Sorry, you need to enable JavaScript to visit this website.

മിമിക്രി കലാകാരൻ കബീറിന്റെ മരണം  ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ആരോപണം 

തൃശൂർ- മിമിക്രി കലാകാരനും ബിൽഡറുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കബീറിന്റെ അകാല മരണത്തിന് പിന്നിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയും ബിൽഡറായ ഭർത്താവും ചേർന്ന് സൃഷ്ടിച്ച മാനസിക സമ്മർദമാണെന്ന ആരോപണവുമായി കബീറിന്റെ സഹോദരങ്ങൾ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇരുവരും കബീറിന്റെ കെട്ടിട നിർമാണങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് സഹോദരങ്ങളായ സഗീർ അബ്ദുൽ കരീം, അഡ്വ. കെ.എ.അക്ബർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കബീറിന്റെ നിർമാണ പ്രവർത്തനങ്ങൾ തന്നെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥയുടെ ഭർത്താവ് കബീറിനെ സമീപിച്ചിരുന്നത്. 


കരാർ നൽകാത്തതിനെ തുടർന്ന് 26 ൽപരം വിവരാവകാശ അപേക്ഷകൾ നൽകിയും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടങ്ങളുടെ നമ്പറിംഗും കംപ്ലീഷൻ സർട്ടിഫിക്കറ്റും വൈകിപ്പിച്ച് കബീറിനെ മാനസികമായും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള സമ്മർദമാണ് കബീറിന്റെ മരണ കാരണമെന്ന് ഇരുവരും ആരോപിച്ചു. 
നിർമാണ പ്രവർത്തനങ്ങൾ ദീർഘിപ്പിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥയുടെ ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ച് കബീർ പണം നൽകിയിട്ടുണ്ടെന്നും സഹോദരങ്ങൾ വെളിപ്പെടുത്തി. മരണപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പും തലേ ദിവസവും പീഡന വിവരങ്ങൾ തങ്ങളോടും ഭാര്യ ഷിഫയോടും കബീർ പറഞ്ഞിരുന്നു. കബീറിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും കബീറിന്റെ കുടുംബത്തിന് ഉദ്യോഗസ്ഥയുടെ സ്വത്തിൽ നിന്നും ശമ്പളത്തിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.

 

Latest News