ജിസാന്‍- വാഹനമിടിച്ച് പരിക്കേറ്റ മലയാളി 15 ദിവസമായി ഗുരുതരാവസ്ഥയില്‍. മലപ്പുറം കൂമണ്ണ പൂവത്തമാട് സ്വദേശി കവുങ്ങും തോട്ടത്തിൽ സെയ്തലവി (50) യാണ് ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയിൽ കഴിയുന്നത്.
ബിഷ-ഖമീ റോഡിൽ സെയ്തലവി യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ സുഡാനി പൗരൻ്റെ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഉയരത്തിൽ പൊങ്ങി തെറിച്ച് വീണ സെയ്തലവിക്ക് തലക്ക് ഏറ്റ കാര്യമായ ക്ഷതമാണ് അത്യാസന്ന നിലയിലാക്കിയത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല.
നാട്ടിൽ പോയി തിരിച്ച് വന്നിട്ട് ആറ് വർഷമായി. ഇഖാമ കാലാവധി തീർന്ന് മൂന്ന് വർഷമായതിനാല്‍
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനും കഴിയാത്ത അവസ്ഥയിലാണ്. ആദ്യം ബുഖാരി ഹോട്ടലിലും പിന്നീട് നഖ ഐസ് കമ്പനിയിലും ജോലി ചെയ്തിരുന്ന സെയ്തലവിക്ക് ബന്ധുക്കളോ മറ്റുമായി ആരും ബിഷയിൽ ഇല്ല.
കെ എം സി സി പ്രസിഡൻ്റ് ഹംസ ഉമ്മർ താനാണ്ടി, സാമൂഹ്യ പ്രവർത്തകനായ കുഞ്ഞിമുഹമ്മദ് കോഡൂർ എന്നിവരും നഖ ഐസ് കമ്പനി ജീവനക്കാരും മറ്റു മാണ് ആശുപത്രിയിൽ സന്ദർശിക്കാറുള്ളത്.






