Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തി ആക്രമണം; വിമാനത്തില്‍ തീ പടര്‍ന്നു

റിയാദ് - അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകളുടെ ആക്രമണം. എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളില്‍ ഒന്നിന് കേടുപാടുകള്‍ സംഭവിക്കുകയും വിമാനത്തില്‍ തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. വൈകാതെ ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനത്തിലെ തീയണച്ചു. ആക്രമണത്തില്‍ ആളപായമില്ല.


ഇറാന്‍ നിര്‍മിത ഡ്രോണ്‍ ആണ് അബഹ എയര്‍പോര്‍ട്ട് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സഖ്യസേന അറിയിച്ചു. 'അബാബീല്‍-ടി' ഇനത്തില്‍ പെട്ട ഡ്രോണ്‍ ആണിത്. പൈലറ്റില്ലാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സഖ്യസേന പുറത്തുവിട്ടു.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് സംഭവത്തില്‍ ഹൂത്തികളോട് കണക്കു ചോദിക്കുമെന്ന് സഖ്യസേന വ്യക്തമാക്കി.

https://www.malayalamnewsdaily.com/sites/default/files/2021/02/10/abha3.jpg
 ഹൂത്തികളുടെ ഭീഷണികളില്‍ നിന്ന് സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും സാധാരണ യാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതും യുദ്ധക്കുറ്റമാണെന്നും സഖ്യസേന പറഞ്ഞു. ആക്രമണ ശ്രമത്തെ തുടര്‍ന്ന് അബഹ എയര്‍പോര്‍ട്ട് അടച്ചിട്ടിരുന്നു. ഭീഷണി നീങ്ങിയതിനെ തുടര്‍ന്ന് വൈകാതെ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.


ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടിരുന്നു. ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച് ഹൂത്തികള്‍ തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

Latest News