ആലപ്പുഴ ബൈപാസില്‍ വിള്ളല്‍,  രണ്ടാഴ്ച നിരീക്ഷണം 

ആലപ്പുഴ- ബൈപാസ് തുറന്നതിനു പിന്നാലെ മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളില്‍ കണ്ടെത്തിയ വിള്ളല്‍ ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇപ്പോഴുള്ള വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്ന് രണ്ട് ആഴ്ച നിരീക്ഷിക്കും. പ്രോഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്.


വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. രണ്ട്  പതിറ്റാണ്ട് മുന്‍പ് ബൈപാസിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച ാഗമാണിത്. മാളികമുക്കില്‍ നിര്‍മിച്ച രണ്ട് അടിപ്പാതകളില്‍ വടക്കേ അടിപ്പാതയുടെ കോണ്‍ക്രീറ്റിനു താഴെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിള്ളല്‍ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നൂല്‍ പോലുള്ള വിള്ളല്‍ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.
 

Latest News