രാഹുൽ കോൺഗ്രസ് പ്രസിഡന്റാകുന്നു, ഡിസംബർ നാലിന് സ്ഥാനമേൽക്കും

ന്യൂദൽഹി- കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി രാഹുൽ ഗാന്ധി അടുത്ത മാസം നാലിന് സ്ഥാനമേൽക്കും. ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ പതിനേഴ് വർഷമായി കോൺഗ്രസിനെ നയിക്കുന്ന സോണിയാ ഗാന്ധിയിൽനിന്നാണ് മകൻ രാഹുൽ ഗാന്ധി പാർട്ടിയുടെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. ഡിസംബർ നാലിനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 15നാണ്. ഫലം 19ന് പ്രഖ്യാപിക്കും. നിലവിലുള്ള അവസ്ഥയിൽ രാഹുലിന് പകരം മറ്റാരും ഈ സ്ഥാനത്തേക്ക് മത്സരിക്കാനിടയില്ല. സ്വാഭാവികമായും നാലിന് തന്നെ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. 
ഇന്ന് രാവിലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. 


 സംഘടന തെരഞ്ഞെടുപ്പ് ഡിസംബർ 31നു മുൻപ് പൂർത്തിയാക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്ത്യശാസനം വന്നതോടെയാണു നേതൃമാറ്റം ഉൾപ്പടെയുള്ള നടപടികളിലേക്ക് കോൺഗ്രസ് തിരക്കിട്ട് പ്രവേശിക്കുന്നത്. ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങൾക്കു മുൻപായി രാഹുൽ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
1998-ലാണ് സോണിയാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായത്. 2013 ജനുവരി രണ്ടിന് രാഹുലിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

Latest News