കോടികളുടെ നോട്ടുകെട്ടുകള്‍ ബാഗിലേക്ക് മാറ്റുന്ന വിഡിയോ; പാക് പ്രവിശ്യയില്‍ നിയമമന്ത്രി രാജിവെച്ചു

പെഷാവര്‍- പാക്കിസ്ഥാനില്‍ സെനറ്റ് അംഗങ്ങളെ വിലയ്ക്കു വാങ്ങിയ വിഡിയോ വൈറലായതിനെ തുടര്‍ന്ന് ഖൈബര്‍ പഖ്തൂണ്‍ക്വ (കെ.പി) നിയമമന്ത്രി സുല്‍ത്താന്‍ ഖാന്‍ രാജി സമര്‍പ്പിച്ചു.

2018 ലെ സെനറ്റ് തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന കുതിരക്കച്ചവടത്തിന്റെ വിഡിയോയില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യവും പ്രകടമായതിനെ തുടര്‍ന്ന് കെ.പി മുഖ്യമന്ത്രി മഹ്്മൂദ് ഖാന്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/02/10/resigns.jpeg

ജനപ്രതിനിധികള്‍ പണത്തിന്റെ കെട്ടുകള്‍ എണ്ണി ബാഗുകളില്‍ നിറക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചത്. മന്ത്രിസഭയില്‍നിന്ന് പിന്‍വാങ്ങി തന്റെ രാജി സമര്‍പ്പിക്കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണെന്ന് രാജി സമര്‍പ്പിച്ച ശേഷം സുല്‍ത്താന്‍ ഖാന്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും നീതി പുലരുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കയൊണ് 2018 ലെ സെനറ്റ് തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന കുതിരക്കച്ചവടം വ്യക്തമാക്കുന്ന വിഡിയോ പ്രത്യക്ഷപ്പെട്ടത്. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണിത്.

ഭരണകക്ഷിയായ പാക്കിസ്ഥാന്‍ തെഹ് രികെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ പ്രവിശ്യാ പ്രതിനിധികള്‍ പണത്തിന്റെ ബണ്ടിലുകള്‍  ബാഗിലേക്ക് മാറ്റുന്നതാണ് വിഡിയോ. കോടിക്കണക്കിനു രൂപ വാങ്ങി പി.ടി.ഐയുടെ 20 ജനപ്രതിനിധികള്‍ കൂറുമാറിയതാണ് വിഡിയോയിലുടെ വെളിച്ചത്തുവന്നത്. സുല്‍ത്താന്‍ മുഹമ്മദിനു പുറമെ, ദീന നാസാണ് വിഡിയോയിലുള്ളതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ മുഹമ്മദും മറ്റുള്ളവരും പിന്നീട് ഖൗമി വതന്‍ പാര്‍ട്ടിയുടെ ഭാഗമാകുകയായിരുന്നു.

2018 ലെ സെനറ്റ് തെരഞ്ഞെടുപ്പ് വേളയില്‍ പണം വാങ്ങിയതിന് പാര്‍ട്ടി ജനപ്രതിനിധികളെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പുറത്താക്കിയിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ആസന്നമായ തെരഞ്ഞെടുപ്പ് തുറന്ന ബാലറ്റിലൂടെ നടത്തണമെന്ന് ഇംറാന്‍ ഖാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News