കൊച്ചി- ലഹരി ഉപയോഗം ചെറുക്കാന്‍ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിനു ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.ഡി.പി.എസ്. ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ലഹരിമരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണിത്.
ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലഹരി ഉപയോഗം ചെറുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നുമാസം കൂടുമ്പോള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാന്‍ ഹര്‍ജി മൂന്നുമാസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോടു നിര്‍ദേശിച്ചു.
ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു. ലഹരി ഉപയോഗം തടയാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി.