ഈ രാഷ്ട്രീയ വിജയം സി.പി.ഐക്ക് വെല്ലുവിളി 


സി.പി.എമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാൻ കിട്ടുന്ന ഒരവസരവും  സമീപകാലത്തായി സി.പി.ഐ പാഴാക്കാറില്ല. പ്രത്യയശാസ്ത്ര ഔന്നത്യവും  രാഷ്ട്രീയ  വിശുദ്ധിയും തങ്ങൾക്കാണെന്ന് കാണിക്കാൻ എല്ലാ അവസരത്തിലും അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.  സി.പി.എം എവിടെയെങ്കിലും ചെറിയ രീതിയിലൊന്ന് തെന്നിയാൽ മതി  തള്ളി താഴെയിടാൻ നോക്കുന്ന അസാധാരണ രീതി.  ''സോദരർ തമ്മിലെ പോരൊരുപോരല്ല , സൗഹൃദത്തിന്റെ കെട്ടിമറിയലാണ് '' എന്നൊക്കെയുള്ള ആ പഴയ കമ്യൂണിസ്റ്റ് രാഷ്ട്രീയ നൊസ്റ്റാൾജിയയൊക്കെ ഇല്ലാതായിട്ട് കാലമെത്രയോ ആയി.   വി.എസ്. അച്യുതാനന്ദനെക്കുറിച്ച് അന്നൊരിക്കൽ ടി.കെ. ഹംസ പറഞ്ഞതോർമ്മയില്ലേ. പാർട്ടിക്ക് വന്ന് ഭവിക്കുന്ന ഓരോ വീഴ്ചയും കോലിട്ടിളക്കി വലുതാക്കുന്നയാൾ എന്ന്. ഏതാണ്ട് അതേ രീതിയാണ്  സി.പി.ഐക്കും കുറച്ചു നാളായി എന്ന സി.പി.എം വിമർശത്തെ ആർക്കും തള്ളിക്കളയാനാകില്ല.  പക്ഷേ ഇടക്കെപ്പോഴോ പിടി വിട്ടു പോകുന്നു എന്ന് കണ്ടപ്പോൾ സി.പി.ഐ അൽപമൊന്ന് പിന്നോട്ട് വലിഞ്ഞിരുന്നു.  അതിരു കടന്ന സി.പി.എം വിരുദ്ധ കളി നല്ലതിനല്ലെന്ന ബോധ്യത്തിൽ നിന്നുള്ള  തന്ത്രപരമായ മയപ്പെടൽ.  ഇതെല്ലാം ഒറ്റയടിക്ക് തകർന്ന് വീഴുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. തോമസ് ചാണ്ടി പ്രശ്‌നത്തിൽ എല്ലാം തകർന്ന നിലയിലായിരിക്കയാണിപ്പോൾ. കളി കാര്യമായിപ്പോയ അവസ്ഥ. കൂടാരത്തിന് തീയിട്ട് തോമസ്  ചാണ്ടി പോയി എന്ന് ഏതോ ചാനൽ അവതാരകൻ ഉദാഹരിച്ചത് എത്രയോ ശരി. 
പ്രശ്‌നം വേഗം തീർക്കണമെന്ന്  സി.പി.ഐ ദേശീയ സൈക്രട്ടറി  സുധാകർ റെഡി ആവശ്യപ്പെട്ടു കഴിഞ്ഞു.  കേരളത്തിൽ പറഞ്ഞു തീർക്കണമെന്ന നിലപാടാണ് സി.പി.എം നേതാവ് പ്രകാശ് കാരാട്ടും സ്വീകരിച്ചിട്ടുള്ളത്.  അഖിലേന്ത്യാ നേതാക്കൾ എന്തു പറഞ്ഞാലും സംയമനത്തിന്റെ ലക്ഷണമൊന്നും സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് കാണുന്നില്ല. കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ തണുപ്പിക്കാൻ നോക്കുന്നൊക്കെയുണ്ട്.  പക്ഷേ കാര്യങ്ങൾ കോടിയേരിയുടെ കൈയിലൊന്നും നിൽക്കുന്ന മട്ടില്ല. ഇനിയിത് വെച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാടിൽ തന്നെയാണ് പാർട്ടിയിലെ നല്ലൊരു വിഭാഗം. അതിന്റെ പ്രതിഫലനമാണ്  മന്ത്രി എം.എം. മണിയിൽ നിന്ന്  വന്ന അതിരൂക്ഷമായ സി.പി.ഐ വിമർശം. 
പ്രശ്‌ന പരിഹാര ചർച്ചകൾ നടക്കുന്നതിനിടെ  രൂക്ഷ വിമർശനമാണ് മന്ത്രി എംഎം മണി നടത്തിയിരിക്കുന്നതെന്നത് പ്രധാനമാണ്.   സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന  പരാമർശമാണ് മണിയാശാന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. എം.എം മണി പാർട്ടിക്ക് പുറത്തുള്ളവർക്ക് ഇഷ്ട പുത്രനല്ലെങ്കിലും സി.പി.എം പ്രവർത്തകരുടെ പ്രിയ മുഖമാണത്. അതുകൊണ്ട് തന്നെ മണി പറഞ്ഞതാണ് സാധാരണ സി.പി.എമ്മുകാരന്റെ മനസ്സും വാക്കും. തോമസ് ചാണ്ടിയായിരുന്നില്ല, സി.പി.ഐയായിരുന്നു വിട്ടുപോകേണ്ടത്  എന്ന സൈബർ സഖാക്കളുടെ  എഴുത്ത് ഒറ്റപ്പെട്ടതൊന്നുമല്ല.  വിഴുപ്പ് പ്രയോഗത്തിന് ഇവിടെ മറ്റൊരു രാഷ്ട്രീയ മാനവുമുണ്ട്. തോമസ് ചാണ്ടിയെന്ന വിഴുപ്പ് എന്ന പ്രയോഗം തർക്കത്തിന്റെ ഘട്ടത്തിൽ സി.പി.ഐയിൽ നിന്നു വന്നിരുന്നു. തോമസ് ചാണ്ടിയൊന്നുമല്ല വിഴുപ്പ് എന്ന് മണിയാശാൻ പറയാതെയങ്ങ് പറഞ്ഞിരിക്കുന്നു. 
'തോമസ് ചാണ്ടി പ്രശ്‌നത്തിൽ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധ മര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാൻ സി.പി.ഐ തയാറാകണം. മൂന്നാർ വിഷയങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തത.്'  ഈ വിധത്തിൽ മാർദ്ദവമില്ലാത്ത സി.പി.എം വിമർശം നടത്തിയ മണിയുടെ ഊർജം അണികൾ നൽകുന്ന ആവേശം തന്നെയായിരിക്കും.
തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നതെന്ന് മറ്റൊരു പ്രമുഖ നേതാവായ ആനത്തലവട്ടം ആനന്ദൻ പറഞ്ഞതിന്റെ ചൂടാറും മുമ്പാണ് മണിയുടെ കടന്നാക്രമണം ഉണ്ടായിട്ടുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയിൽ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവർ എങ്ങോട്ടു പോയാലും ജനങ്ങൾ ഇടതുമുന്നണിയുടെ കൂടെയാണ്. ആർക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുതരുത്. തറ പ്രസംഗങ്ങൾ നടത്തി സി.പി.എം ജനതാൽപര്യങ്ങൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകൾ നല്ലതല്ലെന്നതടക്കമുള്ള താക്കീതായിരുന്നു ആനത്തല വട്ടം ആനന്ദനിൽ നിന്നുണ്ടായത്.  ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രി മണിയുടെയും സി.പി.ഐക്കെതിരെയുള്ള പരാമർശം. സി.പി.ഐയെ ഭയന്നു കൊണ്ട് ഇനി ഒരിഞ്ചു മുന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് സി.പി.എം എന്ന സൂചന നൽകുന്നതാണ് ഈ നിലപാടുകളൊക്കെ. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്ന ആക്ഷേപം എൻ.സി.പിയും ഉന്നയിച്ചു കഴിഞ്ഞു. 
സി.പി.ഐ ശരിക്കും സി.പി.എമ്മിന് മുന്നിൽ വലിയൊരു രാഷ്ട്രീയ കീറാമുട്ടി തന്നെയായി സ്ഥിരപ്പെട്ടു കഴിഞ്ഞു.  സംഗതി അഖിലേന്ത്യയായതുകൊണ്ട് രണ്ടു പാർട്ടികൾക്കും ഇതെവിടെ കൊണ്ടുപോയി അവസാനിപ്പിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് ഒരുത്തരവുമില്ല. എത്രയോ തവണ അവർ അടുത്ത കാലത്ത് ഇതുപോലെയൊക്കെ പെരുമാറിയിരിക്കുന്നു. മൂന്നാർ, ലോ അക്കാഡമി സമരം, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പ്രശ്‌നം…… … ഏറ്റവുമൊടുവിലത്തേതാണ് തോമസ് ചാണ്ടി. 
ഇനിയിപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സി.പി.ഐയുടെ അടുത്ത നീക്കങ്ങളാണ്.  ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേക്കുള്ള സി.പി.ഐ മന്ത്രിമാരുടെ വരവ് വിജയികളുടെ ഭാവത്തിലായിരിക്കുമല്ലോ.  ആ വരവിനെ മുഖ്യമന്ത്രി പിണറായി വിജയനും കൂടെ നിൽക്കുന്നവരും എങ്ങനെ കാണും?   സാങ്കേതികമായാണെങ്കിലും വിജയിച്ചു നിൽക്കുന്ന സി.പി.ഐയെ അദ്ദേഹം എങ്ങനെ സമീപിക്കും? 
അങ്ങനെയൊന്നും തോറ്റു കൊടുക്കുന്നയാളല്ല, പിണറായി വിജയനെന്ന് അദ്ദേഹത്തെ അറിയുന്നവരോട് പറഞ്ഞു കൊടുക്കേണ്ടതില്ല.  അതുകൊണ്ട് തന്നെ സി.പി.ഐക്കാരുടെ  വിജയാഹ്ലാദ പുഞ്ചിരി എത്ര കാലം തുടരുമെന്ന് ഒരു നിശ്ചയവുമില്ല. സി.പി.എമ്മിനും, പ്രത്യേകിച്ച് പിണറായി വിജയനും മേൽ  നേടിയ  രാഷ്ട്രീയ വിജയം സി.പി.ഐക്ക് വെല്ലുവിളി തന്നെയാണ്. അത് നേരിടാൻ കാനം രാജേന്ദ്രന് കഴിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
 

Latest News