് ഒരു മാധ്യമ വിദഗ്ധൻ ശരിയായി നിരീക്ഷിച്ചത്.


താഴ്ന്ന ജാതിയിൽപെട്ട ഹിന്ദുക്കളും ദരിദ്രരും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ദുർബല വിഭാഗങ്ങളും ഇവരുടെ ഇരകളാണ്. മറുവശത്ത്, ആർ.എസ്.എസിന്റെ സവർണ ഹിന്ദുത്വ സിദ്ധാന്തങ്ങൾ മറയില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ സമ്പന്നരുടെയും ശക്തരുടെയും കോർപറേറ്റുകളുടെയും കരുത്തുറ്റ ശബ്ദമാണ് ഗോദി മീഡിയയിലെ മാധ്യമ പ്രവർത്തകർ. ഇത്തരം ചാനലുകൾ അധികവും ഫണ്ട് ചെയ്യുന്നതും കോർപറേറ്റുകളാണ് എന്നതാണ് വസ്തുത.


റിപ്പബ്ലിക് ടി.വി, ടൈംസ് നൗ, ഇന്ത്യ ടുഡെ-സി.എൻ.എൻ ന്യൂസ് 18  തുടങ്ങിയ ഇംഗ്ലീഷ് ചാനലുകൾ ഏറിയും കുറഞ്ഞും ഈ വിഭാഗത്തിൽ പെടുത്താവുന്നയാണ്. ഇക്കൂട്ടത്തിൽ ഇന്ത്യ ടുഡേയുടെ എഡിറ്ററായിരുന്ന രാജ്ദീപ് സർദേശായിയെ ഈയിടെ ചാനൽ പുറത്താക്കുകയും ദൽഹി പോലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തൽക്കാലം സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്. ഹിന്ദി ചാനലുകളായ സീ ന്യൂസ്, എ.ബി.പി ന്യൂസ്, ആജ് തക്, ഇന്ത്യ ടിവി, സുദർശൻ ന്യൂസ്, ന്യൂസ് നേഷൻ, ന്യൂസ് 24 തുടങ്ങിയ ചാനലുകളുടെ വഴിയും ഇതു തന്നെയാണ്. 
ഈ ചാനലുകൾ കൂടാതെ, മലയാളമടക്കം പ്രാദേശിക ഭാഷകളിലുള്ള നിരവധി ചാനലുകളും പതിനെട്ടോളം ഹിന്ദു മത ചാനലുകളും വഹിക്കുന്നതും ഈ ദൗത്യം തന്നെയാണ്. ഹിന്ദി ഭാഷയുടെ പ്രാമാണ്യം ഉയർത്തിപ്പിടിക്കുകയും ഹിന്ദുരാഷ്ട്ര രൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുകയാണ് ഇവയുടെ മുഖ്യ ലക്ഷ്യമെന്ന് വ്യക്തമാണ്.


വൈവിധ്യങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സംസ്‌കാരം തന്നെയാണ് ഹിന്ദു രാഷ്ട്ര രൂപീകരണത്തിനുള്ള മുഖ്യ തടസ്സമെന്ന് ആർ.എസ്.എസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹുസ്വരമായ രാഷ്ട്ര ഘടന തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നത് വൈകിപ്പിക്കുമെന്നും അവർ മനസ്സിലാക്കുന്നു. അതിനാൽ ഏകശിലാരൂപമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. ഗോദി മീഡിയ എന്നറിയപ്പെടുന്ന വാർത്താ മാധ്യമങ്ങൾ ഇതിനായി മണ്ണ് പാകപ്പെടുത്തുന്നു.
വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് വൈവിധ്യത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുകയാണ് പ്രധാനമായും വേണ്ടതെന്ന് ആർ.എസ്.എസ് കരുതുന്നു. ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വന്നതോടെയാണ് ഇക്കാര്യത്തിൽ സർക്കാർ അൽപം പിന്നോട്ടു പോയത്. 


ഗോദി മീഡിയയുടെ ഏറ്റവും പുതിയ ഇര ദൽഹിയിലെ കർഷക സമരക്കാരാണ്. കർഷക സമരത്തെ അപകീർത്തിപ്പെടുത്താനും ഭിന്നത സൃഷ്ടിക്കാനും രാഷ്ട്രീയവത്കരിക്കാനും അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഷഹീൻ ബാഗ് സമരത്തിന്റെ പാഠമുൾക്കൊണ്ട് നേരത്തെ തന്നെ ഗോദി മീഡിയയുടെ തന്ത്രങ്ങൾക്കെതിരെ ശ്രദ്ധയോടെയാണ് കർഷക നേതാക്കൾ നീങ്ങിയതെങ്കിലും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിലൂടെ സമരത്തെ അപകീർത്തിപ്പെടുത്തുന്നതിൽ ഗോദി മീഡിയയിലെ മാധ്യമ പ്രവർത്തകർ ഒരു പരിധി വരെ വിജയിച്ചു. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയ സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഏകദേശം വ്യക്തമായിട്ടും ഇപ്പോഴും അതിന്റെ പേരിൽ കർഷകരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമം ഇവർ തുടരുകയാണ്. 


തെരഞ്ഞെടുപ്പ് കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പണം വാങ്ങി റിപ്പോർട്ടർമാരും മാധ്യമങ്ങൾ തന്നെയും വ്യാജ വാർത്തകൾ സൃഷ്ടിച്ച സംഭവങ്ങൾ ഇന്ത്യൻ മാധ്യമ രംഗത്തെക്കുറിച്ച് ഏറെ അവമതിപ്പുണ്ടാക്കിയിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തന്നെ ഈ ദുഷ്പ്രവണതക്കെതിരെ രംഗത്തു വന്നു. ബിസിനസ് റിപ്പോർട്ടിംഗിന്റെ പേരിലും ഇത്തരം പെയ്ഡ് ന്യൂസുകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വ്യാപകമാണ്. എന്നാലിതെല്ലാം താൽക്കാലിക പ്രതിഭാസങ്ങളായി മാത്രം കണക്കാക്കപ്പെടുമ്പോൾ ഗോദി മീഡിയ കൂടുതൽ വ്യാപകവും ശക്തവുമായ സ്വാധീനമാണ് ഇന്ത്യൻ മാധ്യമ രംഗത്ത് സൃഷ്ടിക്കുന്നത്. സത്യമേത്, വ്യാജമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം വാർത്തകൾ ഇടകലർന്നിരിക്കുമ്പോൾ ജനം ഇരുട്ടിലകപ്പെടുന്നു. നോട്ടുനിരോധവും ജി.എസ്.ടിയും തൊഴിലില്ലായ്മയും പോലുള്ള നിരവധി ജനവിരുദ്ധ നടപടികൾക്ക് ശേഷവും മോഡിക്ക് രണ്ടാമൂഴം ലഭിച്ചതിന് പിന്നിലും ഗോദി മീഡിയയുടെ വൻ സ്വാധീനമുണ്ട്. 
ഇപ്പോൾ അധികാരത്തിന്റെ ശീതളിമയിൽ കൂടുതൽ മാധ്യമ സ്ഥാപനങ്ങൾ ഈ പാതയിലേക്ക് ചുവടുവെക്കുമ്പോൾ സത്യം കുഴിച്ചുമൂടപ്പെടുന്ന ഭയാനക നാളുകളെ നാം തീർച്ചയായും പ്രതീക്ഷിക്കണം.

Latest News