Sorry, you need to enable JavaScript to visit this website.

ആവശ്യം ശക്തം; കൂത്തുപറമ്പിൽ കെ.വി. റംല ടീച്ചർക്ക് നറുക്ക് വീഴുമോ

കെ.വി. റംല ടീച്ചർ

തലശ്ശേരി- നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും  രാഷ്ട്രീയ കളരികളിൽ ഉണർന്നതോടെ സ്ഥാനാർത്ഥികൾ ആരാകുമെന്ന ആകാംക്ഷയിൽ  മണ്ഡലത്തിലെ ഓരോ രാഷ്ട്രീയ പ്രവർത്തകരും.  കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഒരു മുസ്‌ലിം വനിതയെ തന്നെ ഇറക്കി  മണ്ഡലം പിടിക്കണമെന്നാണ് ബഹുഭൂരിപക്ഷം അണികളുടെയും പൊതുവികാരം. പാനൂർ നഗരസഭയുടെ കഴിഞ്ഞ തവണത്തെ ചെയർപേഴ്‌സനായിരുന്ന കെ.വി. റംല ടീച്ചറെയാണ് ഈ വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത.് അതിന് അവർ പറയുന്ന ന്യായീകരണവും അർത്ഥവത്താണ്. പാനൂർ ഉൾപ്പെടുന്ന  മണ്ഡലത്തിലെ  മുസ്‌ലിം ലീഗിൽ ഉടലെടുത്ത ചേരിപ്പോര് ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. അതിനാൽ തന്നെ  നിലവിലെ മറ്റു ലീഗ് നേതാക്കൾ മത്സരിക്കുന്നത് ഉചിതമല്ലെന്നാണ് ലീഗിലെ തന്നെ പ്രബല വിഭാഗത്തിന്റെ വിലയിരുത്തൽ.


പ്രഥമ പാനൂർ നഗരസഭയുടെ ചെയർപേഴ്‌സനായി സുത്യർഹമായ സേവനം കാഴ്ച വെച്ച റംല ടീച്ചറെ തന്നെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന ചിന്തയിലാണ് മണ്ഡലത്തിലെ ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും. നേരത്തെ പെരിങ്ങളം മണ്ഡലം എന്ന പേരിൽ അറിയപ്പെട്ട പാനൂർ ഉൾപ്പെടുന്ന പ്രദേശത്ത് മുസ്‌ലിം ലീഗിന് ചോരയും നീരും നൽകിയ കെ.വി. സൂപ്പി മാസ്റ്ററുടെ മകളായ റംല ടീച്ചർക്ക് ഒരു  വലിയ കുടുംബ പശ്ചാത്തലം തന്നെ  ഉണ്ട്. പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും അവർ ഉണ്ടാക്കിയെടുത്ത സ്വീകാര്യത തന്നെയാണ് ഇങ്ങനെയൊരു സ്ഥാനാർത്ഥിയെ തന്നെ മൽസരിപ്പിക്കണമെന്ന ചിന്ത പൊതു വികാരമായി ഇവിടെ  ഉയർത്തിയതും.  നേരത്തെ കരിയാട് ഗ്രാമ പഞ്ചായത്ത് അംഗമെന്ന നിലയിലും ടീച്ചറുടെ പ്രവർത്തനം ഏറെ മതിപ്പുളവാക്കിയിരുന്നു. ഭരണ പരിചയം തന്നെ ഇവരുടെ സ്ഥാനാർത്ഥിത്വത്തിന് തിളക്കം കൂട്ടുകയാണ്. 


പിതാവായ സൂപ്പി മാസ്റ്ററുടെ ലളിതമായ രാഷ്ട്രീയ ജീവിതം കണ്ട് വളർന്ന റംല ടീച്ചർക്കും പൊതു പ്രവർത്തനത്തോട് അടുപ്പം തോന്നുകയായിരുന്നു. പരസ്യമായ രാഷ്ട്രീയ  പ്രവർത്തനം പാനൂർ മേഖലയിൽ അസാധ്യമായ പി.ആർ. കുറുപ്പിന്റെ  കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ പടവെട്ടിയതിന്റെ പേരിൽ  തന്റെ സഹ പ്രവർത്തകൻ മാവിലാട്ട് മഹ്മൂദിന്  പോലും രക്തസാക്ഷി ആവേണ്ടി വന്ന കാലത്ത് കെ.വി. സൂപ്പി മാസ്റ്റർ നടത്തിയത് ത്യാഗപൂർവമായ പ്രവർത്തനം തന്നെയായിരുന്നു. സമർപ്പണ രാഷ്ട്രീയ  പൊതു പ്രവർത്തനം നടത്തി പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ കെ.വി. സൂപ്പി മാസ്റ്ററിൽ നിന്ന് ഒരു പൊതുപ്രവർത്തകൻ എങ്ങനെയാവണമെന്ന്   കണ്ട് വളർന്ന റംല ടീച്ചറേക്കാൾ നല്ലൊരു സ്ഥാനാർത്ഥി ഇന്ന്  കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ലീഗ് നേതൃത്വത്തിന് കണ്ടെത്താൻ സാധിക്കില്ലെന്നത് പകൽ പോലെ സത്യമാണെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത.്  മികച്ച സംഘാടകയും മികച്ച പൊതുപ്രവർത്തകയുമെന്ന ഖ്യാതി കൈവന്നതോടെ ടീച്ചറുടെ പൊതു സമ്മതിയും ഏറെ ഉയർന്നിരുന്നു. ലീഗിൽ ഇക്കുറി  വനിതകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടി കൂടി ഉയർന്നതോടെ റംല ടീച്ചറെ അനുകൂലിക്കുന്നവർക്കും പിടിവള്ളിയായി.


ശൈശവാവസ്ഥയിൽ ഏറെ വെല്ലുവിളി ഉയർത്തിയ പ്രഥമ പാനൂർ നഗരസഭയെ കിട്ടാവുന്ന  എല്ലാ ഭൗതിക സാഹചര്യങ്ങളും  ഉപയോഗപ്പെടുത്തി മികച്ച മുനിസിപ്പാലിറ്റിയാക്കി ഉയർത്താൻ റംല ടീച്ചർക്ക് ഏറെക്കുറെ സാധിച്ചതും   അഞ്ച് വർഷം കൊണ്ട് ഒരു നഗരസഭയെ മികവിന്റെ പര്യായമാക്കാൻ  ചെയർപേഴ്‌സൺ സ്ഥാനത്തിരുന്ന് ടീച്ചർ കാണിച്ച ശുഷകാന്തിയെ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരിലും മതിപ്പുളവാക്കിയതും  ടീച്ചറുടെ പിൻതുണ വർധിപ്പിച്ചതായി മണ്ഡലത്തിലെ ഭൂരിഭാഗം നേതാക്കളും  ലീഗ് പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.  


2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ജെ.ഡി യു.ഡി.എഫിന്റെ ഭാഗമായിട്ടും മുൻ മന്ത്രി കെ.പി. മോഹനൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയോട് 12,000 ത്തിലേറെ വോട്ടിനാണ് തോറ്റത്. കൂത്തുപറമ്പ് മണ്ഡലം നിവാസിയല്ലാതിരുന്നിട്ടും ശൈലജക്ക് ലഭിച്ച ഭൂരിപക്ഷം മികച്ചതായിരുന്നു. ലീഗ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച തന്നെയായിരുന്നു കെ.പി. മോഹനന്റെ പരാജയത്തിന് ആക്കം കൂട്ടാനും ഇടയാക്കിയത.് പാനൂർ മേഖലയിലെ മുസ്‌ലിം ലീഗിൽ  അന്നുണ്ടായതിലും ഗ്രൂപ്പ് പോര്  ഇപ്പോൾ മൂർഛിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ലീഗിന്റെ മറ്റു നേതാക്കൾ ഇക്കുറി മത്സര രംഗത്ത് ഇറങ്ങിയാൽ അത് ദയനീയ പരാജയത്തിന് കാരണമാകുമെന്നാണ് പൊതുവെയുള്ള രാഷ്ട്രീയ അടക്കം പറച്ചിൽ. 2016 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് നേതൃത്വത്തിനെതിരെ പോരടിച്ച് രംഗത്തിറങ്ങിയ രണ്ട് റബലുകൾ മിന്നുന്ന വിജയം കണ്ടിരുന്നു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വിളക്കോട്ടൂർ വാർഡിൽ നിന്ന് മത്സരിച്ച ലീഗ് റിബൽ ഔദ്യോഗിക സ്ഥാനാർത്ഥിയെ മൂലക്കിരുത്തി കരപിടിക്കുകയും ചെയ്തിരുന്നു. ഇതും ചൂണ്ടിക്കാട്ടുന്നത് ഇപ്പോഴും ലീഗിൽ അലട്ടുന്ന പ്രാദേശിക പടലപ്പിണക്കം നാൾക്കുനാൾ കത്തിക്കൊണ്ടിരിക്കുന്നുവെന്ന് തന്നെയാണ്. നഗരസഭയിലെ  ലീഗിന്റെ സിറ്റിംഗ് സീറ്റായ പാനൂർ ടൗൺ വാർഡിൽ ഇത്തവണ യു.ഡി.എഫ് തോറ്റതും ഏറെ വിവാദമായ പാലത്തായി പീഡന കേസ് ഉയർന്ന പാലത്തായി വാർഡിൽ പോലും ലീഗ് റബൽ ഉയർന്ന വോട്ട് നേടിയതും നേതൃത്വത്തിന് ആശങ്കയുളവാക്കിയിരുന്നു. 


തദ്ദേശ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ച ലീഗ് മണ്ഡലം സെക്രട്ടറി കൂടിയായ വി. നാസർ  പെരിങ്ങത്തൂർ പോലെ ലീഗിന്റെ ഉറച്ച കോട്ടയായ വാർഡിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും ഗ്രൂപ്പ് പോരിന്റെ മൂർച്ച ഇനിയും കൂടുകയാണെന്ന് വേണം വിലയിരുത്താൻ.  പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ മണ്ഡലത്തിൽ നിന്നുള്ള നേതാക്കളെ മത്സര രംഗത്തിറക്കിയാൽ ജയസാധ്യത പോയിട്ട് എതിരാളിയുടെ ഭൂരിപക്ഷം കുത്തനെ ഉയർത്താനേ ഇടയാക്കുകയുള്ളൂവെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കൂകൂട്ടൽ. ഇവിടെയാണ് ഭൂരിഭാഗം അണികൾക്കിടയിൽ റംല ടീച്ചർ എന്ന പൊതുവികാരം രൂപപ്പെട്ടത്.  മണ്ഡലത്തിന് പുറത്ത്  നിന്ന് സ്ഥാനാർത്ഥിയെ ഇറക്കി പരീക്ഷണം നടത്തിയാലും അത് അണികളും യു.ഡി.എഫും  ഉൾക്കൊള്ളണമെന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.  ഇങ്ങനെ വന്നാൽ ഒരു ഗ്രൂപ്പിന്റെയും  ഭാഗമല്ലാതെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുന്ന റംല ടീച്ചറെന്ന വനിതയിലേക്ക് തന്നെയാണ് സ്ഥാനാർത്ഥി കുപ്പായം എന്ന്  തന്നെയാണ് മണ്ഡലത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. കെ.കെ ശൈലജ ഇക്കുറി കൂത്തുപറമ്പ് മണ്ഡലത്തിൽ ജനവിധി തേടില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എതിരാളി ആരായാലും യു.ഡി.എഫിന് റംല ടീച്ചർ മതിയെന്ന് തന്നെയാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും അഭിപ്രായം. 

 

 

 

Latest News