പശു ഭീകരത: പരിക്കേറ്റ പശുവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് സുരക്ഷ

പരിക്കേറ്റ് അവശനിലയിലായ ജ്യോതി സിംഗിന്റെ പശു മോനി

 

മീറത്ത്- ജില്ലാ ഭരണകൂടം മുതല്‍ പ്രധാനമന്ത്രിയടക്കമുള്ളവരോട് സഹായം തേടി ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിനുശേഷം തന്റെ പശുവിനെ ആശുപത്രിയിലെത്തിക്കാന്‍ യുവതിക്ക് പോലീസ് സഹായം ലഭിച്ചു. എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് കര്‍ഷകയായ മീറത്ത് സ്വദേശിനി ജ്യോതി സിംഗാണ് ട്വിറ്റര്‍ വഴിയും ടെലിഫോണ്‍ വഴിയും ഗോ രക്ഷകരെ ഭയന്ന് അധികൃതരുടെ സഹായം തേടിയത്. അങ്ങനെ സെപ്റ്റംബര്‍ മുതല്‍ പരിക്കേറ്റ് കിടപ്പിലായ മോനി എന്ന പശുവിനെ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ ആശുപത്രിയിലെത്തിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  


പശുക്കളെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോകാന്‍ പാടില്ലെന്ന ഗോരക്ഷകരുടെ നിര്‍ദേശമാണ് 24 കാരിയായ ടെക്കി കര്‍ഷക ജ്യോതിയെ വെട്ടിലാക്കിയത്. ജ്യോതിയുടെ പശുവായ മോനി കഴിഞ്ഞ സെപ്റ്റംബറിലാണ് കാലിന് പരിക്കേറ്റ് അവശനിലയിലായത്. വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് കൊണ്ടുപോവാന്‍ തീരുമാനിച്ചെങ്കിലും ഗോരക്ഷകരെ ഭയന്ന് ജ്യോതി നിസ്സഹായവസ്ഥയിലായി. 
തുടര്‍ന്ന് ജില്ലാ ഭരണാധികാരി മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് ജ്യോതി കത്തെഴുതി. ആഴ്ച്ചകള്‍ക്ക് ശേഷവും ഭരണതലത്തില്‍ നിന്ന് ജ്യോതിക്ക് മറുപടി ലഭിച്ചില്ല.. ഇതിനകം ജ്യോതിയുടെയും മോനിയുടെയും കഥ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. 


വാര്‍ത്ത കണ്ട മീറത്ത് സീനിയര്‍ പോലീസ് സൂപ്രണ്ട് മന്‍സില്‍ സയിനിയാണ് ജ്യോതിയെ സഹായിക്കാന്‍ മുന്നോട്ട് വന്നത്.  ഞായറാഴ്ച്ചയാണ് രണ്ട് പോലീസുകാരുടെ അകമ്പടിയോടെ മോനിയെ ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. യാത്രക്കിടെ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് പോലീസിനെ വിട്ടുനല്‍കിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

Latest News