സൗദിയിൽ എണ്ണയിതര വരുമാനം വർധിച്ചു; സമ്പദ് മേഖലയിൽ ശുഭസൂചന 

സൗദി ധനകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ

റിയാദ് -  450.1 ബില്യൺ റിയാൽ വരുമാനവും 571.6 ബില്യൺ റിയാൽ ചെലവും 121.5 ബില്യൻ റിയാൽ കമ്മിയും സൂചിപ്പിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദ ബജറ്റ് അവലോകന റിപ്പോർട്ട് സൗദി ധനകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ അവതരിപ്പിച്ചു. 2017 ലെ ആദ്യ ഒമ്പത് മാസങ്ങളിലെ ഈ സാമ്പത്തിക റിപ്പോർട്ട് പ്രകാരം മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേ സമയം 0.4 ശതമാനം മാത്രമേ ചെലവ് വർധിച്ചിട്ടുള്ളൂ. 
രാജ്യത്തിന്റെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, ബലദിയ സേവനങ്ങൾ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. അഥവാ ബജറ്റ് വിഹിതത്തിന്റെ 44 ശതമാനവും പൗരന്മാർക്ക് പ്രാധാന്യമേറിയ ഈ മേഖലകളിൽ വിനിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. ഒമ്പത് മാസങ്ങളിൽ രേഖപ്പെടുത്തിയ ധനകമ്മി 121.5 ബില്യൺ റിയാൽ ആണ്. ഇതും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവാണെന്നും സൗദി സമ്പദ് രംഗത്തിന്റെ കെട്ടുറപ്പിന്റെ സൂചനയാണെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
2016ലെ മൂന്നാം പാദ വാർഷിക റിപ്പോർട്ടിനെ അപേക്ഷിച്ച് ദേശീയ വരുമാനം ഗണ്യമായി ഉയർന്നുവെന്നാണ് അവലോകന റിപ്പോർട്ട് നൽകുന്ന മറ്റൊരു വസ്തുത. വരവും ചെലവും തുല്യത കൈവരിക്കുക എന്ന സംതുലിത ബജറ്റ് ലക്ഷ്യമിട്ടുള്ള ഗവൺമെന്റ് നീക്കം യാഥാർഥ്യമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2017ലെ മൂന്നാം പാദത്തിലെ ദേശീയ വരുമാനം 142.1 ബില്യൺ റിയാൽ ആണ്. 2016 അവസാന പാദവുമായി തുലനം ചെയ്യുമ്പോൾ 11 ശതമാനത്തോളം വരുമാനം വർധിച്ചിട്ടുണ്ട്. പെട്രോളിതര ഉത്പന്നങ്ങൾ മുഖേനയുള്ള ആദായം 47.8 ബില്യൺ റിയാൽ ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 80 ശതമാനം എന്ന തോതിലേക്കാണ് പെട്രോളിതര ഉത്പന്നങ്ങളിലെ വരുമാനം ഉയർന്നത്. 
2017ലെ മൂന്നാം പാദത്തിലെ ചെലവ്  190.9 ബില്യൺ റിയാൽ ആണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം അധികം വരും. വരവും ചെലവും തമ്മിലുള്ള അന്തരം ഹ്രസ്വകാലയളവിൽ മാത്രം 48.7 ബില്യൺ റിയാലാണ് കണക്കാക്കുന്നത്. നടപ്പുസാമ്പത്തിക വർഷത്തിൽ 375.8 ബില്യൺ റിയാൽ എന്ന തോതിലേക്ക് രാജ്യത്തിന്റെ പൊതുകടം എത്തിയിട്ടുണ്ട്. 
രാജ്യം സാമ്പത്തിക പുരോഗതിയുടെ പാതയിലാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ പരിഷ്‌കരണ നടപടികൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രാധാന്യം നൽകി ദീർഘവീക്ഷണത്തോടെ സാമ്പത്തിക നിയന്ത്രണങ്ങളും പരിഷ്‌കരണങ്ങളും പ്രഖ്യാപിച്ച് മുന്നേറുന്ന സൗദി അറേബ്യ അതിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുമെന്ന അന്താരാഷ്ട്ര നാണയനിധി (ഐ.എം.ഫണ്ട്)യുടെ റിപ്പോർട്ട് ശുഭപ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. 

Latest News