Sorry, you need to enable JavaScript to visit this website.

വാളയാർ കേസിൽ അന്വേഷണം ഊർജിതമാക്കാൻ കേരള പോലീസ് വീണ്ടും

പാലക്കാട്- വാളയാർ കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ കേരളാ പോലീസ് തീരുമാനം. മരിച്ച കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടനുസരിച്ച് കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും തുടർനടപടിക്രമങ്ങളൊന്നും ആയിട്ടില്ല. വിഷയം നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫും ബി.െജ.പിയും. നീതിയാവശ്യപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ പാലക്കാട് നഗരത്തിലുണ്ടാക്കിയ സമരപ്പന്തലിൽ കുത്തിയിരിപ്പ് സമരം നടത്തി വരികയാണ്. പ്രതിപക്ഷം അതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മ ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾ സി.പി.എമ്മിനേയും സംസ്ഥാന സർക്കാരിനേയും ലക്ഷ്യം വെച്ചിട്ടുള്ളതായതിനാൽ അതിന്റെ മുനയൊടിക്കുകയെന്നതാണ് അന്വേഷണം ഊർജിതമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 
സി.ബി.ഐ ഏറ്റെടുക്കുന്നതു വരെ അന്വേഷണം തുടരുമെന്ന് കേസിന്റെ ചുമതലയുള്ള റെയിൽവേ എസ്.പി ആർ.നിശാന്തിനി അറിയിച്ചു. അവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം വാളയാർ അട്ടപ്പള്ളത്ത് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച വീട്ടിൽ തെളിവെടുപ്പിനെത്തിയിരുന്നു. അച്ഛനമ്മമാർ സമരപ്പന്തലിലായിരുന്നതിനാൽ പാലക്കാട്ടു വെച്ചായിരുന്നു അവരുമായുള്ള കൂടിക്കാഴ്ച. കുട്ടികൾ ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് എന്ന പരാതിയും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് എസ്.പി അറിയിച്ചിട്ടുണ്ട്. 2017 ജനുവരി 13നും മാർച്ച് നാലിനുമാണ് യഥാക്രമം പതിമൂന്നും ഒമ്പതും വയസ്സുള്ള കുട്ടികളെ അട്ടപ്പള്ളത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
കാലപ്പഴക്കം ചെന്ന കേസിൽ പുതുതായി തെളിവുകൾ കണ്ടെത്തുകയെന്നത് അന്വേഷണസംഘത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. സംഭവം നടക്കുന്ന കാലത്ത് വാളയാർ പോലീസ് തയ്യാറാക്കിയ കേസ് ഡയറിയിൽ നിർണ്ണായകമായ പല വിവരങ്ങളും ചേർത്തിട്ടില്ല എന്നതാണ് കുട്ടികളുടെ അമ്മ ഉയർത്തുന്ന പ്രധാന ആരോപണം. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയുണ്ട്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളെയെല്ലാം തെളിവിന്റെ അഭാവത്തിൽ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ആകെയുണ്ടായിരുന്ന നാലു പ്രതികളിൽ ഒരാൾ ജീവനൊടുക്കി. ബാക്കിയുള്ള മൂന്നു പേരേയും പുനരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടുവെങ്കിലും തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മരിച്ച കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യവും കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിക്കു മുന്നിൽ വെച്ചിരുന്നു. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി സോജന്റേയും സംഭവം നടക്കുമ്പോൾ വാളയാർ എസ്.ഐ ആയിരുന്ന ചാക്കോയുടേയും പേര് എടുത്തു പറഞ്ഞു കൊണ്ടുള്ളതായിരുന്നു പരാതി. പ്രതികളെ സംരക്ഷിക്കാൻ ചില സി.പി.എം നേതാക്കളാണ് ശ്രമിച്ചത് എന്ന ആരോപണത്തിൽ കുടുംബം ഉറച്ചു നിൽക്കുകയാണ്. വിഷയത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന് രൂപീകരിച്ച വാളയാർ നീതി സമരസമിതിയുടെ സഹായത്തോടെയാണ് അമ്മ പാലക്കാട്ട് സമരം നടത്തുന്നത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ബന്ധപ്പെട്ട പോലീസുകാർക്കെതിരേ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ട് എന്നാണ് ഔദ്യോഗിക വിശദീകരണം.
 

Latest News