ഇന്ന് ലോക മൽസ്യത്തൊഴിലാളി ദിനം
നവംബർ 21 ലോകമത്സ്യത്തൊഴിലാളി ദിനമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1980 മുതൽ ആചരിച്ചുവരികയാണ്. അഞ്ചു കോടി ആളുകൾ നേരിട്ട് മത്സ്യബന്ധനത്തിലേർപ്പെടുന്നുണ്ട്. അതിനെ ആശ്രയിച്ച 20 കോടി പേർ ജീവിക്കുന്നുണ്ടെന്നും വേൾഡ് ഫിഷറീസ് സെന്ററിന്റെ കണ്ടെത്തലിൽ പറയുന്നു.
ഇന്ത്യയിൽ 30 ലക്ഷം പേർ മത്സ്യബന്ധനത്തിൽ ഏർപ്പെടുമ്പോൾ 110 ലക്ഷം പേർ അനുബന്ധ മത്സ്യ തൊഴിലുകളിൽ ഏർപ്പെടുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിൽ 335 മത്സ്യ ഗ്രാമങ്ങളിലായി 11.32 ലക്ഷം മത്സ്യത്തൊഴിലാളികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ ഒരു പൗരന്റെ ആളോഹരി വരുമാനം ഒരു ലക്ഷത്തി അയ്യായിരം രൂപ ആണെന്നാണ് സോഷ്യൽ എക്കണോമിക് സർവ്വേ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ മത്സ്യത്തൊഴിലാളിയുടെ ആളോഹരി വരുമാനം 49 രൂപ മാത്രമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് മത്സ്യത്തൊഴിലാളിയുടെ ആളോഹരി വരുമാനം നേർപകുതിയിൽ താഴെ മാത്രമാണെന്നാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം കേരളം നേടിയ സാമൂഹ്യ സാമ്പത്തിക രംഗത്തെ വളർച്ചയും മുന്നേറ്റവും ഒപ്പം നിന്ന് നേടാൻ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്ത് ഉൽപാദിപ്പിക്കുന്നതിലും വിദേശ നാണ്യം നേടുന്നതിലും എന്നും മത്സ്യ മേഖലയുടെ പങ്ക് വളരെ വലുതാണ്. 2015 - 16 വർഷത്തെ സമുദ്രോൽപന്ന കയറ്റുമതി വരുമാനം 37,871 കോടി രൂപയാണ്. ഇതിൽ കേരളത്തിന്റെ വിഹിതം 6000 കോടിക്ക് മുകളിലാണ്. സമ്പന്നമാകുന്ന മത്സ്യമേഖലയിൽ ദരിദ്രവൽക്കരിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളെയാണ് നാം ദർശിക്കുന്നത്.
മത്സ്യമേഖലയിൽ ഉൽപാദന രംഗത്ത് 'നീല വിപ്ലവം' ലക്ഷ്യം വെയ്ക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ വൻ മൂലധന നിക്ഷേപത്തിലൂടെ ഫാക്ടറി ഷിപ്പുകൾ വിന്യസിച്ച് അത് പ്രാവർത്തികമാക്കാമെന്ന് കണക്കുകൂട്ടുന്നു. കേന്ദ്ര സർക്കാർ സ്വകാര്യ മൂലധന നിക്ഷേപത്തിന് പ്രോത്സാഹനം നൽകുന്ന നിർദ്ദേശങ്ങൾ പുതിയ ദേശീയ മത്സ്യബന്ധന നയത്തിൽ തിരുകിക്കയറ്റിയത് ഇന്ത്യയിലെ കോർപറേറ്റുകളെ പ്രീതിപ്പെടുത്തുവാനാണ്. പഴയ എൽഒപി (ലെറ്റർ ഓഫ് പെർമിറ്റ്) പകരം വെയ്ക്കുന്ന പി പി പി (പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ) ഇതിന് സാധൂകരണം നൽകുന്നുണ്ട്.
1997 ലെ മുരാരി കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്ത
21 ഇനം നിർദ്ദേശങ്ങൾ വാസ്തവത്തിൽ മത്സ്യത്തൊഴിലാളികളുടെ മാഗ്‌നാകാർട്ടയാണ്. പൂർണമായും വിദേശ കപ്പലുകളെ മീൻ പിടിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്നും തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് സാങ്കേതികമായും സാമ്പത്തികമായും സഹായം നൽകിക്കൊണ്ട് ആഴക്കടൽ മത്സ്യസമ്പത്ത് ചൂഷണം ചെയ്തു സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തണമെന്നും സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി ഈ കടമ നിർവഹിക്കാൻ കഴിയുമെന്നും മുരാരി കമ്മീഷനിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അതിൽ ഒരു ശുപാർശ പോലും പരിഗണിക്കാൻ കേന്ദ്ര ഭരണാധികാരികൾ തയാറാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.
എൽഒപി കപ്പലുകളുടെ ബിനാമികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ കോർപറേറ്റുകൾക്ക് വിദേശ കപ്പലുകൾ നേരിട്ട് ഇറക്കുമതി ചെയ്തു മത്സ്യബന്ധനം നടത്താൻ പുതിയ നയത്തിലൂടെ അവസരം ഒരുക്കുകയാണ്. ഇതാണ് മോഡിയുടെ 'ബ്ലൂ റവല്യൂഷൻ'.
ലോകത്തിലെ പ്രമുഖ തീരരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. മത്സ്യ ഉൽപാദന മേഖലയിൽ നമുക്കു ഗണ്യമായ സ്ഥാനമുണ്ടെങ്കിലും ഈ രംഗത്തെ അനന്ത സാധ്യതകളെ വികസന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് പ്രാപ്തിയുള്ളതും സ്വതന്ത്ര പദവിയുള്ളതുമായ ഒരു ഫിഷറീസ് മന്ത്രാലയം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ദുഃഖമായി അവശേഷിക്കുകയാണ.് ഇപ്പോഴും കൃഷി മന്ത്രാലയത്തിന്റെ കീഴിൽ കന്നുകാലി കോഴിവളർത്തൽ, ക്ഷീരവികസനം ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ഒരു സഹമന്ത്രിയാണ് മത്സ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഈ സ്ഥിതിവിശേഷം ഫിഷറീസ് മന്ത്രാലയത്തെ തീർത്തും ദുർബലമാക്കുകയും പ്രബലരായ വാണിജ്യ മന്ത്രാലയത്തിന്റെയും തുറമുഖ ഷിപ്പിങ് മന്ത്രാലയത്തിന്റെയും കോർപറേറ്റ് താൽപര്യങ്ങൾ പുറംവാതിലിലൂടെ ദേശീയ മത്സ്യനയത്തിൽ ഇടം പിടിക്കുകയും ചെയ്തതായി കരുതേണ്ടിയിരിക്കുന്നു.
തുറമുഖങ്ങളുടെ നിർമാണവും വികസനവും വൻതോതിലുള്ള തീരശോഷണത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുന്നതായി അയ്യപ്പൻ കമ്മിറ്റിയുടെ കരടുനയത്തിൽ സൂചിപ്പിക്കുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾക്ക് നാശം വരുത്തുന്നതായും മത്സ്യ ആവാസ വ്യവസ്ഥയെ തകർക്കുന്നതായും വിലയിരുത്തുന്നു. അതുകൊണ്ട് പോർട്ട് പദ്ധതികൾക്ക് രൂപം നൽകുമ്പോൾ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗങ്ങളെ ബാധിക്കുന്ന സ്ഥിതിയുണ്ടെങ്കിൽ 'പദ്ധതി ബാധ്യത ജനത'യായി അവരെ കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ പുതിയ ദേശീയ മത്സ്യ നയത്തിൽ ഈ നിലപാടിൽ മാറ്റം വരുത്തുകയും മുൻപറഞ്ഞ നിർദ്ദേശങ്ങൾ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. വൻകിട തുറമുഖ ലോബിയുടെ സമ്മർദ്ദ ഫലമായാണ് ഈ മാറ്റം വരുത്തിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. (വിഴിഞ്ഞം പോർട്ടുമായുണ്ടായ പ്രശ്‌നങ്ങൾ ഇതിനോട് ചേർത്ത് വായിക്കണം). ടെറിട്ടോറിയൽ കടലിന്റെ
ദൂരപരിധി 12 നോട്ടിക്കൽ മൈലിൽ നിന്ന് 30 നോട്ടിക്കൽ മൈലായി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഈ നയത്തിൽ തള്ളിക്കളഞ്ഞിരിക്കുകയാണ്.
അനിയന്ത്രിതമായ മത്സ്യബന്ധന രീതികളും പരിധികൾ ലംഘിച്ചുള്ള കപ്പലോട്ടവും മൂലം മത്സ്യത്തൊഴിലാളികൾ നിരന്തരം അപകടത്തിൽപെട്ടു മരിക്കുകയാണ്. കേരളത്തിൽ മാത്രം ഈ വർഷം 5 അപകടങ്ങൾ ഉണ്ടായതായി ഓർക്കേണ്ടതുണ്ട്. കേരളത്തിൽ മാത്രം ശരാശരി 55 മത്സ്യത്തൊഴിലാളികൾ അപകടത്തിപെട്ട് മരണപ്പെടുന്നുണ്ട്. കടൽ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ പൂർണമായും പരാജയപ്പെടുകയാണ്.
ലോകത്തിൽ 1000 തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള പ്രഖ്യാപനത്തിനായി ഇറാനിലെ റാംസാരിൽ വെച്ചു നടന്ന ആഗോള തണ്ണീർത്തട കൺവെൻഷനിൽ കേരളത്തിലെ വേമ്പനാട്ടുകായലും അഷ്ടമുടിക്കായലും ശാസ്താംകോട്ടക്കായലും (ശുദ്ധജല തടാകം) പരിരക്ഷിക്കപ്പെടേണ്ട തണ്ണീർത്തടങ്ങളായി പ്രഖ്യാപിച്ചു. എന്നാൽ ഏറ്റവും മത്സ്യസമൃദ്ധവും പരിസ്ഥിതി സംരക്ഷണത്തിന്റെ കാവലാളുമായി വർത്തിച്ചിരുന്ന വേമ്പനാട്ടുകായൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ നാം ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്.
സർക്കാർ ഏജൻസികളും സ്വകാര്യ വ്യക്തികളും വേമ്പനാട്ടുകായലിന്റെ വിസ്തൃതിയിൽ 40 ശതമാനം കവർന്നെടുത്തിരിക്കുന്നു. കൊടുങ്ങല്ലൂർ മുതൽ ആലപ്പുഴ വരെ നീണ്ടു പരന്നു കിടക്കുന്ന വേമ്പനാട്ടുകായൽ രാസമാലിന്യങ്ങളുടെയും അറവ് മാലിന്യങ്ങളുടെയും ടൂറിസ്റ്റ് മാലിന്യങ്ങളുടെയും വാഹിനിയായി മാറിയിരിക്കുന്നു. പമ്പ, മണിമലയാർ, മൂവാറ്റുപുഴയാർ, പെരിയാർ, അച്ചൻകോവിലാർ എന്നിവയുടെ സംഗമ കേന്ദ്രമാണ് വേമ്പനാട്ടുകായൽ. തൃശൂരിലെ കോൾനിലങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന കനോലി കനാൽ വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഏഷ്യയിലെ തന്നെ ഉൽപാദന ക്ഷമതയുടെ ജനിതക കലവറയാണ് വേമ്പനാട്ടുകായൽ. 150 ഓളം മത്സ്യ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. ഒരു ഹെക്ടർ കായൽ 23 ലക്ഷം രൂപയുടെയും ഒരു ഹെക്ടർ വനം 3 കോടി രൂപയുടെയും സാമൂഹ്യ സമ്പത്ത് ഉൽപാദിപ്പിക്കുന്നു എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ മതിപ്പ് കണക്ക്; വികസനത്തിന്റെ പേരിലുള്ള പാലങ്ങളുടെ പെരുപ്പവും, നികത്തലും വേമ്പനാട്ടുകായലിന്റെ സ്വാഭാവിക വേലിയേറ്റ – ഇറക്കത്തെ ബാധിക്കുകയും കായലിന്റെ ആഴം മൂന്നിൽ ഒന്നായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു, എക്കലും ചെളിയുമടിഞ്ഞു വേമ്പനാട്ടുകായലിൽ തുരുത്തുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. കായൽð നികത്തുന്നതിന്റെ ലക്ഷണമാണ് ഇത്. പതിനായിരങ്ങളുടെ തൊഴിൽ കേന്ദ്രവും ജീവസന്ധാരണ മാർഗവുമായ ഈ കായൽ മരിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഭയാനകമായിരിക്കും. പായലിന്റെ കടന്നുവരവ് കായലിന്റെ ആവാസ വ്യവസ്ഥയെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പായൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. വിവിധ കാരണങ്ങളാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിയപ്പെടുകയാണ്.
വനവിഭവങ്ങളിൽ ആദിവാസികൾക്ക് അവകാശം അനുവദിച്ചു നൽകുന്ന വനാവകാശ നിയമത്തിന്റെ മാതൃകയിൽ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾക്ക് നിയമ സാധുത നൽകുന്ന കടൽ - കായൽ അവകാശ നിയമത്തിന് രൂപം നൽകേണ്ടതുണ്ട്.
മത്സ്യസമ്പത്തിന്റെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനായുള്ള കേരള അക്വാറിയം റിഫോംസ് ആക്ട് നടപ്പിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ സാമ്പത്തികമായും സാമൂഹ്യമായും പാർശ്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിലനിൽപിനായുള്ള യോജിച്ച പോരാട്ടങ്ങൾക്ക് പ്രതിജ്ഞയെടുക്കുന്ന ദിനമായി നവംബർ 21 മാറണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
(മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)