Sorry, you need to enable JavaScript to visit this website.

ശബരിമല നിയമനിര്‍മാണം സാധ്യമെന്ന് മുല്ലപ്പള്ളി, സി.പി.എം തെറ്റിധരിപ്പിക്കുന്നു

കൊച്ചി- ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിയമനിര്‍മാണം സാധ്യമല്ലെന്നാണ് കഴിഞ്ഞ ദിവസം സി.പി.എം ആക്ടിംഗ് സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ വിജയരാഘവന്‍ വ്യക്തമാക്കിയത്. ഇത് വസ്തുതാ വിരുദ്ധമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തങ്ങള്‍ ഭരണഘടനാ വിദഗ്ധരുമായും മുതിര്‍ന്ന അഭിഭാഷകരുമായും നടത്തിയ വിശദമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാകുമെന്നാണ് വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു അഭിപ്രായം പോലും തേടാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ നിയമ നിര്‍മാണം നടത്തുമെന്നും ഇക്കാര്യം യു.ഡി.എഫ് പ്രകടന പത്രികയിലുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

 

Latest News