Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ കനത്ത മഴ, ഉച്ചക്ക് ശേഷം കാറ്റിന് വേഗം കൂടുമെന്ന് മുന്നറിയിപ്പ്

ജിദ്ദ - ജിദ്ദ-  കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയടക്കമുള്ള മക്ക പ്രവിശ്യയിൽ ഇടിയോടു കൂടിയ കനത്ത മഴ തുടങ്ങി. ജിദ്ദയുടെ ചില ഭാഗങ്ങൾ വെള്ളത്തിലാണ്. ബവാദി, റഹേലി എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. ഉച്ചക്ക് ശേഷം കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മഴയെ തുടർന്ന് സ്‌കളുകൾക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, നിരവധി ഓഫീസുകളും ഇന്ന് അവധി പ്രഖ്യാപിച്ചു. പുലർച്ചെയാണ് മഴ തുടങ്ങിയത്. ആദ്യം ഇടിയായിയിരുന്നു. തുടർന്ന് മഴയും ശക്തിയാർജ്ജിച്ചു. രണ്ടു ദിവസത്തോളം കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. 
ജിദ്ദയിലെ മിക്കവാറും സ്ഥലങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്യുന്നുണ്ട്. തീരദേശ മേഖലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. മഴ വൈകീട്ട് വരെ പെയ്യുമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പഴക്കം ചെന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കാൽ നട യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. 


ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്ക, താഇഫ് പ്രവിശ്യകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ യൂണിവേഴ്‌സിറ്റി, താഇഫ് യൂണിവേഴ്‌സിറ്റി, കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി, ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റി എന്നിവക്കും അവധി നൽകിയിട്ടുണ്ട്.

വടക്കൻ പ്രവിശ്യ, അൽജൗഫ്, ഹായിൽ, തബൂക്ക്, മദീന, മക്ക, ഖസീം, റിയാദ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ വ്യാഴാഴ്ച വരെ കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുമെന്നും അംലജ്, യാമ്പു, റാബിഗ്, ജിദ്ദ, ലൈത് എന്നിവിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മലഞ്ചെരിവുകളിലേക്കും വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്കും സ്വദേശികളും വിദേശികളും പോകരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. 


മക്ക പ്രവിശ്യയിൽ മഴക്ക് മുന്നോടിയായി അഴുക്ക് ചാലുകളും മറ്റും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് മുതൽ ബുധനാഴ്ച രാവിലെ വരെയാണ് മക്ക പ്രവിശ്യയിൽ മഴക്ക് സാധ്യതയുള്ളത്.പ്രവിശ്യയുടെ തീരപ്രദേശങ്ങളായ റാബിഗ്, ജിദ്ദ, ലൈത് എന്നിവിടങ്ങളിലാണ് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളത്.
കാലാവസ്ഥ വ്യതിയാനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജിദ്ദ ആരോഗ്യ വകുപ്പും മദീന ആരോഗ്യ വകുപ്പും ജാഗ്രത മുന്നറിയിപ്പ് നൽകി. എല്ലാ ആശുപത്രികളും ഏത് അടിയന്തരഘട്ടവും നേരിടാൻ സൗകര്യങ്ങളൊരുക്കി. ആശുപത്രികൾക്ക് സമീപമുള്ള ഡ്രൈനേജുകളും മറ്റും വൃത്തിയാക്കി. മദീനയുടെ വിവിധ ഭാഗങ്ങളിൽ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. 


വെള്ളപ്പൊക്കം തടയുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ജിദ്ദ ബലദിയ ബ്രാഞ്ച് പരിധിയിൽ രണ്ടായിരത്തോളം തൊഴിലാളികളെ നിയോഗിച്ചു. അഞ്ഞൂറിലേറെ ഉപകരണങ്ങളും സജ്ജമാക്കി. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജംഗ്ഷനുകളിലും പ്രത്യേക കരുതൽ നടപടികൾ സ്വീകരിച്ചു. കെട്ടിനിൽക്കുന്ന വെള്ളം അതാത് സമയങ്ങളിൽ മാറ്റുന്നതിന് ടാങ്കർ ലോറികൾ ഏർപ്പെടുത്തി.
2009ൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ജിദ്ദ വെള്ളപ്പൊക്കത്തിന്റെ ആവർത്തനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ നിസാരമായി കാണരുതെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. വെള്ളം കെട്ടിനിൽക്കുന്ന റോഡുകൾ വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്‌.

ചിത്രങ്ങള്‍:  അമാനുല്ല ചേന്ദമംഗലൂര്‍.

 

Latest News