Sorry, you need to enable JavaScript to visit this website.

മോഡി വധശ്രമം: റോണയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തത് നിരീക്ഷണത്തിനും വ്യാജരേഖ കയറ്റിവിടുന്നതിനുമെന്ന് യുഎസ് വിദഗ്ധൻ

മുംബൈ- പ്രധാനമനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതി തന്റെ ലാപ്ടോപ്പിൽ എഴുതി സൂക്ഷിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി സാമൂഹ്യപ്രവർത്തകൻ റോണ ജേക്കബ് വിൽസന്റെ ലാപ്ടോപ് അദ്ദേഹത്തിന്റെ അറസ്റ്റിന് രണ്ടുവർഷം മുമ്പു തന്നെ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്ന് യുഎസ്സിലെ ഡിജിറ്റൽ ഫോറൻസിക്സ് സ്ഥാപനമായ ആർസനൽ കൺസൾട്ടിങ്ങിന്റെ പ്രസിഡണ്ട് മാർക്ക് സ്പെൻസർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സ്പെൻസർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റാണ് ഈ റിപ്പോർട്ട് ആദ്യമായി പുറത്തുവിട്ടത്. ഹാക്ക് ചെയ്തയാൾ ചില മാൽവെയറുകളുപയോഗിച്ച് റോണ ജേക്കബിന്റെ ലാപ്ടോപ്പിലേക്ക് ചില രേഖകൾ കയറ്റിവിടുകയായിരുന്നു. ഇവയെയാണ് പ്രധാനമന്ത്രിയെ കൊല ചെയ്യാൻ ഗൂഢാലോചന നടത്തുന്നയാളെന്ന റോണയ്ക്കെതിരായ കുറ്റാരോപണത്തിന് പൊലീസ് ആധാരമാക്കിയത്. നിശിതമായ നിരീക്ഷണത്തിനും വ്യാജ രേഖകൾ കടത്തിവിടുന്നതിനുമായിരുന്നു ഈ ഹാക്കിങ്ങെന്ന് സ്പെൻസർ പറയുന്നു. 

റോണയുടെ കമ്പ്യൂട്ടറിലേക്ക് പത്ത് കത്തുകൾ കടത്തിവിട്ടതിന് തെളിവുണ്ടെന്ന് ആർസനൽ കൺസൾട്ടിങ് പറയുന്നു. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ടാണ് വിൽസനും മറ്റ് നാലുപേരും പൊലീസ് പിടിയിലാകുന്നത്. 2018 ജൂൺ മാസത്തിലായിരുന്നു ഇത്. കോളനിഭരണകാലത്ത് മറാത്ത പേഷ്വാകൾക്കെതിരെ ബ്രിട്ടീഷ് പട്ടാളത്തിലെ ദളിതരുൾപ്പെട്ട ഒരു സൈനികസംഘം നേടിയ വിജയം ആഘോഷിക്കാൻ വർഷാവർഷം കൊറെഗാവ് ഭീമയിൽ മഹാരാഷ്ട്രയിലെ ദളിതർ എത്താറുണ്ട്. 2018ൽ ഇവർക്കുനേരെ ഉയർന്ന ജാതിക്കാരുടെ ഒരു വലിയ ആക്രമണം സംഘടിപ്പിക്കപ്പെട്ടു. എന്നാൽ കൊറെഗാവ് ഭീമയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സിപിഐ-മാവോയിസ്റ്റ് അടക്കമുള്ള സംഘടനകൾക്കാണെന്നും അവിടെ നടന്നത് മനപ്പൂർവ്വമായ അട്ടിമറി പ്രവർത്തനങ്ങളാണെന്നുമുള്ള തരത്തിലാണ് പിന്നീട് കേസുകൾ സൃഷ്ടിക്കപ്പെട്ടത്.

സിപിഐ-മാവോയിസ്റ്റിൽ നിന്നുള്ള കത്തുകൾ റോൺ ജേക്കബ് വിൽസന്റെ ലാപ്ടോപ്പിൽ കണ്ടെത്തിയെന്ന് പൊലീസ് ആരോപിക്കുകയായിരുന്നു. ഈ കത്തുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല ചെയ്യാനുള്ള പദ്ധതിരേഖകളടങ്ങിയിരുന്നെന്നും പൊലീസ് ആരോപിക്കുകയുണ്ടായി. റോണയ്ക്കെതിരായി ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഈ ലാപ്ടോപ്പ്.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലെ സ്പെൻസറിന്റെ വാക്കുകൾ ഇങ്ങനെ: "ഹാക്കർമാരുടെ ലക്ഷ്യം നിരീക്ഷണമായിരുന്നു എന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. വളരെ നിശിതമായ നിരീക്ഷണവും, കൈവശം വെക്കുന്നത് കുറ്റകരമായ രേഖകൾ ലാപ്ടോപ്പിലേക്ക് കടത്തിവിടുകയായിരുന്നു പരിപാടി. ഹാക്കിങ് നടത്തിയയാൾക്ക് അത് നടപ്പാക്കാൻ ധാരാളം സമയവും സന്നാഹങ്ങളും ലഭിച്ചിരുന്നു. ധാരാളം സമയം ലഭിച്ചിരുന്നു.  എത്രമാത്രം സമയമാണ് ഹാക്കർ റോണ വിൽസന്റെ ലാപ്ടോപ്പിൽ ചെലവഴിച്ചതെന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്."

നെറ്റ്‍വയർ എന്ന റിമോട്ട് ആക്സസ് ട്രോജൻ മാൽവെയറിലൂടെയാണ് 2016 ജൂൺ 13ന് റോണയുടെ ലാപ്ടോപ്പിലേക്ക് ഹാക്കർ കയറിയത്. ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടറിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണം പിൻവാതിലിലൂടെ ഏറ്റെടുക്കാൻ ശേഷിയുള്ള മാൽവെയർ പ്രോഗ്രാമാണിത്. പൊലീസ് കണ്ടെത്തിയ കുറ്റകരമായ രേഖകൾ ലാപ്ടോപ്പിലെ ഒരു ഹിഡൻ ഫോൾഡറിലാണ് ഉണ്ടായിരുന്നത്. ഈ ഫോൾഡർ കമ്പ്യൂട്ടറിലേക്ക് കടത്തിവിടപ്പെട്ടത് 2016 നവംബർ മാസം 3നായിരുന്നു. ഇതിലേക്ക് രേഖകൾ കടത്തിവിടപ്പെട്ടത് പൊലീസിന്റെ അറസ്റ്റിന് ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നുവെന്നാണ് ആർസനൽ കൺസൾട്ടിങ് പറയുന്നത്.

മസാച്ചുസെറ്റ്സിലെ ഈ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനത്തെ സമീപിച്ചത് റോണയുടെ അഭിഭാഷകരാണ്. ലാപ്ടോപ്പിന്റെ ഒരു ഇലക്ട്രോണിക് കോപ്പി ഇവർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അതെസമയം ആരാണ് ഹാക്കിങ് നടത്തിയതെന്ന് ആർസനലിന്റെ റിപ്പോർട്ടിലില്ല. വാഷിങ്ടൺ പോസ്റ്റ് ഈ റിപ്പോർട്ട് മറ്റ് മൂന്ന് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുകയുണ്ടായി. റിപ്പോട്ടിലെ നിഗമനങ്ങൾ ശരിയാണെന്നാണ് അവരുടെയും പക്ഷം.

രണ്ട് വർഷത്തിലധികം കാലമായി നിരവധി സാമൂഹ്യപ്രവർത്തകർ ഭീമ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽത്തന്നെ കഴിയുകയാണ്. റോണയുടെ അഭിഭാഷകർ ബോംബെ ഹൈക്കോടതിയിലെ തങ്ങളുടെ ഹരജിയിൽ ആർസനൽ റിപ്പോർട്ട് കൂടി ഉൾച്ചേർത്തിട്ടുണ്ട്. കേസ് തള്ളി തങ്ങളുടെ കക്ഷികളെ വെറുതെ വിടണമെന്ന അപേക്ഷയും അവർ മുമ്പോട്ടു വെച്ചിട്ടുണ്ട്.

 

Latest News