Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ ഭാഷ -രമേശ് ചെന്നിത്തല

ഐക്യ കേരള യാത്ര ചാവക്കാട് എത്തിയപ്പോൾ സമ്മേളന ഉദ്ഘാടകൻ പി.കെ. കുഞ്ഞാലിക്കുട്ടി ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയുടെ കൈകളിൽ സാനിറ്റൈസർ പുരട്ടുന്നു.

ചാവക്കാട് - കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും ഒരേ സ്വരമെന്ന് രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗ് കോൺഗ്രസിനുമേൽ അമിതാധികാരം പ്രയോഗിക്കുന്നെന്ന് വരുത്തിതീർത്ത് മറ്റ് മതവിഭാഗങ്ങൾക്ക് കോൺഗ്രസിനോട് അസംതൃപ്തി ഉണ്ടാക്കുക എന്ന തന്ത്രം തന്നെയാണ് സി.പി.എമ്മും ബി.ജെ.പി.യും സ്വീകരിക്കുന്നത്. ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട്ട് നൽകിയ സീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. 


ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ പറയുന്നത് തന്നെയാണ് വൈകീട്ട് സി.പി.എം നേതാവ് എ. വിജയരാഘവനും പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചുചേർന്നാണ് യു.ഡി.എഫിനെ തോൽപിക്കാൻ ശ്രമിക്കുന്നത്. സി.പി.എമ്മിനും ബി.ജെ.പി.ക്കും ഇടയിലുള്ള അന്തർധാര വ്യക്തമാണ്. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമോ നവോത്ഥാനക്കാർക്കൊപ്പമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നവോത്ഥാനനായകന്റെ കപടവേഷം പിണറായി വിജയൻ അഴിച്ചുവെക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലക്കായി നിയമനിർമാണം നടത്തുകയും  എൽ.ഡി.എഫ്. നടത്തിയ അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ നിയമസഭയിൽ ഉണ്ടവുമെന്ന് സി.പി.എം കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.


കേരളത്തിലെ ഉദ്യോഗാർഥികളെ കബളിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ലക്ഷകണക്കിനു ഉദ്യോഗാർഥികൾ ജോലിക്കായി കാത്തു നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനം പൊടി പൊടിക്കുന്നത്. നേതാക്കളുടെ ഭാര്യമാരും മക്കളും മറ്റു ബന്ധുക്കളും സർക്കാർ സർവീസിൽ കയറുകയാണ്. സർക്കാർ ജോലി ലഭിക്കേണ്ടവർ പുറത്തും ഉദ്യോഗാർഥികൾ ആത്മഹത്യയുടെ വക്കിലാണ്. അധികാരത്തിൽ വന്നാൽ ലക്ഷകണക്കിനു പേർക്ക് തൊഴിലും ജോലിയും നൽകുമെന്നായിരുന്നു പിണറായി സർക്കാരിന്റെ വാഗ്ദാനം. നിയമപരമായി ജോലി നൽകിയ പത്തുപേരുടെ വിവരങ്ങൾ വെളിപെടുത്താൻ കുഞ്ഞാലിക്കുട്ടി വെല്ലു വിളിച്ചു. യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് കേരളത്തിലെ വികസന മുന്നേറ്റം നടന്നത്. ടെക്ക്‌നോ പാർക്കും മെട്രോയും ഐ.ടിയും നെടുമ്പാശ്ശേരി വിമാനത്താവളമടക്കം വിഴിഞ്ഞം തുറമുഖവുമെല്ലാം യു.ഡി.എഫ് ഭരണത്തിന്റെ നേട്ടമാണ്. നെടുമ്പാശ്ശേരി വിമാനത്താവളം കെ. കരുണാകരന്റെ സംഭാവനയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അഴിമതിയും കള്ളക്കടത്തും നിറഞ്ഞ ഒരു സർക്കാറാണ് നാട് ഭരിക്കുന്നത്.

ഭരണത്തിൽ പൊറുതി മുട്ടിയ ജനത ഭരണമാറ്റത്തിനായി ഒരുങ്ങികഴിഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ തിരിച്ചു വരുമെന്ന് ഉറപ്പായതോടെ പല അടവുകളും പഴറ്റുകയാണ് ഇതിനെതിരെ കേരള ജനസമൂഹം വിധി എഴുതുമെന്നും അദ്‌ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ സി.എച്ച.് റഷീദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഡോ. എം.കെ. മുനീർ എം.എം. ഹസൻ ടി.എൻ. പ്രതാപൻ എം.പി, കെ.എസ്. ഹംസ അബ്ദുൽ റഹ്മാൻ രത്താണി, എൻ .പി. വിൻസന്റ്, സി.എ. മുഹമ്മദ് റഷീദ്, യു.ഡി.എഫ് ചെയർമാൻ ആർ .വി. അബുൽ റഹീം, ജനറൽ കൺവീനർ കെ. നവാസ്, ഉസ്മാൻ കല്ലേട്ടയിൽ, പി.എം. അമ്മീർ, പി.കെ. അബൂബക്കർ ഹാജി, ഒ. അബ്ദുൽ റഹിമാൻ കുട്ടി, ഗോപപ്രതാപൻ, പി.ആർ.എം. നമ്പീശൻ വി. ഗോപകുമാർ, ആർ.പി. ബഷീർ, അഡ്വ. വി.എം. മുഹമ്മദ് ഗസാലി, സി.എ. ജാഫർ സാദിഖ്, പി.എ. ഷാഹുൽ ഹമീദ്, ജോസ് വള്ളൂർ, തുടങ്ങിയവർ സംബന്ധിച്ചു. 

 

Latest News