ന്യൂയോര്‍ക്ക്- കോവിഡിനെതിരെ വിവിധ രാജ്യങ്ങളില്‍ ആരംഭിച്ച വാക്‌സിനേഷന്‍ കണക്ക് അടിസ്ഥാനമാക്കുമ്പോള്‍ ശുഭകരമല്ല കാര്യങ്ങള്‍. സമ്പന്ന രാജ്യങ്ങളില്‍ മാത്രം കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന നില തുടര്‍ന്നാല്‍ ലോകത്തിന്റെ രോഗമുക്തിക്ക് ഏഴു വര്‍ഷം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
മഹാമാരി എപ്പോള്‍ അവസാനിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഉയരുന്ന ചോദ്യമാണ്. വാക്‌സിന്‍ ലഭ്യമാകുന്നതോടെ എന്നതായിരുന്നു ലോകത്തിന്റെ പ്രതീക്ഷ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ ഏറ്റവും വലിയ ഡാറ്റാ ബേസ് ബ്ലൂംബെര്‍ഗ് തയാറാക്കിയിട്ടുണ്ട്. ഇതിനകം 110 ദശലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. സാധാരണ നില കൈവരിക്കുന്നതിന് 70 മുതല്‍ 80 ശതമാനം വരെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടിവരുമെന്നാണ് ആന്റണി ഫൗചി അടക്കമുള്ള യു.എസ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്.
ചില രാജ്യങ്ങള്‍ വാക്‌സിനേഷനില്‍ അതിവേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ട്. 75 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ എന്നതാണ് ലക്ഷ്യം.
ലോകത്ത് നിലവില്‍ ഇസ്രായിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യം. രണ്ടു മാസം കൊണ്ട് 75 ശതമാനം പൂര്‍ത്തിയാക്കി. അമേരിക്ക ഈ നിലയിലെത്താന്‍ 2022 പുതുവര്‍ഷം ആകേണ്ടിവരും.
സമ്പന്ന രാജ്യങ്ങളില്‍ വളരെ വേഗത്തില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും നിലവിലെ കണക്കില്‍ മുന്നോട്ടു പോയാല്‍ ലോകത്ത് എല്ലാ രാജ്യങ്ങളിലും കുത്തിവെപ്പ് പൂര്‍ത്തിയാകാന്‍ ഏഴു വര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.