- സഭയെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രിയും മന്ത്രിമാരും ഭയക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ
ന്യൂദൽഹി- ഗുജറാത്ത് തെരഞ്ഞെടുപ്പിന് വേണ്ടി നരേന്ദ്ര മോഡി സർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യത്തിന്റെ ശ്രീകോവിൽ പൂട്ടിയിടുകയാണെന്നും പാവങ്ങളുടെ ഭാവി നശിപ്പിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ആരോപിച്ചു. പാർലമെന്റിനെ അഭിമുഖീകരിക്കാൻ മോഡിക്കും മന്ത്രിമാർക്കും ഭയമാണ്. വകുപ്പ് ചുമതലയുള്ള മന്ത്രിമാർ പ്രതിരോധ ഇടപാടിന്റെ ഭാഗമാകുന്നത് ഉൾപ്പടെയുള്ള ചോദ്യങ്ങളെ സർക്കാരിനു നേരിടാൻ ഭയമാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളുടെ പേരിൽ ശൈത്യകാല സമ്മേളനം ഒഴിവാക്കാനാണു സർക്കാർ ശ്രമം. പ്രധാനമന്ത്രിക്കു പാർലമെന്റിനെ അഭിമുഖീകരിക്കാൻ ഭയമാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു മീതെ ഭരണഘടന സാധുതയാൽ പാർലമെന്റ് സംരക്ഷിക്കപ്പെടുമെന്നും സോണിയ വ്യക്തമാക്കി.
മോശം രീതിയിൽ തയാറാക്കി പാർലമെന്റിൽ അവതരിപ്പിച്ച ജി.എസ്.ടി പാളിപ്പോയി. ഇപ്പോൾ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയാണെന്നു സോണിയ ചൂണ്ടിക്കാട്ടി. നോട്ടു നിരോധത്തിലൂടെയും ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കലിലൂടെയും രാജ്യത്തെ പാവപ്പെട്ടവരുടെ ഭാവി നശിപ്പിക്കുകയാണ് ചെയ്തത്. നോട്ടു നിരോധത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളെയാണ് സർക്കാർ ബുദ്ധിമുട്ടിലാക്കിയത്. നടപ്പാക്കി ഒരു വർഷത്തിനു ശേഷവും നോട്ടു നിരോധം കൊണ്ട് കാര്യമായ ഫലമുണ്ടാക്കാനായില്ല. മുറിവിൽ ഉപ്പു പുരട്ടുന്നതു പോലെയാണ് ഇത് പാവപ്പെട്ട കർഷകരെയും ചെറുകിട കച്ചവടക്കാരെയും ഇടത്തരക്കാരെയും ദിവസ വേതനക്കാരെയും ബാധിച്ചത്. ജഹവർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ സംഭാവനകൾ മായ്ച്ചു കളഞ്ഞ് സർക്കാർ ഇന്ത്യയുടെ ചരിത്രത്തിൽ നിർബന്ധിത മാറ്റങ്ങൾ വരുത്തുകയാണെന്നും സോണിയ ആരോപിച്ചു.
തൊട്ടുപിന്നാലെ സോണിയക്കു മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. തെരഞ്ഞെടുപ്പുകളുമായി കൂടിക്കുഴയാത്ത വിധത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നാണു ജെയ്റ്റ്‌ലി പറഞ്ഞത്.
2011 ലും അതിനു മുൻപും കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ തെരഞ്ഞെടുപ്പുകളുടെ പേരിൽ പാർലമെന്റ് സമ്മേളനം വൈകിപ്പിച്ചിട്ടുണ്ടെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് പാർലമെന്റ് സമ്മേളനം പുനഃക്രമീകരിക്കുന്നത് മുൻപും നടന്നിട്ടുള്ളതാണ്. പാർലമെന്റ് സമ്മേളനം നടക്കുമെന്നും കോൺഗ്രസ് തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി മുന്നറിയിപ്പു നൽകി.
പത്തു വർഷത്തെ ഭരണകാലത്ത് ഏറ്റവും മോശം ഭരണമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. എന്നാൽ, മോഡി സർക്കാർ സത്യസന്ധമായ ഭരണമാണു കാഴ്ചവെക്കുന്നത്. എത്ര സമ്മർദം ചെലുത്തി പറഞ്ഞാലും ഒരു നുണ സത്യമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബർ മൂന്നാം വാരത്തിലാണ് ചേരേണ്ടത്. ഡിസംബർ മൂന്നാം വാരം വരെയായിരിക്കും സമ്മേളനം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ പാർലമെന്റ് സമ്മേളനം അടുത്ത വർഷത്തേക്കു നീട്ടി വെച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ശക്തമായി രംഗത്തുവന്നതോടെ സമ്മേളനം സമയത്തു തന്നെ നടത്തിയേക്കും.