കേരളത്തിലെ ഭൂമി വിൽപന അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണിപ്പോൾ കടന്നു പോകുന്നത്. നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും അടുത്ത കാലം വരെ സജീവമായിരുന്ന സ്ഥല ബ്രോക്കർമാരൊന്നും ഇപ്പോൾ സജീവമല്ല.
പല ആവശ്യങ്ങൾക്കായി ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുന്ന അവസ്ഥയാണെവിടെയും. സ്വർണത്തിലെന്ന പോലെ മലയാളി ഭൂമിയിലും മുതൽ മുടക്കിയിരുന്ന അവസ്ഥ അടുത്ത നാളുകൾ വരെ നിലവിലുണ്ടായിരുന്നു. അത്യാവശ്യം വരുമ്പോൾ ഭൂമി നല്ല വിലക്ക് വിൽക്കാൻ സാധിച്ച ആ പഴയ നാളുകൾ നോട്ട് പിൻവലിക്കൽ നടപടിയെ തുടർന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങളോടെയാണ് മെല്ലെ മെല്ലെ ഇല്ലാതായി വന്നത്. ഭൂമിയിൽ മുതൽ മുടക്കാൻ ഇപ്പോൾ ആർക്കും ധൈര്യം വരുന്നില്ല. ഇതോടെ ഭൂമി വാങ്ങലും വിൽക്കലും വ്യാപകമല്ലാതായി. ഗ്രാമ പ്രദേശങ്ങളിലൊക്കെ പ്രവാസികളായിരുന്നു ഏറ്റവും കൂടുതൽ ഭൂമി വാങ്ങിയിരുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഭൂമി വിൽക്കുന്നവരൊക്കെ ആശ്രയിച്ചത് പ്രവാസികളെ. മുടിഞ്ഞ തറവാടുകളിലെ ഭൂമിയും സ്ഥലവും പണം വലിച്ചെറിഞ്ഞു വാങ്ങുന്ന പ്രവാസി ഒരു കാലത്ത് കേരളത്തിലെ വില്ലൻ കഥാപാത്രം പോലുമായി.
അത്യാവശ്യമില്ലാത്തവരാരും ഇപ്പോൾ ഭൂമി വിൽക്കുന്നില്ല. വില കൂടുന്നതും കാത്ത് കഴിയുകയാണ് നല്ലൊരു വിഭാഗം. അതിനി എപ്പോൾ ഉണ്ടാകുമെന്നൊന്നും ആർക്കും ഒരെത്തും പിടിയുമില്ല.
കേരളത്തിൽ രജിസ്‌ട്രേഷൻ രംഗത്ത് വന്ന കുറവ് എല്ലാ രജിസ്‌ട്രോഫീസുകളിലും പ്രകടമാണ്. രജിസ്‌ട്രോഫീസുകളിലൊന്നും ഇപ്പോൾ ആളനക്കമില്ല. ഇരുപത്തഞ്ച് വരെ രജിസ്‌ട്രേഷൻ നടന്നിരുന്ന ഓഫീസുകളിലിപ്പോൾ പേരിന് ഒന്നോ രണ്ടോ എണ്ണം നടന്നാലായി എന്ന അവസ്ഥ. ആകെ നടക്കുന്നത് കുടുംബങ്ങളുടെ വീതം വെപ്പ് മാത്രം. രജിസ്‌ട്രേഷൻ രംഗം പിടിച്ചു നിൽക്കുന്നത് ചാർജ് വർദ്ധനയിലൂടെ.
പ്രധാന നഗരങ്ങളായ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സിറ്റികളിൽ സ്ഥല വില വല്ലാതെ ഇടിഞ്ഞിട്ടില്ല. കൊച്ചിയുടെ ഉദാഹരണമെടുത്താൽ പന്ത്രണ്ട് പ്രദേശത്തുള്ള ഭൂമി വിലയിൽ വർദ്ധന കാണിക്കുന്നതായാണ് റിയൽ എസ്റ്റേറ്റ് രംഗവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഏഴ് ഭാഗങ്ങളിൽ വിലക്കുറവിന്റെ പ്രവണതയും കാണുന്നു. ഇടപ്പള്ളിയാണ് (180.5%)ഏറ്റവും കൂടുതൽ സ്ഥല വില വർധന കാണിക്കുന്ന പ്രദേശമായി റിയൽ എസ്റ്റേറ്റുകാർ രേഖപ്പെടുത്തിയിട്ടുള്ളത്. എളമക്കര (80 %), ആലുവ (68.4%), തേവര (62.6%), കാക്കനാട് (27.7%) എന്നിവയാണ് സ്ഥല വിലയിൽ വർധന കാണിക്കുന്ന മറ്റ് പ്രദേശങ്ങൾ. വലിയ നഗരങ്ങളിലെ സാധ്യതയുള്ള സ്ഥലവില കുറയാതെ നിൽക്കുകയും പ്രത്യേക സ്ഥലങ്ങളിൽ വില വർധിക്കുന്നതായി റിയൽ എസ്റ്റേറ്റുകാർ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാൽ സ്ഥലം വിൽക്കാൻ ആളുകൾ തയ്യാറല്ല. ഇതു കാരണം വാങ്ങലും വിൽക്കലും അപൂർവ്വമായി. വില വർധന കാണിക്കുന്ന പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ കെട്ടിട നിർമ്മാതാക്കളിധികവും ഇപ്പോൾ തയ്യാറല്ല. കാരണം വിലയിലെ അനിശ്ചിതത്വം തന്നെ. വലിയ സിറ്റികളിൽ തന്നെ സ്ഥിതി ഇതാകുമ്പോൾ ചെറുകിട നഗരങ്ങളുടെ അവസ്ഥ പരിതാപകരമായിട്ടുണ്ട്. ചെറു നഗരങ്ങളിൽ ഭൂമിക്ക് വിലക്കുറവുണ്ടെന്ന കാര്യം ഇതോനോടകം റിയൽ എസ്റ്റേറ്റ് രംഗവും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥലം വാങ്ങാനും വിൽക്കാനും ആളുകൾക്ക് ധൈര്യം വരുന്നില്ല.
തോട്ടങ്ങളുടെ വിൽപനയുടെ അവസ്ഥയും ഇതു തന്നെയാണ്. വില കുറഞ്ഞതിനാൽ വിൽക്കാനോ ഇനിയും വില കുറയുമെന്നതിനാൽ വാങ്ങാനോ ആളുകൾ തയ്യാറാകാത്ത സ്ഥിതി. ഇടുക്കി, വയനാട് പ്രദേശങ്ങളിലെ കൃഷി ഭൂമിയുടെ വില പല കാരണങ്ങളാൽ കുറയുകയാണ്.
ഭൂമി വിലയിലെ അസ്ഥിരത തുടരുമെന്ന് തന്നെയാണ് ഈ രംഗത്തെക്കുറിച്ച് അറിവുള്ളവർ പറയുന്നത്. കേരളത്തിൽ ഭൂമി പണമിറക്കി കളിക്കാനുള്ള ഒരിടമായി തിരിച്ചു വരുന്ന അവസ്ഥ അതി വിദൂര സാധ്യത മാത്രം. കേരളത്തിലെ ഭൂമിയുടെ വില കൃത്രിമമായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. റിയൽ എസ്റ്റേറ്റുകാരും പണം ഇറക്കി പണം നേടാൻ ഇറങ്ങിയവരും ചേർന്ന് ഉണ്ടാക്കിയെടുത്ത ഭൂമി വിലക്കയറ്റം എന്ന ചീട്ടു കൊട്ടാരം തകർന്നു പോയിരിക്കുന്നു. ഇനിയത് പുനർനിർമ്മിക്കുക അസാധ്യം.
പ്രതീക്ഷയുടെ തെരുവ് പരസ്യം
കേരളത്തിൽ സാധാരണക്കാരായ ആളുകൾ കൂടുതലായി ഇടപെടുന്ന മാർക്കറ്റുകളിലും മറ്റും ഇതുപോലുള്ള ബോർഡുകൾ കാണാം. ഈ സ്ഥലം കച്ചവടമായിട്ടു വേണം മക്കളുടെ കല്യാണം, വിദ്യാഭ്യാസം, കടം വീട്ടൽ തുടങ്ങിയ അത്യാവശ്യങ്ങൾ നിർവ്വഹിക്കാൻ.
ദിവസങ്ങൾ കഴിഞ്ഞാലും മതിലിൽ പതിച്ച നമ്പറിൽ ആരും വിളിച്ചെന്നു വരില്ല.. വിളിച്ചാൽ തന്നെ പ്രതീക്ഷിച്ച വിലയുടെ അടുത്തു പോലും എത്താതെ കച്ചവടം മുടങ്ങുന്നു. പരസ്യം പതിച്ചയാളോ ഏജന്റോ, അവർ പ്രതീക്ഷിക്കുന്ന വില പറയുമ്പോൾ മറുതലക്കൽ ഒരു ചോദ്യമുണ്ട്- അത് നോട്ട് പിൻവലിക്കുന്നതിന് മുമ്പായിരുന്നില്ലേ? എന്നിട്ട് ചങ്കിൽ കുത്തുന്ന വർത്തമാനവും- ഇപ്പോൾ അതൊന്നും കിട്ടില്ല- നോട്ട് പിൻവലിക്കൽ നടപടിക്ക് ഒരു പിന്തുണക്കാരൻ കൂടി ഇവിടെ ജനിക്കുകയൊന്നുമല്ല. സ്വന്തം താൽപര്യത്തിനായി ആ നടപടിയെ തൽക്കാലം ഒന്ന് കൂട്ടുപിടിച്ചെന്ന് മാത്രം.
ഭൂമി വിലയിലെ അസ്ഥിരത തുടരുമെന്ന് തന്നെയാണ് ഈ രംഗത്തെക്കുറിച്ച് അറിവുള്ളവർ പറയുന്നത്. കേരളത്തിൽ ഭൂമി പണമിറക്കി കളിക്കാനുള്ള ഒരിടമായി തിരിച്ചു വരുന്ന അവസ്ഥ അതി വിദൂര സാധ്യത മാത്രം. കേരളത്തിലെ ഭൂമിയുടെ വില കൃത്രിമമായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.