Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്ന് കരിങ്കൊടി കാണിച്ചവർ ഇന്ന് ജനസമ്പർക്കവുമായി രംഗത്ത്-ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- മുഖ്യമന്ത്രിയായിരുന്ന കാലത്ത് താൻ നടത്തിയ ജനസമ്പർക്ക പരിപാടികളെ എതിർത്തവർ ഇപ്പോൾ ഇതേ ചടങ്ങുമായി എത്തുന്നത് വിചിത്രമാണെന്ന് ഉമ്മൻ ചാണ്ടി. പിണറായി സർക്കാരിലെ  മന്ത്രിമാർ പൊതുജന പരാതികൾക്ക് പരിഹാരം കണ്ടെത്താൻ നടത്തിയ സാന്ത്വന സ്പർശം പരിപാടി കണ്ടപ്പോൾ  ജനസമ്പർക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങൾ ഓർമവരുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
  
വില്ലേജ് ഓഫീസർ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങൾക്ക് നല്കിയ ചെറിയ സഹായങ്ങളെ വൻധൂർത്തായി പ്രചരിപ്പിച്ചു.  സിപിഎമ്മുകാർ പലയിടത്തും  ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.  എല്ലായിടത്തും കരിങ്കൊടി ഉയർത്തി.  കനത്ത സുരക്ഷയിലാണ് അന്നു  ജനസമ്പർക്ക വേദികളിലെത്തിയത്.
ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചു. അദാലത്തിൽ പങ്കെടുത്ത മന്ത്രിമാർക്ക് കോവിഡ് ബാധിച്ചു.
എല്ലാ ജില്ലകളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തിൽ പങ്കെടുത്തില്ല.
ജനസമ്പർക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാർഡ് ലഭിച്ചപ്പോൾ സിപിഎമ്മിന്റെ അസഹിഷ്ണുത മൂർധന്യത്തിലെത്തി. ജനസമ്പർക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎൻ ആസ്ഥാനത്തേക്ക്  ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാർഡ് ദാനം ബഹ്‌റൈനിൽ വച്ചായിരുന്നതിനാൽ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.
2011, 2013, 2015 എന്നീ വർഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പർക്ക പരിപാടികളിൽ  11,45,449 പേരെയാണ് നേരിൽ കണ്ടത്.   242.87 കോടി രൂപ  വിതരണം ചെയ്തു.  ആദ്യം മുഖ്യമന്ത്രിയായപ്പോൾ 2004ൽ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 96,901 പരാതികൾ ലഭിക്കുകയും 42,151 എണ്ണത്തിൽ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മൊത്തം 11,87,600 പേരെയാണ് നേരിൽ കണ്ടത്. പാവപ്പെട്ടവർ, നിന്ദിതർ , പീഡിതർ, രോഗികൾ, നീതിനിഷേധിക്കപ്പെട്ടവർ, ആർക്കും വേണ്ടാത്തവർ, വോട്ടർ പട്ടികയിൽ പേരില്ലാത്തവർ. അങ്ങനെയുള്ളവരായിരുന്നു അവരേറെയും.
വ്യക്തിഗത പ്രശ്‌നങ്ങൾ പരിഹരിച്ചതോടൊപ്പം ജില്ല  നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാൻ തുടർ യോഗങ്ങളും നടത്തി. 45 പുതിയ സർക്കാർ ഉത്തരവുകളാണ് ജനസമ്പർക്ക പരിപാടിയിൽ നിന്നു ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവയെന്നം ഉമ്മൻ ചാണ്ടി പറഞ്ഞു.
 

Latest News