റിയാദ് - സൗദിയില്‍ പ്രതിദിന കൊറോണ കേസുകളും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.
രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 364 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 274 കൊറോണ ബാധിതര്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിടുകയും അഞ്ചു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 437 പേര്‍ അടക്കം 2,658 കൊറോണ രോഗികള്‍ ചികിത്സയിലാണ്.
റിയാദ്-176, കിഴക്കന്‍ പ്രവിശ്യ-85, മക്ക-43, അല്‍ബാഹ-12, അസീര്‍-11, അല്‍ഖസീം-9, മദീന-7, ഹായില്‍-5, ജിസാന്‍-4, ഉത്തര അതിര്‍ത്തി പ്രവിശ്യ-3, അല്‍ജൗഫ്-3, നജ്‌റാന്‍-3, തബൂക്ക്-3 എന്നിങ്ങിനെ സൗദിയിലെ പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ കേസുകളുടെ എണ്ണത്തിലുള്ള വര്‍ധന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇത് എല്ലാവരെയും ഉത്തരവാദിത്വത്തിനു മുന്നിലാക്കുന്നു. രോഗവ്യാപനത്തിന് ആരും കാരണക്കാരാകരുത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എത്രയും വേഗം പി.സി.ആര്‍ പരിശോധന നടത്തണം. കൊറോണ വ്യാപനം തടയുന്നതിന് അംഗീകരിച്ച ആരോഗ്യ പ്രോട്ടോകോളുകള്‍ക്കനുസരിച്ച് ശരിയായ രീതിയില്‍ മസ്ജിദുകളില്‍ നമസ്‌കാരങ്ങള്‍ നടക്കല്‍ അനിവാര്യമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.