ന്യൂദല്‍ഹി- കുട്ടികളുടെ പഠനത്തിലുണ്ടായ വിടവുകള്‍ കണ്ടെത്തി പരിഹരിക്കാനും കോവിഡ് 19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ പിന്തുടര്‍ന്ന് 9, 11 ക്ലാസുകളിലെ പരീക്ഷകള്‍ നടത്താനും സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ ഒന്നിന് മുതല്‍ ആരംഭിക്കണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുണ്ടായ പഠന വിടവുകള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സ്‌കൂളുകള്‍ നടപടിയെടുക്കണം. അതിനുശേഷം സുരക്ഷാ പ്രോട്ടോക്കോളുകളും പരീക്ഷാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്തണം- സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സിബിഎസ്ഇ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ക്ലാസുകളുടെ തുടക്കത്തില്‍തന്നെ സ്‌കൂളുകള്‍ക്ക് പരിഹരിക്കാവുന്ന പഠന വിടവുകള്‍ തിരിച്ചറിയുന്നതിന് ഈ പരീക്ഷ സഹായിക്കും. പഠന വിടവുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബ്രിഡ്ജ് കോഴ്‌സ് നടത്തുകയുംവേണം- അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളുകള്‍ അടച്ചത്. തുടര്‍ന്നുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിച്ചതിനാല്‍ 2020 ഒക്ടോബര്‍ മുതല്‍ ഏതാനും സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗികമായി വീണ്ടും തുറന്നു.
പരീക്ഷകളും ക്ലാസുകളും നടത്തുമ്പോള്‍ കോവിഡ് 19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 2021-2022 അക്കാദമിക് സെഷന്‍ ഏപ്രില്‍
ഒന്നു മുതല്‍ ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നും സന്യാം ഭരദ്വാജ് പറഞ്ഞു.
അടുത്ത സെഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പഠന വിടവുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം സ്‌കൂളുകളോട് അഭ്യര്‍ഥിച്ചു.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഷെഡ്യൂള്‍ ഈ മാസം ആദ്യം സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരുന്നു.