Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ ബാങ്കിനെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ രണ്ട് മലയാളികള്‍ക്കെതിരെ കേസ്

കാസര്‍കോട്- ഷാര്‍ജയില്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെന്ന പരാതിയില്‍ സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി തുരുത്തുമ്മല്‍ അബ്ദുറഹ്മാന്‍, വെള്ളിക്കോത്ത് പി. നാരായണ്‍ എന്നിവര്‍ക്കെതിരെ ജില്ലയിലെ രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ കേസ്. അബ്ദുറഹ്്മാനെതിരെ   ചന്തേര പോലീസും നാരായണനെതിരെ ഹൊസ്ദുര്‍ഗ് പോലീസുമാണ്  കേസെടുത്തത്.
 
84 കോടി രൂപ തട്ടിയെടുത്തുവെന്നാണ് അബ്ദുറഹ്മാനെതിരായ പരാതി. മൂന്നു കോടി രൂപ തിരിച്ചടച്ചില്ലെന്ന പരാതിയിലാണ് നാരായണനെതിരെ കേസ്. ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്കിനു വേണ്ടി ബാങ്കിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ എറണാകുളത്തെ എക്‌സ്ട്രീം കണ്‍സല്‍റ്റന്‍സി കമ്പനിയുടെ ഓള്‍ട്ടര്‍നേറ്റ് ഡയറക്ടറും പവര്‍ ഓഫ് അറ്റോര്‍ണിയുമായ തൃശൂര്‍ സ്വദേശി പി.എസ് അസിന്‍ നല്‍കിയ പരാതിയിലാണ് കേസ്.

യു.എ.ഇയില്‍ മുസ്സഫ വ്യാവസായിക മേഖലയില്‍ ഹെക്‌സാ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസ് എന്ന പേരില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചെറുകിട റിഫൈനറിയും മൊത്ത വ്യാപാരവും നടത്തി വന്ന അബ്ദുറഹ്മാന്‍ 2017 ഒക്ടോബര്‍ നാലിനാണ് വ്യവസായ വിപുലീകരണത്തിനായ വായ്പ എടുത്തത്.  12 മലയാളികള്‍ കൂടി ഈ സംരംഭത്തിലുണ്ട്. രണ്ടു ഘട്ടങ്ങളിലായി 68.159 മില്യന്‍ ദിര്‍ഹമാണ് വായ്പ എടുത്തത്

വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 2018 ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രതിനിധികള്‍ സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ വായ്പ നല്‍കിയ തുക വ്യവസായത്തില്‍ മുടക്കിയിട്ടില്ലെന്നു വ്യക്തമായി. ബാങ്കിന് നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങുകയും ചെയ്തു.

വഞ്ചന തിരിച്ചറിഞ്ഞതോടെ അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ 2019ല്‍ അബുദാബി കോടതിയില്‍ പരാതി നല്‍കി. ബാങ്കിനെ വഞ്ചിച്ച് ഉണ്ടാക്കിയ മുഴുവന്‍ തുകയും അനധികൃത മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിച്ച് വിവിധ ബിനാമി പേരുകളില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു.

 

Latest News