ഈ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയ്ക്ക്  റെക്കോര്‍ഡ് നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ- കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാരണം ഈ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ലിമിറ്റഡിന് റെക്കോര്‍ഡ് നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനുശേഷം വിമാനക്കമ്പനി ഒരിക്കല്‍ പോലും അറ്റാദായം നേടിയിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷം 6,000 കോടി പണ നഷ്ടം വിമാനക്കമ്പനി രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3,600 കോടി ആയിരുന്നു.2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,500 കോടി രൂപ സമാഹരിച്ച എയര്‍ ഇന്ത്യ ഈ സാമ്പത്തിക അവസാനത്തോടെ മറ്റൊരു 500 കോടി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ ചെറുകിട സംരക്ഷണ ഫണ്ടില്‍ നിന്ന് എയര്‍ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചു.സര്‍ക്കാര്‍  പിന്തുണ വാഗ്ദാനം ചെയ്ത ബാങ്കുകളില്‍ നിന്ന് 964 കോടി വിലമതിക്കുന്ന പ്രവര്‍ത്തന മൂലധന വായ്പകള്‍ സമാഹരിക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എയര്‍ ഇന്ത്യ. ധനകാര്യ വര്‍ഷാവസാനത്തിനുമുമ്പ് എന്‍എസ്എസ്എഫില്‍ നിന്ന് 500 കോടി കൂടി സമാഹരിക്കാനും കമ്പനിക്ക് പദ്ധതി ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.

Latest News