Sorry, you need to enable JavaScript to visit this website.

സൗദി-ഖത്തർ വ്യാപാരം ഞായറാഴ്ച മുതൽ

റിയാദ് - കരാതിർത്തി വഴിയുള്ള ഖത്തർ-സൗദി വ്യാപാരത്തിന് അടുത്ത ഞായറാഴ്ച മുതൽ തുടക്കമാകുമെന്ന് ഖത്തർ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദി ഭാഗത്തെ സൽവ അതിർത്തി പോസ്റ്റും ഖത്തർ ഭാഗത്തെ അബൂസംറ അതിർത്തി പോസ്റ്റും വഴിയുള്ള ചരക്കു നീക്കത്തിന് മുൻകരുതൽ നടപടികളും വ്യവസ്ഥകളും ബാധകമാണ്. 
ചരക്കുമായി ഖത്തറിൽ പ്രവേശിക്കുന്ന ലോറി ഡ്രൈവർമാർ കൊറോണ വൈറസ് മുക്തരാണെന്ന് സ്ഥിരീകരിക്കുന്ന, സൗദി ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. അബൂസംറ അതിർത്തി പോസ്റ്റിൽ എത്തുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധന നടത്തേണ്ടത്. 
ചരക്കുകളുമായി എത്തുന്ന ലോറികളും ഡ്രൈവർമാരെയും അബൂസംറ അതിർത്തി പോസ്റ്റ് വഴി ഖത്തറിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ചരക്കുകൾ അബൂസംറ അതിർത്തി പോസ്റ്റിൽ ഇറക്കി ഖത്തർ ലോറികളിൽ കയറ്റിയാണ് രാജ്യത്ത് പ്രവേശിപ്പിക്കേണ്ടത്. അതിർത്തി പോസ്റ്റ് അഡ്മിനിസ്‌ട്രേഷനുമായി മുൻകൂട്ടി ഏകോപനം നടത്തിയാണ് ഇറക്കുമതിക്കാരനോ നിയമാനുസൃത പ്രതിനിധിയോ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത്. 


അബൂസംറ പോസ്റ്റിൽ ചരക്കുകൾ ഇറക്കിക്കഴിഞ്ഞാലുടൻ ഡ്രൈവർമാരും ലോറികളും സൗദിയിലേക്ക് തിരിച്ചുപോകണം. 
അബൂസംറ അതിർത്തി പോസ്റ്റിൽ സ്വീകരിക്കുന്ന ചരക്കുകൾ നീക്കം ചെയ്യുന്നതിനുവേണ്ട ഖത്തർ ലോറികൾ ഇക്കുമതിക്കാർ നിർബന്ധമായും ഒരുക്കിയിരിക്കണം. അതിർത്തി പോസ്റ്റിലേക്കുള്ള ലോറികളുടെ പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിന് ലോറികൾ അതിർത്തി പോസ്റ്റിൽ എത്തുന്ന സമയവും ലോറികളുടെ നമ്പറുകളും മുൻകൂട്ടി അതിർത്തി പോസ്റ്റ് അഡ്മിനിസ്‌ട്രേഷനെ അറിയിക്കണം.


സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനക്ക് അയക്കും. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പായി ചരക്കുകൾ ക്രയവിക്രയം ചെയ്യില്ല എന്നതിന് ഇറക്കുമതിക്കാരനോട് രേഖാമൂലം ഉറപ്പുവാങ്ങി അതിർത്തി പോസ്റ്റിൽ ചരക്കുകൾക്ക് ക്ലിയറൻസ് നൽകും. 
അപകടകരമായ വസ്തുക്കൾ ലാബ് പരിശോധനാ ഫലം പുറത്തുവരുന്നതു വരെ അതിർത്തി പോസ്റ്റിൽ തന്നെ സൂക്ഷിക്കും. അബൂസംറ അതിർത്തി പോസ്റ്റ് വഴി സൗദിയിലെ സൽവ അതിർത്തി പോസ്റ്റു വഴി ചരക്കുകൾ കയറ്റി അയക്കുന്നവർ കയറ്റുമതിക്ക് നടപടികൾ സ്വീകരിക്കുന്നതിനു മുമ്പായി സൗദി കസ്റ്റംസ് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഖത്തർ കസ്റ്റംസ് അതോറിറ്റി ആവശ്യപ്പെട്ടു.   

 

Latest News