Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയില്‍നിന്ന് എല്ലാ സൗദി നഗരങ്ങളിലേക്കും ട്രെയിന്‍ അടുത്ത ലക്ഷ്യം

ജിദ്ദയിൽ നിന്ന് മക്കയിലേക്ക് നടത്തിയ ഹറമൈൻ ട്രെയിൻ പരീക്ഷണ സർവീസിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ.
തനിക്ക് ലഭിച്ച ട്രെയിൻ ടിക്കറ്റ് മക്ക ഗവർണർ പ്രദർശിപ്പിക്കുന്നു.
  • മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഹറമൈൻ ട്രെയിൻ സർവീസ്

മക്ക - സൗദിയിലെ പ്രധാന നഗരങ്ങളുമായും പ്രവിശ്യകളുമായും മക്കയെ ട്രെയിൻ സർവീസുകളിൽ ബന്ധിപ്പിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള പരീക്ഷണ സർവീസിൽ യാത്ര ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനും ഗതാഗത മന്ത്രി ഡോ. നബീൽ അൽഅമൂദിയും മുതിർന്ന ഉദ്യോഗസ്ഥരും പരീക്ഷണ സർവീസിൽ യാത്ര ചെയ്തു. ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ നിന്ന് മക്ക അൽറസീഫ സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ് നടത്തിയത്. അൽറസീഫ സ്റ്റേഷനിൽ ഇറങ്ങിയ ഗവർണർ ഔദ്യോഗിക കൃത്യനിർവഹണത്തിന് മക്കയിലെ ഗവർണറേറ്റ് ആസ്ഥാനത്തേക്ക് പോയി. രണ്ടാഴ്ച മുമ്പും ഹറമൈൻ ട്രെയിൻ സർവീസ് ജിദ്ദക്കും മക്കക്കും ഇടയിൽ പരീക്ഷണ സർവീസ് നടത്തിയിരുന്നു.

പരീക്ഷണ സർവീസ് വിജയകരമായി പൂർത്തിയായതിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും മുസ്‌ലിം ലോകത്തെയും തീർഥാടകരെയും സൗദി ജനതയെയും മക്ക ഗവർണർ ആശംസ അറിയിച്ചു. ഐക്യ സൗദി അറബ്യ നിലവിൽ വന്നതു മുതൽ ഇസ്‌ലാമിനും മുസ്‌ലിം ലോകത്തിനും സേവനങ്ങൾ നൽകുന്നതിന് നടപ്പാക്കുന്ന വൻ പദ്ധതികളിൽ ഒന്നാണിതെന്ന് ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഒരു പദ്ധതി പൂർത്തിയാകുമ്പോഴേക്കും മറ്റൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതാണ് സൗദി അറേബ്യയുടെ പതിവ്. മേനിനടിക്കുന്നതിനു വേണ്ടിയല്ല ഇത്. മറിച്ച്, ലോകത്തെ ഏറ്റവും വിശുദ്ധ സ്ഥലങ്ങളായ മക്കയും മദീനയും അടങ്ങിയ ഈ നാടിന്റെ ചുമതല ഏൽപിക്കപ്പെട്ടതിനാലാണ് അഭംഗുരം വൻകിട പദ്ധതികൾ നടപ്പാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ മക്ക പ്രവിശ്യയിൽ ഒരുക്കുന്നതിനാണ് ശ്രമം. സൗദി പൗരന്മാർക്കും മുസ്‌ലിംകൾക്കും നൽകുന്ന മുഴുവൻ സേവനങ്ങളുടെയും നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഭരണാധികാരികൾ പഠിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസന പ്രയാണത്തിൽ ഹറമൈൻ ട്രെയിൻ പദ്ധതി വലിയ കുതിച്ചുചാട്ടമാണ്. ട്രെയിൻ പരീക്ഷണ സർവീസ് വൻ വിജയമായിരുന്നു. വൈകാതെ ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഔദ്യോഗിക സർവീസുകൾ തുടങ്ങും. മക്കയെ സൗദിയിലെ എല്ലാ നഗരങ്ങളുമായും ട്രെയിൻ സർവീസുകളിൽ ബന്ധിപ്പിക്കുന്നതിന് പ്രവർത്തനം തുടരുമെന്നും ഗവർണർ പറഞ്ഞു. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ വളരെ കുറച്ച് ജോലികൾ കൂടിയാണ് അവശേഷിക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഇവ അടുത്ത വർഷാദ്യത്തോടെ പൂർത്തിയാകും. ഹറമൈൻ ട്രെയിൻ പദ്ധതിയെ സൗദിയിലെ മറ്റു ചില പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ജിദ്ദ തുറമുഖത്തെ റെയിൽവേ ശൃംഖലയിൽ ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഔദ്യോഗികമായി ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഇന്നലെ രാവിലെ ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പരീക്ഷണ സർവീസ് നടത്തിയത്. മദീന-റാബിഗ് ഇക്കണോമിക് സിറ്റി, റാബിഗ്-ജിദ്ദ, ജിദ്ദ-മദീന സ്റ്റേഷനുകൾക്കിടയിൽ നേരത്തെ തന്നെ ട്രെയിനുകൾ പലതവണ പരീക്ഷണ സർവീസുകൾ നടത്തിയിരുന്നു. 
വിശുദ്ധ ഹറമിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ അൽറസീഫ ഡിസ്ട്രിക്ടിലാണ് മക്കയിൽ 5,03,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. പദ്ധതിയിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്. മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് അവശേഷിക്കുന്ന സ്റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനുണ്ടാകും. 
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണിത്. ഹറമൈൻ ട്രെയിൻ പദ്ധതിക്കു വേണ്ടി 5500 ഓളം കെട്ടിടങ്ങളും സ്ഥലങ്ങളുമാണ് ഏറ്റെടുത്തത്. ഇതിൽ 1600 ലേറെ കെട്ടിടങ്ങളും സ്ഥലങ്ങളും ജനവാസമുള്ളവയായിരുന്നു. പദ്ധതിക്ക് 6700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടാതെയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിന് 900 കോടിയിലേറെ റിയാലാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് താങ്ങാൻ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈൻ ട്രെയിൻ പദ്ധതിയിൽ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടുണ്ട്. മക്കയിൽ നിന്ന് മദീനയിലേക്ക് നാൽപതു റിയാൽ മുതൽ 50 റിയാൽ വരെയാകും ടിക്കറ്റ്. ഹറമൈൻ ട്രെയിനിൽ സെക്കന്റ് ക്ലാസിൽ കിലോമീറ്ററിന് 33 ഹലലയും ഫസ്റ്റ് ക്ലാസിൽ കിലോമീറ്ററിന് 50 ഹലലയുമായിരിക്കും ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്കുകൾ അന്തിമമായി അംഗീകരിച്ചിട്ടില്ല. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ട്രെയിൻ എൻജിൻ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് സൗദി യുവാക്കൾക്ക് സ്‌പെയിനിൽ പരീശീലനം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക.

 


 

Latest News