റിയാദ് - യുദ്ധമുന്നണിയിൽ നിന്ന് പിടികൂടിയ ബാലനെ സഖ്യസേന ബന്ധുക്കൾക്ക് കൈമാറി. ഹൂത്തി മിലീഷ്യകൾ റിക്രൂട്ട് ചെയ്ത് ബാലനെ യുദ്ധമുന്നണിയിലേക്ക് തള്ളിവിടുകയായിരുന്നു. നിയമാനുസൃത യെമൻ ഭരണകൂടത്തിന്റെ പ്രതിനിധി വഴിയാണ് ബാലനെ കുടുംബത്തിന് കൈമാറിയത്.
ഇന്റർനാഷണൽ റെഡ്‌ക്രോസ് കമ്മിറ്റി, സൗദി റെഡ് ക്രസന്റ് അതോറിറ്റി, സൗദി മനുഷ്യാവകാശ കമ്മീഷൻ, സഖ്യസേനാ കമാണ്ടന്റിലെ ബാല സംരക്ഷണ വിഭാഗം എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബാലനെ സഖ്യസേന യെമൻ ഗവൺമെന്റ് പ്രതിനിധിക്ക് കൈമാറിയത്. ബാലന് സഖ്യസേന ഉപഹാരങ്ങളും സമ്മാനിച്ചു.
ഹൂത്തികൾ റിക്രൂട്ട് ചെയ്ത് ആയുധങ്ങളുമായി യുദ്ധമുന്നണിയിൽ തള്ളിയ 146 ബാലന്മാരെ സഖ്യസേനാ കമാണ്ടന്റിലെ ബാല സംരക്ഷണ വിഭാഗം ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും ബാലാവകാശങ്ങളും ലംഘിച്ചാണ് ഹൂത്തി മിലീഷ്യകൾ കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.