ഹരാരെ- സമ്മർദങ്ങൾക്കൊടുവിൽ സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ ഒടുവിൽ രാജിവെച്ചു. അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങൾക്ക് പാർലമെന്റ് ഇന്നലെ തുടക്കമിട്ടതിന് പിന്നാലെയാണ് രാജി. ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ പിന്തുണച്ചതിനാൽ ഇംപീച്ച്‌മെന്റ് പ്രമേയം അനായാസം പാസാകുകയും ഇന്ന് മുഗാബെയെ പാർലമെന്റ് പുറത്താക്കുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതിന് കാത്തുനിൽക്കാതെ ഇന്നലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. രാജി വാർത്ത പുറത്തുവന്നതോടെ രാജ്യത്തിനകത്തും പുറത്തും സിംബാബ്‌വെക്കാർ ആഹ്ലാദനൃത്തമാടി. സുഗമമായ അധികാര കൈമാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുഗാബെ പറഞ്ഞു.
രാജിവെക്കാൻ മുഗാബെക്ക് ഇനിയും സമയമുണ്ടെന്ന, ഈയിടെ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമ്മേഴ്‌സൻ മംഗാവയുടെ പ്രസ്താവന മുഗാബെയെ വലിയ സമ്മർദത്തിലാഴ്ത്തിയിരുന്നു. ലോകത്തെ ഏറ്റവും വയോധികനായ ഭരണാധികാരി രാജ്യത്തിന്റെ ഉൽക്കടമായ അഭിലാഷം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് മംഗാവ പറഞ്ഞു. നേതൃമാറ്റം വേണമെന്നതാണ് ജനങ്ങളുടെ ആഗ്രഹം. അത് മനസ്സിലാക്കി രാജി സമർപ്പിക്കാൻ മുഗാബെ തയാറാകണം -മംഗാവ പറഞ്ഞു.
നാല് ദശാബ്ദമായി സിംബാംബ്‌വെ ഭരിക്കുന്ന മുഗാബെ അവസാന നിമിഷം വരെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ച ശേഷമാണ് ഒഴിഞ്ഞത്. രാജ്യം പട്ടാള നിയന്ത്രണത്തിലാവുകയും രാഷ്ട്രീയ നേതൃത്വം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഗാബെക്ക് എതിരാവുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ സ്ഥാനചലനം ഉറപ്പാണെങ്കിലും വിട്ടുകൊടുക്കാൻ ഭാവമില്ലാതെ പ്രസിഡന്റ് പദത്തിൽ തുടരുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റായിരുന്ന മംഗാവയെ മാറ്റി ആ സ്ഥാനത്ത് ഭാര്യയെ നിയമിക്കാനുള്ള നീക്കമാണ് ഒടുവിൽ മുഗാബെക്ക് വിനയായി മാറിയത്. ഭരണകക്ഷിയായ സാനു-പിഎഫ് പാർട്ടി മുഗാബെയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അവർ തന്നെയാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം പാർട്ടി മുഗാബെക്ക് പകരം മംഗാവെയെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നതിനാൽ മംഗാവ സിംബാബ്‌വേ പ്രസിഡന്റ് ആകുമെന്നാണ് കരുതുന്നത്.