Sorry, you need to enable JavaScript to visit this website.

അതിലൊക്കെ എന്താണ് കുഴപ്പം?

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലും ഇത്തവണ എന്തുമാത്രം അന്തരീക്ഷ മലിനീകരണമാണ് ഉണ്ടാക്കിയത് എന്ന് നമുക്കറിയാം. തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ശേഷിക്കുമ്പോൾ, കൊച്ചുകേരളത്തിൽ ഇപ്പോഴേ വർഗീയതയുടെയും ജാതീയതയുടെയും അപവാദ പ്രചാരണത്തിന്റെയും ദുർഗന്ധമുയർന്നുകഴിഞ്ഞു. എല്ലാം കഴിയുമ്പോൾ നവോത്ഥാന കേരളം അവിടെയുണ്ടാകുമോ.. 


പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിച്ചാൽ എന്താണ് കുഴപ്പം എന്നാണ് കോൺഗ്രസിന്റെ സമുന്നത നേതാവ് കെ. സുധാകരൻ എം.പി നിഷ്‌കളങ്കമായി ചോദിക്കുന്നത്. ചെത്തുകാരൻ എന്നത് ഒരു തൊഴിലിന്റെ പേരാണ്. അത് പറയുന്നതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. പ്രൊഫസറെ പ്രൊഫസറെന്നും ബാർബറെ ബാർബറെന്നും വിളിക്കാമെങ്കിൽ ചെത്തുകാരനെ ചെത്തുകാരനെന്നും വിളിക്കാം. തോട്ടിപ്പണിയെടുക്കുന്നവനെ തോട്ടിയെന്നും മീൻ പിടിക്കുന്നവനെ മുക്കുവൻ എന്നും വിളിക്കുന്നതിൽ അസാംഗത്യമുണ്ടാകേണ്ടതില്ല. സുധാകരൻ അങ്ങനെ വിളിച്ചത് ശരിയോ എന്ന് ചാനലുകൾ  വിളിച്ചു ചോദിച്ചപ്പോൾ പിന്നെന്തിനാണ് ഷാനിമോൾ ഉസ്മാൻ, ശരിയായില്ല എന്നും സുധാകരൻജി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടത് എന്ന് സുധാകരനോ നമുക്കോ മനസ്സിലാകുന്നില്ല. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ വിമർശിക്കുന്നവർ എന്തർഥത്തിലാണ് അങ്ങനെ ചെയ്യുന്നത്?


കെ.പി.സി.സി പ്രസിഡന്റാകാൻ വിളിച്ചാൽ ഒരു നിമിഷം വൈകാതെ അതേറ്റെടുക്കാൻ കുപ്പായം തയ്ച്ചിരിക്കുന്നയാളാണ് സുധാകരൻ. പ്രയാസമേറിയ ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെ സംസ്ഥാനത്ത് നയിക്കാൻ അദ്ദേഹം തയാറാണ്. കണ്ണൂരിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതുപോലെ സി.പി.എമ്മിന്റെ കരാള ഹസ്തങ്ങളിൽനിന്ന് കണ്ണൂർ ജില്ലയെ ഒരു പരിധി വരെയെങ്കിലും രക്ഷിച്ചെടുത്തതു പോലെ, കേരളത്തെയും രക്ഷിക്കാൻ അദ്ദേഹം തയാറാണ്. ആ സുധാകരനെയാണ് ആളുകൾ കാര്യമില്ലാതെ വിമർശിക്കുന്നത്. കണ്ണൂരിൽ പാർട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ തിരക്കിൽ, തൊഴിലും ജാതിയും തമ്മിലുള്ള ബന്ധം, കേരളത്തിലെ ജാതിവിവേചനം, കീഴാളരുടെ പോരാട്ടങ്ങൾ, സാമൂഹിക സമത്വത്തിനായുള്ള വിപ്ലവങ്ങൾ, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ പോരാട്ടം, ഒരു ജാതി, ഒരു മതം പോലെയുള്ള ഗുരുദർശനങ്ങൾ തുടങ്ങിയ സാമൂഹിക പാഠങ്ങൾ മനസ്സിരുത്തി പഠിക്കാൻ സമയം കിട്ടാത്തത് അദ്ദേഹത്തിന്റെ കുഴപ്പമായി കാണുന്നത് നമ്മുടെ പ്രശ്‌നമാണ്. ഇതേക്കുറിച്ചൊന്നും അറിയാത്ത ഒരാളെ കെ.പി.സി.സി പ്രസിഡന്റായി നിയോഗിക്കാമോ എന്നൊന്നും ചോദിക്കരുത്. കഥയില്ലായ്മയിൽ ചോദ്യത്തിന് പ്രസക്തിയില്ല.


ആളുകളെ ജോലി വെച്ച് മാത്രമല്ല, അവരുടെ സ്വഭാവ വിശേഷം കൊണ്ടും മറുപേരിട്ട് വിളിക്കാൻ നമ്മുടെ രാഷ്ട്രീയക്കാർ സമർഥരാണ്. പ്രകാശം പരത്തുന്ന ഒരു ജഡ്ജിയെ സമുന്നത സി.പി.എം നേതാവായ എം.വി. ജയരാജൻ ശുംഭൻ എന്ന് വിളിച്ചത് ആ ജഡ്ജിക്കു പോലും മനസ്സിലായില്ല. പാവം ജയരാജന് ജയിലിൽ കിടക്കേണ്ടി വന്നു. അതും ഒരു വിപ്ലവ പ്രവർത്തനമാണ്. ജയിൽ കാണിച്ച് കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കരുതെന്ന് നമ്മുടെ മുഖ്യമന്ത്രി ഈയിടെ പറഞ്ഞതേയുള്ളൂ. ഗാന്ധിജി വരെ കിടന്ന സ്ഥലമാണ് ജയിൽ. ആ മഹത്തായ സ്ഥലത്ത് ലാവ്‌ലിൻ കേസിന്റെ പേരിലോ പാലാരിവട്ടം പാലം പൊളിഞ്ഞതിന്റെ പേരിലോ ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ കിടക്കുന്നതിൽ എന്താണ് കുഴപ്പം? ജഡ്ജിയെ മറുപേരിട്ട് വിളിച്ചതാണ് ജയരാജന് വിനയായത്. ജുഡീഷ്യറിക്ക് സവിശേഷാധികാരങ്ങളുണ്ടെന്ന് ജയരാജൻ ഒരു നിമിഷം മറന്നുപോയി. ഒരു അധികാരവുമില്ലാത്ത സാധാരണക്കാരനായിരുന്നെങ്കിൽ ആ വിളി കേട്ട് വീട്ടിൽ പോയിരുന്നേനേ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ മറുകണ്ടം ചാടിയ നേതാവിനെ പരനാറി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? വിളി കേട്ടയാൾ ജഡ്ജിയല്ലാത്തതിനാൽ വിളിച്ചയാൾക്ക് ജയിലിൽ കിടക്കേണ്ടി വന്നില്ല. കാര്യങ്ങൾ മനസ്സിലാകാതെ പ്രവർത്തിച്ചാൽ ബിഷപ്പായാലും നികൃഷ്ട ജീവി എന്ന വിളി കേൾക്കേണ്ടിവരും. തൂലികയേന്തുമ്പോൾ മര്യാദ കാണിച്ചില്ലെങ്കിൽ പത്രാധിപരെ, സാറേ എന്നതിന് പകരം എടോ എന്ന് വിളിക്കും. ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല. 


ഷാനിമോൾ പക്ഷേ ചില്ലറക്കാരിയല്ല. സ്വന്തം നേതാവായ സുധാകർജിക്കെതിരെ മാത്രമല്ല അവരുടെ രോഷം. ഇതേ പേരുകാരനും മന്ത്രിയും സർവോപരി മഹാകവിയുമായ ജി. സുധാകരൻ തന്നെ പൂതന എന്ന് വിളിച്ചപ്പോഴും ഷാനിമോൾക്ക് പരാതിയുണ്ടായിരുന്നു. അന്ന് കലക്ടറുടെയടുത്തേക്കാണ് ഷാനിമോൾ പോയത്. പൂതനമാർക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു അരൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ കവിമന്ത്രി മൊഴിഞ്ഞത്. ഒരു പ്രാപഞ്ചിക സത്യം അദ്ദേഹം പറഞ്ഞു എന്ന് മാത്രം. ഷാനിമോൾ വെറുതെ തെറ്റിദ്ധരിച്ചു. ഷാനി തന്റെ സഹോദരിയെപ്പോലെയാണ് എന്ന് മന്ത്രി ആവർത്തിച്ചു പറഞ്ഞപ്പോൾ ആ തെറ്റിദ്ധാരണ മാറുകയും ഷാനിമോൾ പൊറുത്തുകൊടുക്കുകയും ചെയ്തു. 


ആ പൂതന പ്രയോഗം പക്ഷേ ഷാനിമോൾക്ക് നല്ല രീതിയിൽ വോട്ട് നേടിക്കൊടുത്തെന്നാണ് പിന്നീട് പലരും വിലയിരുത്തിയത്. സുധാകരന്റെ ചെത്തു പ്രയോഗത്തിനും ഈ ദുർഗതി വരുമോ എന്നാണ് പല കോൺഗ്രസുകാരുടെയും പേടി. തന്റെ പ്രയോഗത്തിനെതിരെ ഷാനി മാത്രമാണ് പ്രതികരിക്കുന്നതെന്നും സി.പി.എമ്മുകാർ മിണ്ടുന്നില്ലെന്നും സുധാകരന് പരാതിയുണ്ട്. ഇത് സി.പി.എമ്മുമായുള്ള ഒത്തുകളിയാണോ എന്ന സംശയത്തിൽ അദ്ദേഹം കെ.പി.സി.സിക്ക് പരാതി നൽകുകയും ചെയ്തു. അതിലൊന്നും വലിയ കാര്യമില്ലെന്ന് എല്ലാവർക്കുമറിയാം. എന്തായാലും സുധാകരന്റെ മര്യാദയില്ലാത്ത വിളി കൊണ്ട് കിട്ടുന്ന സഹതാപം കൊണ്ടൊന്നും തെരഞ്ഞെടുപ്പ് ജയിക്കേണ്ട കാര്യം പിണറായി വിജയനില്ല. അതിനുള്ള മന്ത്രവടികൾ പലതുണ്ട് കൈയിൽ.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച്, മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കുമാവാത്ത വിധം തുടർച്ചയായി രണ്ടാമതും ഭരണത്തിലേറാൻ ഒരുങ്ങുകയാണ് പിണറായി. ബർലിൻ കുഞ്ഞനന്തൻ നായർ പോലും ഇത് രോഗക്കിടക്കയിൽ പശ്ചാത്താപ വിവശനായി ഏറ്റുപറയുന്നു. കാരണം പിണറായിയുടെ മന്ത്രിവടി പ്രയോഗങ്ങൾ അത്രക്ക് ഗംഭീരമാണ്. ബി.ജെ.പിയെ പേടിച്ച് കോൺഗ്രസിന് പോയേക്കാവുന്ന മുസ്‌ലിം വോട്ടുകൾക്ക് പകരം സ്വന്തം പെട്ടി നിറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആരും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കേണ്ടതില്ല. ദൽഹിയിലിരുന്ന് ചിലർ ചെയ്യുന്നത് നമ്മൾ കാണുന്നതല്ലേ. ആ പൂഴിക്കടകൻ തന്നെ ഇവിടെ തിരിച്ചൊന്നു വീശിയാൽ മതി.


തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയം മലീമസമാകുമെന്നത് പുതിയ കാര്യമൊന്നുമല്ല. പ്രബുദ്ധ മതേതരനായ മലയാളി എത്ര സുന്ദരമായാണ് കഴിഞ്ഞ ദിവസങ്ങളിൽ വർഗീയത എടുത്തിട്ട് കളിക്കുന്നതെന്ന് നോക്കൂ... സ്വന്തം ഘടക കക്ഷിയുടെ ഉന്നത നേതാവിനെ കാണാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പോയതു പോലും ഇടതുമുന്നണി നേതാവ് വിജയരാഘവന് ഇഷ്ടപ്പെട്ടില്ല. ഘടക കക്ഷി നേതാവാണെങ്കിൽ കൂടി മുസ്‌ലിം ആണെങ്കിൽ അങ്ങനെ പോയിക്കാണാൻ പാടില്ലെന്നാണ് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദമുള്ള വിജയരാഘവന്റെ പക്ഷം. ബിഷപ്പുമാരെയോ എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതാക്കളെയോ ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ പാണക്കാട്ട് താമസിക്കുന്നത് പ്രത്യേക വിഭാഗത്തിൽ പെട്ടവരാണ്. അങ്ങോട്ട് പോകരുത്... വർഗീയത, തീവ്രവാദം, ആഗോള ഭീകരവാദം... ചേർത്തുവെക്കാൻ പല ഉരുപ്പടികളുമുണ്ട്.


പക്ഷേ വിജയരാഘവന്റെ ഇപ്പോഴത്തെ കളി രാഷ്ട്രീയത്തിൽ പലരും പയറ്റിത്തെളിഞ്ഞ ഉമ്മൻ ചാണ്ടിയോടാണ്. പാണക്കാട്ടെ തങ്ങളെ ഇങ്ങോട്ടൊന്നെറിഞ്ഞ് കളിച്ചപ്പോൾ, ഉമ്മൻ ചാണ്ടി അതിലും വലിയ മറ്റൊരെണ്ണം അങ്ങോട്ടെറിഞ്ഞുകൊടുത്തു. ശബരിമല. ബൂമറാങ് എന്ന് കേട്ടിട്ടില്ലേ. അതാണ്. സോളാർ കേസിൽ പിണറായി സി.ബി.ഐയെ തേടി പോയപ്പോഴേ ഉമ്മൻ ചാണ്ടി ബൂമറാങ്ങിനെക്കുറിച്ച് ഓർമിപ്പിച്ചതാണ്. എന്തായാലും വിജയരാഘവൻ വേഗം പരാജയം സമ്മതിച്ചു. പാർട്ടി സെക്രട്ടറിയേറ്റിലെ അംഗങ്ങളെക്കൊണ്ട് തന്നെയൊന്നു വിമർശിപ്പിച്ചു. ചാനൽ ചർച്ചകളിൽ പാണക്കാട് തങ്ങൻമാർ നല്ലവരാണെന്ന് പറയിപ്പിച്ചു. ഇ.എം.എസ് അടക്കം പാണക്കാട്ട് വന്ന് സുലൈമാനി കുടിച്ചുപോയ കഥകൾ നാട്ടിലാകെ പാട്ടായതാണ് ഈ  കളി കൊണ്ട് വിജയരാഘവന് കിട്ടിയ മിച്ചം.  


അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലും ഇത്തവണ എന്തുമാത്രം അന്തരീക്ഷ മലിനീകരണമാണ് ഉണ്ടാക്കിയത് എന്ന് നമുക്കറിയാം. തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ശേഷിക്കുമ്പോൾ, കൊച്ചുകേരളത്തിൽ ഇപ്പോഴേ വർഗീയതയുടെയും ജാതീയതയുടെയും അപവാദ പ്രചാരണത്തിന്റെയും ദുർഗന്ധമുയർന്നുകഴിഞ്ഞു. മൂക്കു മാത്രമല്ല, കണ്ണും ചെവിയും പൊത്തി ജീവിക്കാം ഇനി. 
എല്ലാം കഴിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ ചോരയും വിയർപ്പും ത്യാഗവും കൊണ്ടു കെട്ടിപ്പൊക്കിയ നവോത്ഥാന കേരളം അവിടെയുണ്ടാകുമോ എന്നത് മാത്രമാണ് ഏക ആശങ്ക. കാത്തിരിക്കാം.

Latest News