Sorry, you need to enable JavaScript to visit this website.

പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണനെ ഉറപ്പിച്ച് സി.പി.എം, തീരുമാനമാകാതെ യു.ഡി.എഫ്


കോഴിക്കോട് - അഞ്ചാണ്ട് കൂടുമ്പോൾ മധ്യ തിരുവിതാംകൂറിൽ നിന്ന് ഒരാൾ കോഴിക്കോട്ടേക്ക് വണ്ടി കയറും; പേരാമ്പ്രയിൽ യു.ഡി.എഫിന് വേണ്ടി ജനവിധി തേടാൻ. കേരള കോൺഗ്രസിന്റെ പ്രതിനിധികൾ ഇങ്ങനെ പറന്നെത്താൻ തുടങ്ങിയത് 1977ൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടിയ ഡോ.കെ.സി. ജോസഫ് സി.പി.എമ്മിലെ കരുത്തനായ വി.വി. ദക്ഷിണാ മൂർത്തിയെ തോൽപിച്ച് നിയസഭയിലെത്തിയത്. പിന്നീട് കെ.സി. 1982 മുതൽ അഞ്ചു തവണ കുട്ടനാടിന്റെ എം.എൽ.എ.യുമായി. 
ജോസഫിന് ശേഷം 2016 വരെ എല്ലാ തെരഞ്ഞെടുപ്പിലും പേരാമ്പ്രയിൽ യു.ഡി.എഫ്.സ്ഥാനാർഥി കേരള കോൺഗ്രസുകാരായിരുന്നു. 1980ൽ വി.വി. ദക്ഷിണാമൂർത്തിയെയും 1982ലും 1987ലും എ.കെ.പദ്മനാഭനെയും 1991ൽ എൻ.കെ.രാധയെയും എതിരിട്ടത് കെ.എ. ദേവസ്യയാണ്. 1996ൽ റോഷി അഗസ്റ്റിനെത്തി.2001ൽ ടി.പി.രാമകൃഷ്ണനെ എതിരിടാൻ പി.ടി.ജോസും 2006ൽ കെ.കുഞ്ഞഹമ്മദ് മാഷ്‌ക്ക് എതിരാളിയായി ജെയിംസ് തെക്കനാടും എത്തി. 2011ലും 2016ലും മുഹമ്മദ് ഇഖ്ബാൽ എത്തിയതും തെക്കുനിന്ന്.


2011ൽ പേരാമ്പ്രയിലെത്തിയ കൊച്ചിക്കാരൻ അഡ്വ.വി.മുഹമ്മദ് ഇഖ്ബാൽ പത്തു വർഷമായി പേരാമ്പ്രയുമായി അടുത്ത ബന്ധം പുലർത്തുന്നു. പേരാമ്പ്രയിലെ എല്ലാ പൊതു പരിപാടികളിലും പങ്കെടുക്കുന്ന ഇഖ്ബാൽ ഇവിടെ തന്നെ താമസിക്കുന്നു. 2011ൽ 15269 വോട്ടിന് കുഞ്ഞഹമ്മദിനോട് പരാജയപ്പെട്ട ഇഖ്ബാൽ 2016ൽ ടി.പി.രാമകൃഷ്ണനെ ഞെട്ടിച്ചു. സംസ്ഥാനത്തൊട്ടുക്കും ജില്ലയിൽ വിശേഷിച്ചും ഇടതുപക്ഷം വലിയ നേട്ടം ഉണ്ടാക്കിയ 2016ൽ ജില്ലയിലെ സി.പി.എം. ജില്ലാ സെക്രട്ടറിയും പേരാമ്പ്രയിലെ മുൻഎം.എൽ.എ.യുമായ ടി.പി. രാമകൃഷ്ണൻ ജയിച്ചത് 4101 വോട്ടിന്. കുഞ്ഞഹമ്മദ് മാഷ്‌ക്ക് 2011ൽ51.91 ശതമാനം വോട്ട് കിട്ടിയേടത്ത് ടി.പി.ക്ക് ലഭിച്ചത് 47.14 ശതമാനം. 40.62ൽ നിന്ന് 44.46ലേക്ക് തന്റെ വോട്ട് വർധിപ്പിക്കാൻ ഇഖ്ബാലിന് കഴിഞ്ഞു. ഇനിയുമൊരങ്കത്തിനായി ഇഖ്ബാൽ പേരാമ്പ്രയിൽ കഴിയുമ്പോഴാണ് കേരള കോ ൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് മാറുന്നത്. ഇടതുമുന്നണിയിലെത്തിയ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പേരാമ്പ്ര സീറ്റ് ലഭിക്കാൻ സാധ്യത വളരെ കുറവാണ്. കാരണം ടി.പി.രാമകൃഷ്ണൻ ഇടവേളക്ക് ശേഷം ആദ്യമായാണ് പേരാമ്പ്രയിൽ സ്ഥാനാർഥിയാവുന്നത്. ജോസ് കെ. മാണി വിഭാഗത്തിന് കോഴിക്കോട് ജില്ലയിൽ സീറ്റ് നൽകുന്നെങ്കിൽ അത് തിരുവാമ്പാടിയോ കുറ്റിയാടിയോ ആകാനാണ് സാധ്യത. യു.ഡി.എഫിൽ ശേഷിക്കുന്ന ജോസഫ് വിഭാഗത്തിന് പേരാമ്പ്ര നൽകിയാൽ മറ്റൊരാൾ മധ്യ തിരുവിതാംകൂറിൽ നിന്ന് കോഴിക്കോട്ട് വണ്ടിയിറങ്ങും. 


ഇടത്തോട്ട് ചേർന്നുനിന്ന പേരാമ്പ്ര മണ്ഡലത്തിന്റെ ആദ്യ പ്രതിനിധി കമ്യൂണിസ്റ്റ് പാർട്ടിയിലെ മഠത്തിൽ കുമാരനാണ്. 1960ൽ പി.എസ്.പിയിലെ പി.കെ.നാരായണൻ നമ്പ്യാരും ജയിച്ചു. 1967ൽ ജയിച്ച സി.പി.എമ്മിലെ വി.വി. ദക്ഷിണാമൂർത്തി 1970ൽ കോൺഗ്രസിലെ കെ.ജി.അടിയോടിയോട് തോറ്റു. 1970ൽ സി.പി.ഐ.യുടെ പിന്തുണ അടിയോടിക്കായിരുന്നു. 1977ൽ കെ.സി.ജോസഫിനോടും തോറ്റ ദക്ഷിണാമൂർത്തി 1980ൽ ജയിച്ചു. 


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13,204 വോട്ടിന് യു.ഡി.എഫാണ് പേരാമ്പ്രയിൽ മുന്നിലെത്തിയത്. 2020ലെ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ ഈ മ ണ്ഡ
ലത്തിലെ പത്തു പഞ്ചായത്തിലും ഇടതുപക്ഷം ജയിച്ചു. അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര,തുറയൂർ എന്നീ പഞ്ചായത്തുകളാണ് മ ണ്ഡലത്തിലുള്ളത്. ഇതിൽ ചങ്ങരോത്തും തുറയൂരും 2015ൽ നേടിയത് യു.ഡി.എഫായിരുന്നു. ഇതും ഇത്തവണ ഇടതിനായി. 
കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിൽ ഒരു മ ണ്ഡലം കൂടി മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര കിട്ടിയാൽ തരക്കേടില്ലെന്നും ലീഗിനുണ്ട്. കേരള കോൺഗ്രസിനെ ഒഴിവാക്കി പേരാമ്പ്ര ഏറ്റെടുക്കാൻ എന്നോ ആഗ്രഹമുള്ളവരാണ് ഇവിടത്തെ കോൺഗ്രസുകാർ. കേരളകോൺഗ്രസിന് വേണ്ടി ജോസഫ് ഗ്രൂപ്പുകാരും ആവശ്യപ്പെടുന്നുണ്ട്. ഇടതുപക്ഷ മുന്നണിക്ക് ടി.പി.രാമകൃഷ്ണൻ തന്നെ സ്ഥാനാർഥിയാവുമെന്ന് ഉറപ്പാണ്. അദ്ദേഹം രണ്ട് തവണ പേരാമ്പ്രയെ പ്രതിനിധീകരിച്ചു കഴിഞ്ഞെങ്കിലും.

2016 ലെ വോട്ട് നില

സ്ഥാനാർഥി    പാർട്ടി    വോട്ട്     ശതമാനം

ടി.പി. രാമകൃഷ്ണൻ    സി.പി.എം.    72359    47.14        വി.മുഹമ്മദ് ഇഖ്ബാൽ    കേരള കോൺ (എം)    68258    44.46        സുകുമാരൻ നായർ    ബി.ഡി.ജെ.എസ്.    8561    5058        റസാഖ് പലേരി    വെൽഫെയർ പാർട്ടി    1673    1.09

Latest News