സൗദി മുന്‍ പ്രവാസി വി.കെ. അബ്ദു നിര്യാതനായി

മലപ്പുറം- സൗദി മുന്‍ പ്രവാസിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.കെ. അബ്ദു (75)  നിര്യാതനായി. പരേതനായ ഇരുമ്പുഴി വാളക്കുണ്ടില്‍ വാപ്പു ഹാജിയുടെ മകനാണ്. ദീർഘകാലം ജിദ്ദയിലായിരുന്നു. ഇന്‍ഫർമേഷന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം മാധ്യമം ദിനപത്രത്തിലെ ഇന്‍ഫോ മാധ്യമം എഡിറ്റായിരുന്നു.
ഹൃദ്രോഗ ബാധിതനായി കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി വഴി രണ്ടു മൂന്ന് ബ്ലോക്കുകള്‍ നീക്കം ചെയ്ത് വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയെന്നും പ്രയാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
സാങ്കേതികരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വി.കെ. അബ്ദു കോഴിക്കോട് ആസ്ഥാനമായുള്ള ഡിഫോർമീഡിയയുടെ ഡയറക്ടറായും പ്രവർത്തിച്ചു. തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കുന്നതിന് നേതൃത്വം നല്‍കി.

ഭാര്യ-ഖദീജ വരിക്കോടന്‍. മക്കള്‍- അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ്, വി.കെ. ഷമീം. മരുമക്കള്‍-നസീബ,തസ്നിയമോള്‍, ഖദീജ സുഹാന, സജ്ന.സഹോദരങ്ങള്‍:വി.കെ. കുഞ്ഞിപ്പ,  വി.കെ. അലി , കുഞ്ഞിമുഹമ്മദ്, സമദ്, ആയിശ, ഖദീജ.  മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് ഇരുമ്പുഴി ജുമാമസ്ജിദില്‍. 

 

Latest News