Sorry, you need to enable JavaScript to visit this website.

ട്വിറ്ററിനെ വിരട്ടാനാകുമോ കേന്ദ്രത്തിന്റെ കൂവിന്

ന്യൂദൽഹി- കർഷക സമരത്തെ പിൻതുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്നതുമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തോട് അഭിപ്രായ സ്വാതന്ത്യം ഉയർത്തിപ്പിടിച്ച് വിമുഖത കാണിച്ച ട്വിറ്ററിനെ സ്വദേശി ആപ്പായ കൂ (koo) ആപ് കാണിച്ച് കേന്ദ്ര സർക്കാരിന്റെ വിരട്ടൽ. കേന്ദ്ര മന്ത്രിമാർ അടക്കം കൂ ആപ്പിൽ അക്കൗണ്ട് തുറക്കുകയും പുതിയ മൈക്രോ ബ്ലോഗിംഗ് സൈറ്റിലേക്ക് കൂടുതൽ പേരെ ക്ഷണിക്കുകയും ചെയ്തു. നിലവിൽ കേന്ദ്ര ഐ.ടി മന്ത്രാലയം, ഡിജിറ്റൽ ഇന്ത്യ, ഇന്ത്യ പോസ്റ്റ്, ഡി.ജി ലോക്കർ, നാഷണൽ ഇന്റർനെറ്റ് എക്‌സേഞ്ച് ഓഫ് ഇന്ത്യ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് എന്നിവക്ക് കൂ ആപ്പിൽ അംഗീകൃത അക്കൗണ്ടുകളുണ്ട്. 
റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലും കർഷക സമരത്തിന് വ്യാപക വിദേശ പിന്തുണ ലഭിച്ചതിനും പിന്നാലെ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിന് നിർദേശം നൽകിയിരുന്നു. ഖലിസ്ഥാൻ വാദത്തെ പിന്തുണക്കുന്നതും പാക്കിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്നതുമാണ് ഈ അക്കൗണ്ടുകളെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര നിർദേശത്തെ തുടർന്ന് ഒരു വിഭാഗം അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും ഇവ ഇന്ത്യക്കു പറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ മാധ്യമങ്ങൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല എന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നാണ് ഇതിൽ ട്വിറ്റർ നൽകിയ വിശദീകരണം. 
കേന്ദ്ര നിർദേശ പ്രകാരം സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ട്വിറ്റർ ഇട്ട ബ്ലോഗ് പോസ്റ്റിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആഗോള തലത്തിൽ തന്നെ ഭീഷണി നേരിടുന്നു എന്നു വ്യക്തമാക്കുന്നു. എന്നാൽ ട്വിറ്ററിന്റെ പ്രതികരണത്തെ അസ്വാഭാവികം എന്നു വിശേഷിപ്പിച്ച് കേന്ദ്രം മറുപടി പോസ്റ്റ് ചെയ്തത് ട്വിറ്ററിന് ബദൽ എന്ന തരത്തിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൂ ആപ്പിലായിരുന്നു. കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ചക്ക് ട്വിറ്റർ ആവശ്യപ്പെട്ടതിനോട് പ്രതികരണം ഉടൻ അറിയിക്കാം എന്നുമായിരുന്നു സർക്കാരിന്റെ മറുപടി. ട്വിറ്ററിന്റെ ആവശ്യപ്രകാരം ഐ.ടി സെക്രട്ടറി അവരുടെ മാനേജ്‌മെന്റുമായി കൂടിക്കാഴ്ചക്ക് തയാറെടുത്തിരുന്നു. എന്നാൽ, അതിന് മുമ്പ് ബ്ലോഗിലൂടെ പ്രതികരണം അറിയിച്ച നടപടി അസ്വാഭാവികമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണം ഉടൻ അറിയിക്കാം എന്നായിരുന്നു കൂ ആപ്പിൽ ഇട്ട പോസ്റ്റിന്റെ ഉള്ളടക്കം. 
ട്വിറ്ററുമായി ഇടഞ്ഞതോടെ കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ കൂ ആപ്പിൽ അക്കൗണ്ട് തുറക്കുകയും സ്വദേശി ആപ് ഉപയോഗിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. 
കർഷക സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം നിരവധി തവണ നിർദേശം നൽകിയതായി ട്വിറ്റർ വ്യക്തമാക്കിയിരുന്നു. രണ്ടു തവണ അടിയന്തരമായി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.ടി നിയമത്തിലെ 69 എ വകുപ്പ് ചൂണ്ടിക്കാട്ടി നിർദേശിച്ചു. ഇതനുസരിച്ച് ആദ്യം ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ട്വിറ്റർ വീണ്ടും പുനഃസ്ഥാപിച്ചതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചപ്പോൾ നിർദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ലഭിച്ചുവെന്നും ട്വിറ്റർ വ്യക്തമാക്കി. പ്രകോപനപരം എന്നു തോന്നിയ പോസ്റ്റുകളുടെ ഹാഷ് ടാഗുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത് തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ സർക്കാർ നിർദേശപ്രകാരം 500 അക്കൗണ്ടുകൾ സ്ഥിരമായി ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്റർ വ്യക്തമാക്കി. 
ആത്മനിർഭർ ഭാരത് ആപ് ഇന്നവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് പത്തു മാസം മുൻപ് കൂ ആപ് വികസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടു നടത്തിയ മത്സരത്തിൽ ബംഗളൂരു ആസ്ഥാനമായ ബോംബിനെറ്റ് ടെക്‌നോളജീസിന്റെ കൂ ആപ്പിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ട്വിറ്ററിന് സമാനമായ രീതിയിൽ തന്നെയാണ് കൂ ആപ്പിന്റെയും പ്രവർത്തനം. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വിവരങ്ങൾ പങ്കുവെക്കാം എന്നതാണ് ഈ സ്വദേശി ആപ്പിന്റെ പ്രത്യേകത. ട്വിറ്റർ ഉൾെപ്പടെയുള്ള ആപ്പുകൾ ഇംഗ്ലീഷിന് കൂടുൽ പ്രാധാന്യം നൽകുമ്പോൾ കൂ ആപ് ഇന്ത്യൻ ഭാഷകൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ആപ്പിന്റെ സി.ഇ.ഒ അപർമേയ രാധാകൃഷ്ണൻ പറഞ്ഞു. ഐ.എസ്.ഒയിലും ആൻഡ്രോയിഡിലും കൂ ആപപ്പ് പ്രവർത്തിക്കും. ഒരു കൂ പോസ്റ്റിന്റെ കാരക്ടർ ലിമിറ്റ് 400 ആണ്. ഇ മെയിൽ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
 

Latest News