Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീണ്ടും മഴ വരുന്നു ; മലയാളിയടക്കം മൂന്ന് മരണം

  •  വ്യാപക നാശനഷ്ടങ്ങൾ 
  •   പത്തു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു 
  •  481 പേരെ രക്ഷപ്പെടുത്തി

ജിദ്ദ - മക്ക, തായിഫ് പ്രവിശ്യകളില്‍ വീണ്ടും മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളുകള്‍ ജാഗ്രത കാണിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തായിഫ് മേഖലയിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഇന്ന്(ചൊവ്വ) രാവിലെ പെരുമഴ പെയ്ത ശേഷം പിന്നീട് കാര്യമായ മഴ പെയ്തിരുന്നില്ല. എന്നാല്‍ രാത്രിയോടെ വീടും മഴ പെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

ഇന്ന് രാവിലെ  പെയ്ത മഴയിൽ ജിദ്ദയും മക്കയും തായിഫുമെല്ലാം നിശ്ചലമായിരുന്നു. പ്രധാന റോഡുകളും അടിപ്പാതകളും വെള്ളത്തിലായതോടെ നഗരം അക്ഷരാർത്ഥത്തിൽ വിജനമായി. ജിദ്ദയിൽ ഷോക്കേറ്റ് രണ്ടും വീട് തകർന്ന് ഒരാളും മരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കൺട്രോൾ റൂം അറിയിച്ചു. വീട്ടിലെ താമസക്കാരായ മൂന്നു പേരെ രക്ഷപ്പെടുത്തി. നൂറുകണക്കിന് കാറുകൾ വെള്ളത്തിൽ കുടുങ്ങി. ജിദ്ദ എയർപോർട്ടും തുറമുഖവും അടച്ചിട്ടു. ജിദ്ദക്ക് പുറമെ, മദീനയിലും തബൂക്കിലും തായിഫിലും അൽജൗഫിലും കനത്ത മഴ പെയ്തു. പ്രളയ സാധ്യത കണക്കിലെടുത്ത് മക്ക, മദീന പ്രവിശ്യകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.

ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ച

മുഹമ്മദ് കോയക്കുട്ടി 
കോഴിക്കോട് ജില്ലയിലെ പൂക്കാട് സ്വദേശി പൂക്കാട്ടില്‍ കോയക്കുട്ടി (55) യാണ് മരിച്ച മലായളി. ജിദ്ദ ഫൈസലിയയിലാണ് സംഭവം. രാവിലെ മഴ തുടങ്ങിയതിനുശേഷം താമസിക്കുന്ന മുറി വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു. കിടപ്പുമുറിക്കും ബാത്ത് റൂമിനും ഇടയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടത്. സമീപത്ത് ബക്കറ്റും തുണിയും ഉണ്ടായിരുന്നു. പരേതനായ സെയ്താലിയുടെ മകനാണ്. ഭാര്യ ഷാഹിദ. നാട്ടില്‍ കൊയിലാണ്ടി കൊല്ലത്തായിരുന്നു താമസം. ഫൈസലിയയില്‍ ഹാരിസ് ജോലി നോക്കുന്ന ഇദ്ദേഹത്തിന്റെ ഏക മകന്‍ യാസിര്‍ വിവരമറിഞ്ഞ് ദുബായില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു.
മൃതദേഹം മഹ്ജർ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ തന്നെ മറവുചെയ്യുമെന്ന് സഹോദരന്റെ മകന്‍ മനാഫ് പറഞ്ഞു. 

ജിദ്ദ അൽറബ്‌വ ഡിസ്ട്രിക്ടിൽ അൽമുഅല്ലിമി സ്ട്രീറ്റിൽ മഴക്കിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. 
ഓൾഡ് ജിദ്ദ-മക്ക റോഡിൽ കിലോ പത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു. മദീന റോഡും സാരി സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനും സബ്ഈൻ സ്ട്രീറ്റും ഫലസ്തീൻ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനും അടച്ചു. 
ജാമിഅ ഡിസ്ട്രിക്ട് അടിപ്പാത, സബ്ഈൻ സ്ട്രീറ്റും പ്രിൻസ് സൗദ് അൽഫൈസൽ സ്ട്രീറ്റും സന്ധിക്കുന്ന എയ്‌റോപ്ലെയ്ൻ ചത്വരത്തിലെ അടിപ്പാത, അൽഹംറ ഡിസ്ട്രിക്ടിലെ അൽസലാം അടിപ്പാത, അൽസാരിയ അടിപ്പാത, ഹിറ സ്ട്രീറ്റും സബ്ഈൻ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാത, മദീന റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാത എന്നിവ അടച്ചു. വെള്ളം കയറിയതിനെ തുടർന്ന് ഹറമൈൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 
ജിദ്ദ എയർപോർട്ടിലെ കാലാവസ്ഥാ നിരീക്ഷണ കെട്ടിടത്തിൽ മിന്നലേറ്റ് കെട്ടിടത്തിലെ ഉപകരണങ്ങൾ ഭാഗികമായി കേടുവന്നു. ബദൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി സെന്റർ പ്രവർത്തനം തുടർന്നു. കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ പല ഭാഗങ്ങളും തടാകങ്ങളായി മാറി. 
മഴയും പ്രളയവും മൂലം കൃത്യസമയത്ത് എയർപോർട്ടിൽ എത്താനാകാതെ വിമാനം നഷ്ടപ്പെട്ടവർക്ക് ബുക്കിംഗിൽ മാറ്റം വരുത്തുകയോ ടിക്കറ്റ് റദ്ദാക്കുകയോ ടിക്കറ്റ് തുക തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്നും ഇതിന് പിഴ ഈടാക്കില്ലെന്നും സൗദിയ അറിയിച്ചു. ജിദ്ദ എയർപോർട്ടിൽ സർവീസുകൾ ഏതാനും മണിക്കൂർ തടസ്സപ്പെട്ടെങ്കിലും വൈകാതെ സ്ഥിതിഗതികൾ സാധാരണ നിലയിലായി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ജിദ്ദ തുറമുഖത്ത് കപ്പൽ സർവീസുകൾ പുനരാരംഭിച്ചു. കനത്ത മഴയിൽ കിംഗ് അബ്ദുൽ അസീസ് ആശുപത്രി ഫാർമസിയിൽ വെള്ളം കയറിയതോടെ ഫാർമസി അടച്ചു. ആശുപത്രിയിലെ മറ്റു ഫാർമസികൾ വഴി രോഗികൾക്ക് സേവനം തുടർന്നതായി ജിദ്ദ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്ല അൽഗാംദി അറിയിച്ചു. 


ജിദ്ദയിൽ 56.9 മില്ലിമീറ്റർ മഴ ലഭിച്ചു. മക്കയിൽ മഴക്കെടുതിയുണ്ടായ പ്രദേശങ്ങൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിച്ചു. ജിദ്ദയിൽ സൗദി അൽസലാം രക്ഷാ സംഘത്തിനു കീഴിലെ 150 ഓളം വളണ്ടിയർമാർ വെള്ളത്തിൽ കുടുങ്ങിയ ഇരുനൂറോളം കാറുകൾ പുറത്തെടുക്കുന്നതിന് സഹായിച്ചു. 


മക്കയിൽ ഇന്നലെ ഉച്ച വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത കൺട്രോൾ റൂം നമ്പർ ആയ 911 ൽ 10,902 പേർ ബന്ധപ്പെട്ടു. ഇതിൽ ഭൂരിഭാഗവും വെള്ളം മൂടിയ റോഡുകളെയും ഗതാഗത യോഗ്യമായ റോഡുകളെയും കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ കുറിച്ച് അറിയിച്ച് 181 പേർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. പ്രളയത്തിൽ കുടുങ്ങിയ 241 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
തിങ്കളാഴ്ച മുതൽ ഇന്നലെ രാവിലെ വരെ മക്ക, മദീന, തബൂക്ക്, അൽജൗഫ് പ്രവിശ്യകളിൽ മഴക്കിടെ സഹായം തേടി സിവിൽ ഡിഫൻസ് കൺട്രോൾ റൂമുകളിൽ 1989 പേർ ബന്ധപ്പെട്ടു. ഇതിൽ 1425 പേർ മക്കയിലും 542 പേർ മദീനയിലും 16 പേർ തബൂക്കിലും ആറു പേർ അൽജൗഫിലുമാണ് ബന്ധപ്പെട്ടത്. നാലു പ്രവിശ്യകളിലും പ്രളയത്തിൽ പെട്ട 481 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇതിൽ 400 പേർ മക്ക പ്രവിശ്യയിലും 54 പേർ മദീനയിലും 19 പേർ തബൂക്കിലും എട്ടു പേർ അൽജൗഫ് പ്രവിശ്യയിലുമാണ്. വെള്ളത്തിൽ കുടുങ്ങിയ 41 വാഹനങ്ങൾ സിവിൽ ഡിഫൻസ് പുറത്തെടുത്തു. വെള്ളം കയറിയ വീടുകളിൽ നിന്ന് പത്തു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Latest News