Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡിനെതിരെ സൗദി നിര്‍മിത വാക്‌സിന്‍: ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം

റിയാദ് - സൗദി നിര്‍മിത കൊറോണ വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് ലാബ് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. വാക്‌സിനിന്റെ ലാബ് പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ക്ലിനിക്കില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
കൊറോണ വൈറസിനെതിരായ ആദ്യത്തെ സൗദി വാക്‌സിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളുമായും സൗദി സര്‍വകലാശാലകളുടെ സംഭാവനയെയും സംയോജനത്തെയും ക്ലിനിക്കല്‍ പരീക്ഷണം പ്രതിഫലിപ്പിക്കുന്നു. രാജ്യത്ത് വിദ്യാഭ്യാസ മേഖലക്കും ശാസ്ത്രീയ ഗവേഷണത്തിനും ഭരണാധികാരികളില്‍ നിന്ന് ലഭിക്കുന്ന ഉദാരമായ പിന്തുണയും ഇത് സ്ഥിരീകരിക്കുന്നു. ആഗോള തലത്തില്‍ വന്‍തോതില്‍ വാക്‌സിനുകള്‍ നിര്‍മിക്കുന്ന, ബ്രിട്ടനിലും സ്വീഡനിലും പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനിയുമായി ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ആസ്ട്രസെനിക്ക കമ്പനി അടക്കമുള്ള മുന്‍നിര വാക്‌സിന്‍, മരുന്ന് നിര്‍മാണ കമ്പനികളുമായി സഹകരിച്ച് ഈ കമ്പനി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് ഉചിതമായ അളവ് വാക്‌സിന്‍ തയാറാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. അപകടസാധ്യത വിലയിരുത്തല്‍, ഗുണനിലവാരം, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും ഉല്‍പാദന രീതികള്‍ക്കും അന്താരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റികളുടെ വ്യവസ്ഥകള്‍ക്കും അനുസൃതമായി ആദ്യ ബാച്ച് വാക്‌സിന്‍ ഉല്‍പാദനം എന്നിവ കരാറില്‍ ഉള്‍പ്പെടുന്നു.  
ക്ലിനിക്കല്‍ ഘട്ടത്തിലെ പ്രോട്ടോകോള്‍ തയാറാക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള പ്രക്രിയയില്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘവുമായി പങ്കാളിത്തം വഹിക്കുന്നതിനും മറ്റൊരു സ്‌പെഷ്യലിസ്റ്റ് സെന്ററുമായും യൂനിവേഴ്‌സിറ്റി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനും ക്ലിനിക്കല്‍ പഠനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ ലഭ്യമാക്കാനും സന്നദ്ധപ്രവര്‍ത്തകരില്‍ വാക്‌സിന്‍ മൂലം രൂപപ്പെടുന്ന പ്രതിരോധ ശേഷി വിലയിരുത്തുകയും ചെയ്യും.
ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റികളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ നേടാന്‍ സഹായിക്കുന്ന സെന്റര്‍ പദ്ധതിയുടെ ഇടക്കാല, അന്തിമ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതില്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘവുമായി പങ്കാളിത്തം വഹിക്കുകയും ചെയ്യും.
പദ്ധതിയുടെ ബൗദ്ധിക സ്വത്തവകാശം രേഖപ്പെടുത്താനും രജിസ്റ്റര്‍ ചെയ്യാനും മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഓഫീസുമായി യൂനിവേഴ്‌സിറ്റി നേരത്തെ സഹകരിച്ചിരുന്നു. സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിംഗിലെ ഡോ. ഈമാന്‍ അല്‍മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം പി.ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പ്രയാണം പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

 

Latest News