കോട്ടയം - പാലാ വിടില്ലെന്ന് മാണി സി കാപ്പൻ ആവർത്തിക്കുകയും പാലാ സീറ്റ് പൊതു സ്വതന്ത്രനായി മാറ്റി കാപ്പനായി കോൺഗ്രസ് വലവിരിക്കുകയും ചെയ്തതോടെ രാഷ്ട്രീയ ചർച്ച മീനച്ചിൽ ചുറ്റുവട്ടത്തായി.ദൽഹിയിൽ നടന്ന ചർച്ചകളോടെ പാലായുടെ കാര്യത്തിൽ ഇടതുമുന്നണിയിൽ സമവായം രൂപപ്പെട്ടതായി സൂചനയുണ്ടായിരുന്നു. പക്ഷേ കാപ്പൻ പാലായിൽ വിട്ടുവീഴ്്ച്ചയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്്. യു.ഡി.എഫിൽ നിന്നുളള ഗ്രീൻ സിഗ്നലാണ് കാപ്പനെ വീണ്ടും നിലപാട് ആവർത്തിക്കാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു.
പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാട് മാണി സി. കാപ്പൻ ആവർത്തിച്ചു. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ തന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും വിരുദ്ധമായ തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. മൂന്നുപതിറ്റാണ്ടായി തനിക്ക് ശരദ് പവാറുമായി അടുത്ത ബന്ധമുണ്ട്. താനാണ് കോൺഗ്രസ് എസിനെ എൻ.സി.പി.യിൽ ലയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്. പവാറുമായി വളരെ വലിയ ആത്മബന്ധമുണ്ട്. അതുകൊണ്ടു തന്നെ പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ടുള്ള ഒരു തീരുമാനം പവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു.
അതേസമയം പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി.സി.കാപ്പൻ പറഞ്ഞു. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ലെന്നും പാലാ ഇപ്പോഴും ചങ്കാണെന്നും സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ ആവർത്തിച്ചു. എന്തു വന്നാലും പാലായിൽ മൽസരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതോടെ മുന്നണി മാറ്റമുണ്ടായാൽ പോലും പാലാ സീറ്റ് കാപ്പൻ വിടില്ലെന്ന് ഉറപ്പായിട്ടുണ്ട്.
യു.ഡി.എഫ്. സ്ഥാനാർഥിയായി വരുമോ എന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണം കാപ്പൻ നടത്തിയില്ല. കഴിഞ്ഞ ദിവസം മാണി സി. കാപ്പനും ജോസ് കെ മാണിയും തമ്മിൽ ഒരു പ്രദർശന ഫുട്‌ബോൾ മത്സരം പാലായിൽ നടന്നിരുന്നു.പാലായിൽ ആരംഭിച്ച സോക്കർ ലാന്റ് ഫുട്‌ബോൾ ടർഫ് കോർട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാണി സി കാപ്പനും ജോസ് കെ മാണിയും ഏറ്റുമുട്ടിയത്. ജോസ് കെ മാണിയുടെ പെനാൽറ്റി കിക്ക് കായിക താരം കൂടിയായ മാണി സി കാപ്പൻ തടയുകയും ചെയ്തു.ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്തുവന്നാലും ഈ ഗോൾ പോസ്റ്റിൽ താൻ കോട്ട പോലെയുണ്ടാകും. ഏത് പന്തുവന്നാലും തടുത്തിടും എന്നായിരുന്നു കാപ്പന്റെ അതെക്കുറിച്ചുളള പ്രതികരണം.






