അഹമ്മദാബാദ്- ഗുജറാത്തിൽ പട്ടിദാർ സംഘടനയുമായുള്ള കോൺഗ്രസ് സഖ്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം. ഞായറാഴ്ച രാത്രി പട്ടേൽ നേതാക്കളുമായി ചർച്ച നടത്തി സമവായത്തിലെത്തിയെങ്കിലും തിങ്കളാഴ്ചയോടെ ചിത്രം വീണ്ടും മാറി. കോൺഗ്രസുമായുള്ള സീറ്റ് ധാരണയെക്കുറിച്ച് ഇന്നലെ പട്ടേൽ സമരനേതാവ് ഹർദിക് പട്ടേൽ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരുകൂട്ടരും വീണ്ടും ഉടക്കി.
സ്ഥാനാർഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടിദാർ സമിതി പ്രതിഷേധം ഉയർത്തിയത്. ഇതോടെ ഇരുവരും തമ്മിലുള്ള സഖ്യത്തിൽ തുടക്കത്തിലേ വിള്ളൽ വീണിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. 77 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പി.എ.എ.എസ് പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി. സൂറത്തിൽ പി.എ.എ.എസ് പ്രവർത്തകർ കോൺഗ്രസിന്റെ സിറ്റി യൂണിറ്റ് ഓഫീസ് ഉപരോധിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസിന്റെ ഒരു ഓഫീസ്‌പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സൂറത്ത് സിറ്റി പി.എ.എ.എസ് കൺവീനർ ധർമിക് മാളവ്യ പറഞ്ഞു.
20 സീറ്റുകൾ വേണമെന്നാണ് ഹർദിക് പട്ടേൽ കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ട പട്ടികയിൽ രണ്ട് സീറ്റ് മാത്രമാണ് പി.എ.എ.എസിന് നൽകിയിരിക്കുന്നത്. ലളിത് വസോയ, അമിത് തുമ്മാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ സീറ്റ് ലഭിച്ചത്. വയോസ ധോരജിലും തുമ്മാർ ജുനഗഢിലും മത്സരിക്കും. അതേസമയം പി.എ.എ.എസിൽ അംഗങ്ങളല്ലാത്ത ഇരുപതോളം പേർക്ക് കോൺഗ്രസ് പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.
ഡിസംബർ ഒമ്പത്, 14 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
ജാതിമത സമവാക്യങ്ങൾ ഏറെ നിർണായകമായ ഗുജറാത്തിൽ അത് നോട്ടമിട്ടുതന്നെയാണ് ഇരുപാർട്ടികളും പോരാട്ടത്തിന് കച്ചമുറുക്കുന്നത്.