ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ നടന്ന ബജറ്റ് ചർച്ചയ്ക്കിടെ താൻ കർഷക സമരത്തെക്കുറിച്ചല്ലാതെ മറ്റൊന്നും പറയില്ലെന്നു വ്യക്തമാക്കിയാണ് രാഹുൽ ആഞ്ഞടിച്ചത്. മറ്റു വിഷയങ്ങളിൽ ചർച്ച അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കിയപ്പോഴാണ് താൻ കർഷ നിയമങ്ങളെക്കുറിച്ചു മാത്രമേ സംസാരിക്കൂ എന്ന് രാഹുൽ വ്യക്തമാക്കിയത്. എന്നാൽ, ബജറ്റ് അവതരണ സമയത്ത് പാർലമെന്റിൽ ഇല്ലായിരുന്ന രാഹുലിന് ബജറ്റിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പരിഹസിച്ചത്.
നമ്മുടെ രണ്ട്, നമുക്ക് രണ്ട് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്ര മോഡി രാജ്യം ഭരിക്കുന്നത്. ഇതേ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടു നിരോധനം, ജി.എസ്.ടി, ലോക്ക് ഡൗൺ എന്നിവയും ഏറ്റവും ഒടുവിൽ കാർഷിക നിയങ്ങളും കൊണ്ടു വന്നതെന്നും രാഹുൽ പറഞ്ഞു. കുടുംബാസൂത്രണത്തിന്റെ ഭാഗമായിരുന്ന നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം എല്ലാവർക്കും അറിയാം. എന്നാൽ, ഈ സർക്കാരിന്റെ പ്രവർത്തനം നാം രണ്ട്, നമ്മുടെ രണ്ട് എന്ന അർഥത്തിലാണെന്നാണ് ആരുടെയും പേര് പരാമർശിക്കാതെ രാഹുൽ പറഞ്ഞത്. താൻ ഉദ്ദേശിച്ച നാലു് പേരെ എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയിൽ ഇനി ഒരിക്കലും തൊഴിൽ അവസരങ്ങൾ ഉണ്ടാകാത്ത വിധം സർക്കാർ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു. തൊഴിലില്ലായ്മ, വിശപ്പ്, ദാരിദ്ര്യം ഇവയിൽ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.






