ന്യൂദല്‍ഹി- ഖത്തറില്‍ നിന്ന് നാടുകടത്തിയ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകനെ ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കശ്മീരിലെ ബിജ്‌ബെഹാര സ്വദേശി മുനീബ് സോഫിയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കുല്‍ഗാം പോലീസിന്റെ ആവശ്യപ്രകാരമാണ് ഇയാളെ ഖത്തറില്‍നിന്ന് നാടുകടത്തിയത്.
ഭീകരപ്രവര്‍ത്തനത്തിനും ആയുധങ്ങള്‍ വാങ്ങാനും ഇയാള്‍ സഹായം നല്‍കിയിരുന്നുവെന്ന് ജമ്മു കശമീര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ തീവ്രവാദി വലീദ് ഭായിക്ക് വേണ്ടി ജമ്മു കശ്മീരിലെ ബിജ്‌ബെഹാരയില്‍ താമസിച്ചിരുന്ന മുനിബ് സോഫി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് പ്രാദേശിക കോടതി സോഫിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത ശേഷം മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റി (എം.എല്‍.എ.ടി) പ്രകാരം ഇയാളെ കൈമാറിക്കിടുന്നതിന് ശ്രമിച്ച വരികയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.






