കോവിഡ് കാലത്തും വികസനം നിലച്ചില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം- ഈ കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിലൊന്നും ഒരു കുറവും വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ  എടുത്തുപറയേണ്ട ഒന്നാണ്  തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ക്യാമ്പസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാനമായ നാഴികക്കല്ലാണിത്. 
ക്ഷേമ പെൻഷൻ 1600 ആയി വർധിപ്പിച്ച് ഉത്തരവ് ഇറക്കി. ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുമ്പേ വിതരണം ചെയ്തുതീർക്കും. ഫലത്തിൽ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ മുൻകൂർ ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രഖ്യാപിച്ച ആനുകൂല്യവർദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകി.
ടെക്‌നോപാർക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി രു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഐടി കെട്ടിട സമുച്ചയമാണ് പൂർത്തിയാക്കി ബിസിനസ്സ് സംരഭങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. അങ്ങനെ ഒരുകോടി ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാർക്കുകളിൽ ഈ സർക്കാരിന്റെ കാലയളവിൽ ഒരുക്കിയിട്ടുള്ളത്. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച 111 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങൾ നമ്മുടെ കുട്ടികൾ കോവിഡ് മഹാമാരി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരികെ എത്തുമ്പോൾ മികച്ച പഠനത്തിനുള്ള സാഹചര്യം ഉറപ്പാക്കാൻ ഉപകരിക്കും.
കഴിഞ്ഞ കുറേദിവസമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി സംവദിച്ചുവരികയാണ്. അതിന്റെ ഭാഗമായി അക്കാദമി രംഗത്തെ പ്രമുഖ വ്യക്തികൾ, സാംസ്‌കാരിക പ്രവർത്തകർ, പ്രമുഖ വ്യവസായികൾ, വ്യാപാര സംഘടനകൾ, സ്റ്റാർട്ട്അപ്പ് സംരംഭകർ, എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായും സംവദിച്ചുവരികയാണ്. ആദ്യഘട്ടമായി കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സർവകലാശാല ക്യാമ്പസിലാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. ഇന്ന് കേരള സർവകലാശാലയിലെ വിദ്യാർത്ഥികളെ കാണും. എല്ലാ മേഖലയിലുമുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് നവകേരളത്തിന് പുതിയ രൂപം നൽകുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

Latest News