കോവിഡ് വാക്‌സിനേഷന്‍ അവസാനിച്ചാല്‍ സി.എ.എ; എതിര്‍ക്കാന്‍ മമത ഉണ്ടാവില്ല - അമിത് ഷാ

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മതുവ സമുദായമുള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പ രത്വം നല്‍കുന്ന പ്രക്രിയ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന  തെരഞ്ഞെടുപ്പിനു ശേഷം പൗരത്വ നിയമം നടപ്പാക്കുന്നത് എതിര്‍ക്കാന്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രി  കേസരയില്‍ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞു.


കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ അവസാനിച്ചാലുടന്‍ സി.എ.എക്കു കീഴില്‍ പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കും-.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്.  ഇത് നടപ്പാക്കുന്നത് ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വ നിലയെ ബാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി  പറഞ്ഞു.

പുതിയ പൗരത്വ നിയമം കൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍ 2018 ല്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും  2019 ല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അത് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2020 ല്‍ രാജ്യമെമ്പാടും കോവിഡ് 19 മഹാമാരി ബാധിച്ചതിനെ തുടര്‍ന്നാണ് അത് നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടി വന്നത്.
ഞങ്ങള്‍ വ്യാജ വാഗ്ദാനം നല്‍കിയെന്നാണ് മമത ദീദി ആരോപിച്ചിരുന്നത്.  അവര്‍ സിഎഎയെ എതിര്‍ക്കാന്‍ തുടങ്ങി. ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ബിജെപി എല്ലായ്‌പ്പോഴും നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ടിയാണ്. ഞങ്ങള്‍ ഈ നിയമം കൊണ്ടുവന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുക തന്നെ ചെയ്യും.

വിഭജനകാലത്തും ബംഗ്ലാദേശ് നിലവില്‍വന്നതിനുശേഷവും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മതുവ വിഭാഗം. അവരില്‍ പലര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗത്തിന് ഇനിയും ലഭിച്ചിട്ടില്ല.

 

 

Latest News