Sorry, you need to enable JavaScript to visit this website.

പ്രഥമ ഖുർആന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയ മുഹമ്മദ് അല്‍ശാരിഖിന് കിംഗ് ഫൈസല്‍ പുരസ്‌കാരം

മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽശാരിഖ്  

റിയാദ് - ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരം കുവൈത്തിലെ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ശാരിഖിന് ലഭിച്ചു. വിശുദ്ധ ഖുര്‍ആനിന് വേണ്ടി ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ശാരിഖ് കംപ്യൂട്ടര്‍ പ്രോഗ്രാം മേഖലയിലെ സഖര്‍ കമ്പനി സി.ഇ.ഒയാണ്. ഒമ്പത് ഹദീസ് ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്്തിട്ടുണ്ട്. ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ വിശ്വവിജ്ഞാന കോശവും തയാറാക്കി. സര്‍ട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമെഡലും ഏഴ് ലക്ഷത്തി അമ്പതിനായിരം റിയാലുമാണ് പുരസ്‌കാരം.
മൊറോക്കോയിലെ പ്രൊഫസര്‍ മുഹമ്മദ് മുശ്ബാല്‍ (അറബി സാഹിത്യം), ന്യൂറോളജിക്കല്‍ വിദഗ്ധരായ അമേരിക്കയിലെ പ്രൊഫസര്‍ സ്റ്റീഫന്‍ മാര്‍ക്ക് സ്ട്രിറ്റ്മാറ്റര്‍, യു.കെയിലെ പ്രൊഫസര്‍ റോബിന്‍ ജെയിംസ് മില്‍റോയ് ഫ്രാങ്ക്‌ലിന്‍ (വൈദ്യശാസ്ത്രം), യു.കെയിലെ പ്രൊഫസര്‍ സ്റ്റുവാര്‍ട്ട് സ്റ്റീഫന്‍ പാപ്‌വൊര്‍ത്ത് പാര്‍കിന്‍ (ഫിസിക്‌സ്) എന്നിവര്‍ക്കാണ് മറ്റ് ശാഖകളിലെ പുരസ്‌കാരങ്ങള്‍.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒയുമായ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് 43 ാമത് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഇസ്‌ലാമിക് സ്റ്റഡീസില്‍ ഈ വര്‍ഷം പുരസ്‌കാരമില്ല.


പ്രൊഫസര്‍ സ്റ്റുവാര്‍ട്ട് സ്പിന്‍ എന്‍ജിനീയറിംഗ് സ്റ്റോറേജ് ഉപകരണങ്ങളെ വികസിപ്പിച്ചത് വഴി മാഗ്നറ്റിക് ഡിസ്‌ക് ഡ്രൈവുകളുടെ സംഭരണ ശേഷിയില്‍ 1000 മടങ്ങ് വര്‍ധനവിന് കാരണമായി. വലിയ ഡാറ്റാ വിപ്ലവത്തിനാണ് ഇത് കളമൊരുക്കിയത്.
1979 ല്‍ അവാര്‍ഡ് പ്രഖ്യാപനം മുതല്‍ ഇതുവരെ 43 രാജ്യങ്ങളില്‍നിന്നായി 275 പേര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. 1979ല്‍ അബുല്‍ അഅ്‌ല മൗദൂദി, 1981 ല്‍ ഖാലിദ് രാജാവ്, 1984ല്‍ ഫഹദ് രാജാവ്, 1986ല്‍ അഹമ്മദ് ദീദാത്ത്, 2002 ല്‍ ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി, 2015ല്‍ സാക്കിര്‍ നായിക്ക്, 2017 ല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് എന്നിവരാണ് അവാര്‍ഡ് നേടിയ പ്രമുഖര്‍.

Tags

Latest News