Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ മുസ്ലിം വോട്ടുകള്‍ ഉറപ്പിക്കാന്‍ പാര്‍ട്ടികള്‍; ഉള്ളാലെ സന്തോഷിച്ച് ബി.ജെ.പി

പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്ന ശുഭപ്രതീക്ഷയുമായി ബി.ജെ.പി.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 30 ശതമാനം വരുന്ന മുസ്ലിം വോട്ടര്‍മാരെ ഉറപ്പിച്ചുനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസും അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടരുന്നതിനിടെയാണ് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തോടൊപ്പം മുസ്ലിം വോട്ടുകള്‍ ചിതറുന്നതിലും ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്നത്.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഇടതുമുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന സി.പി.എമ്മിനെ കൈയൊഴിഞ്ഞ മുസ്ലിംകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുകയായിരുന്നു.

സംസ്ഥാനത്ത് മുസ്ലിംകള്‍ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ 2011 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ ഞെട്ടിക്കാന്‍ സാധിച്ചു. 2016 ല്‍ നടന്ന തെരഞ്ഞെടുപ്പിലും മുസ്ലിംകള്‍ മമതയോടൊപ്പം ഉറച്ചുനിന്നു.

ഇപ്പോള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസിനും പുറമെ, ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും (ഐ.എസ്.എഫ്) രംഗത്തുവന്നിരിക്കയാണ്.

സംസ്ഥാനത്ത് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം വോട്ടുകള്‍ ഒരു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ ആണ് പോയിരുന്നതെങ്കില്‍ ഇത്തവണ വേറിട്ടൊരു ചിത്രമാണ് പ്രതീക്ഷിക്കുന്നത്. ബംഗാളില്‍ മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ നഷ്ടപ്പെട്ടതിനെ കുറിച്ചാണ് കോണ്‍ഗ്രസിന് ദേശീയ നേതൃത്വത്തോട് പരാതിപ്പെടാറുള്ളത്.

മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള പീര്‍സാദ അബ്ബാസ് സിദ്ദീഖി പിന്തണക്കുന്ന ഇന്ത്യന്‍ മതേതര മുന്നണിയുമായി (ഐ.എസ്.എഫ്) സഖ്യത്തിലെത്തണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുന്നത്. 2011 ലും 2016 ലും അബ്ബാസ് സിദ്ദീഖി മമതാ ബാനര്‍ജിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

കോണ്‍ഗ്രസ് നിര്‍ദേശത്തോട് അബ്ബാസ് സിദ്ദീഖി അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മജ്‌ലിസ് നേതാവ് ഉവൈസിയും ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മാസം ഉവൈസി സിദ്ദീഖിയുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Latest News