Sorry, you need to enable JavaScript to visit this website.

കേരളത്തിലെ വോട്ടിൽ കണ്ണുംനട്ട് ബജറ്റ് 

വടക്കൻ കേരളത്തിലെ രണ്ട് പ്രധാന ജില്ലാ ആസ്ഥാനങ്ങളാണ് കോഴിക്കോടും കണ്ണൂരും. ദേശീയ പാതയും റെയിൽവേ ലൈനും സമാന്തരമായി കടന്നു പോകുന്ന പ്രദേശങ്ങളിലൂടെയാണ് ഈ നഗരങ്ങൾക്കിടയിലെ യാത്ര.  ഏകദേശം മുപ്പത് വർഷം മുമ്പേ ഈ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ ഏറ്റവും വലിയ പ്രശ്‌നമായിരുന്നത് ഏഴ് റെയിൽവേ ഗെയിറ്റുകളായിരുന്നു. അക്കാലത്ത് സ്വകാര്യ ബസുകൾക്ക് ഈ 90 കിലോ മീറ്ററിൽ താഴെ വരുന്ന കണ്ണൂർ-കോഴിക്കോട് ദൂരം പിന്നിടാൻ അനുവദിച്ച സമയം രണ്ടര മണിക്കൂറായിരുന്നു. ചില സ്വകാര്യ ബസ് പൈലറ്റുമാർ ഈ ദൂരം രണ്ടേകാൽ മണിക്കൂറെടുത്ത് ലക്ഷ്യസ്ഥാനത്തെത്തുമ്പോഴാണ് പലപ്പോഴും ട്രാഫിക് പോലീസിനും മൊബൈൽ കോടതിക്കും പണിയായിരുന്നത്. ഇപ്പോൾ ഒരിടത്തും റെയിൽവേ ഗെയ്റ്റില്ല.

സ്വാഭാവികമായും മുമ്പ് നിശ്ചയിച്ചതിലും കുറഞ്ഞ സമയം കൊണ്ട് ഓടിയെത്താനാവണം. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പിൽ അറിയപ്പെടുന്ന ദൃശ്യ മാധ്യമ പ്രവർത്തകൻ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കാറോടിച്ചു വന്ന അനുഭവം പറയുന്നുണ്ട്. എക്‌സ്പ്രസ് ഹൈവേ പദ്ധതിയെ കോളേജിൽ പഠിക്കുന്ന കാലത്ത് എതിർത്തതിന്റെ കുമ്പസാരം  പോലെയുള്ളതാണ് വീഡിയോ ക്ലിപ്. 2003 ൽ കേരളം പരിഗണിച്ചിരുന്ന അതിവേഗ പാത ഇപ്പോൾ യാഥാർഥ്യമായേനേ. അന്ന് റോഡിപ്പുറം നിൽക്കുന്ന രാമന് അപ്പുറത്തെ പശുവിന്റെ കെട്ടഴിച്ചു കൊണ്ടുവരാൻ ഇരുപത് കിലോ മീറ്റർ വരെ സഞ്ചരിക്കേണ്ടി വരുമെന്നെല്ലാം പ്രസംഗിച്ചു. ഗെയ്റ്റില്ലാത്ത കണ്ണൂർ-കോഴിക്കോട് യാത്രക്കായി അഞ്ചും ആറും മണിക്കൂർ കാറിലിരിക്കുമ്പോൾ ആർക്കായാലും ഇറങ്ങി ഓടാൻ തോന്നും. മുഖ്യമന്ത്രിയുടെയും പാർട്ടി ഉന്നതന്മാരുടെയും തട്ടകമായ തലശ്ശേരി മുതലാണ്  റോഡ് യാത്ര കൂടുതൽ കഠിനമാവുക. ഏത് സമയത്തും എവിടെയും നീണ്ട ബ്ലോക്കുകൾ രൂപപ്പെടാം.

മേൽപാലങ്ങളുണ്ടായതുകൊണ്ടൊന്നും കാര്യമില്ല. ധർമടം മണ്ഡലത്തിലെ പാലയാട്ടും തലശ്ശേരിയിലെ കോടിയേരിയിലും മറ്റും മുഴപ്പിലങ്ങാട്-അഴിയൂർ ബൈപാസിന്റെ പണി തിരക്കിട്ട് നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസ് പോലെ നാല് ദശകങ്ങൾ വൈകിപ്പോയ പദ്ധതിയാണ് തലശ്ശേരി-മാഹി നഗരങ്ങൾ മറികടക്കാൻ ഒരുങ്ങുന്ന ബൈപാസ്. ഇതിനിടക്ക് പത്ത് കൊല്ലം മുഖ്യമന്ത്രിമാരുടെ മണ്ഡലമായിരുന്നു തലശ്ശേരിയെന്നതും ശ്രദ്ധേയമാണ്. വീതി കുറഞ്ഞ കാലഹരണപ്പെട്ട മൂരാട് പാലം, പയ്യോളി ടൗൺ, നന്തി, കൊല്ലം, കൊയിലാണ്ടി എന്നിങ്ങനെ ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ സ്ഥലങ്ങൾ വേറെയും. ഇത് ഏതെങ്കിലും ദിവസത്തെ സവിശേഷതയല്ല. എന്നും എല്ലാ സമയത്തും ഇത് തന്നെയാണ് സ്ഥിതിയെന്ന് അനുഭവസ്ഥർ പറയുന്നു. കോവിഡ് കാലത്ത് റോഡിൽ സ്വകാര്യ വാഹനങ്ങൾ വർധിച്ചത് തിരക്ക് കൂട്ടിയിട്ടുണ്ട്. കോഴിക്കോട്-കണ്ണൂർ ട്രെയിൻ യാത്രക്ക് ഒന്നര മണിക്കൂർ വേണ്ടതില്ലെന്ന കാര്യം പരിഗണിക്കുമ്പോഴാണ് മനുഷ്യർ റോഡിൽ പാഴാക്കുന്ന സമയത്തിന്റെ വില മനസ്സിലാവുക. കോഴിക്കോട് ബൈപാസ് ആരംഭിക്കുന്ന വെങ്ങളം മുതലുള്ള കാര്യം പറയാനുമില്ല. വെങ്ങളം-ഇടിമൂഴിക്കൽ ബൈപാസ് രണ്ടു വരി പാതയാണ്. നഗരത്തോടടുക്കുന്തോറും വാഹനത്തിരക്ക് കൂടും. ഇത് ആറു വരിയാക്കാനുള്ള നീക്കമുണ്ട്. നല്ല കാര്യം. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറെ പിന്നിലാണെന്നതാണ് വസ്തുത. മധുര, സേലം, ചെന്നൈ, പുതുച്ചേരി എന്നീ നഗരങ്ങൾക്കിടയിൽ സമയം പാഴാക്കാതെ യാത്ര ചെയ്യാൻ ഇപ്പോൾ സൗകര്യമുണ്ട്.

 ഇതൊക്കെ കണക്കിലെടുത്ത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിന് റോഡ് വികസനത്തിന് മാത്രം 65,000 കോടി രൂപ കേന്ദ്ര ബജറ്റിൽ അനുദിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മലയാളം ട്വീറ്റിൽ വ്യക്തവുമാണ്. രാമനും സീതയും പറഞ്ഞ് മലയാളികളെ പാട്ടിലാക്കാൻ കഴിയില്ലെന്നറിയാം. എന്നാൽ കിടക്കട്ടെ അടിസ്ഥാന സൗകര്യ വികസനം. കോഴിക്കോടിനും കണ്ണൂരിനുമിടയിലെ വൻകിട പദ്ധതികൾക്ക് ഈ തുകയിൽ കാര്യമായ പങ്ക് മാറ്റിവെച്ചിട്ടുണ്ടെന്നാണറിഞ്ഞത്. പാലോളിപ്പാലം മുതൽ മൂരാട് വരെ ആറ് വരിപ്പാത, കുറ്റിയാടിപ്പുഴക്ക് കുറുകെ പുതിയ പാലം എന്നിവയെല്ലാം ഇതിലുൾപ്പെടും. കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാൻ 2000 കോടി രൂപയോളം അനുവദിച്ചതും കേരളത്തിന് ഗുണകരമാണ്. 
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നിങ്ങനെ ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മികച്ച പരിഗണന നൽകിയിട്ടുണ്ട്.
കേരളത്തിലൂടെ പോകുന്ന മുംബൈ  കന്യാകുമാരി ഇടനാഴി, തമിഴ്‌നാടിനെ  കേരളവുമായി ബന്ധിപ്പിക്കുന്ന കൊല്ലം - മധുര ദേശീയപാത വികസനം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. 75 വയസ്സ് പിന്നിട്ടവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല എന്നതുപോലെ കൈയടി വാങ്ങുന്ന നിർദേശങ്ങളുണ്ട് ബജറ്റിൽ. കോവിഡ് പ്രതിസന്ധി കാലത്ത് പൊതു ബജറ്റ് അവതരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ധനമന്ത്രി നിർമല സീതാരാമൻ നിർവഹിച്ചത്. സമകാലിക ഇന്ത്യയിൽ എന്നും വില കൂടുന്ന വസ്തുവാണ് പെട്രോളും ഡീസലും. അതിന് ബജറ്റിന്റെ കാര്യമൊന്നുമില്ല. വില നിർണയാവകാശം കൈവന്ന സ്വകാര്യ കോർപറേറ്റ് കമ്പനി വില നിശ്ചയിക്കും. അന്താരാഷ്ട്ര വിപണിയിൽ വിലയിടിയുന്നതൊന്നും കാര്യമാക്കാറേയില്ല. പെട്രോൾ ലിറ്ററിന് 90 രൂപയായത് എത്ര പെട്ടെന്നാണ്. എന്നാണ് ഇത് സെഞ്ചുറി അടിക്കുക എന്ന് നോക്കിയിരിക്കുകയാണ് ജനം. 


ദൽഹിയിലും  മുംബൈയിലും പെട്രോൾ വില യഥാക്രമം 86.30 രൂപയും 92.86 രൂപയുമാണ്. ദേശീയ തലസ്ഥാനത്ത് ഡീസലിന് ലിറ്ററിന് 76.48 രൂപയും മുബൈയിൽ 83.30 രൂപയുമാണ്. നാല് മെട്രോകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്‌മെന്റ് സെസ് ഏർപ്പെടുത്തിയത്  ഇന്ധന വില വർധനക്കുള്ള മറ്റൊരു കാരണമാവും. 


ഡീസൽ ലിറ്ററിന് നാല് രൂപയും പെട്രോളിന് രണ്ടര രൂപയും കാർഷിക സെസ് ഏർപ്പെടുത്തണമെന്നാണ് ബജറ്റിലെ പ്രധാന നിർദേശം. 
ഇന്ത്യയിലെ ഇന്ധന വില വർധനയെ  ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പരോക്ഷമായി വിമർശിച്ചിട്ടുണ്ട്.  ഇന്ത്യയിലെയും ശ്രീലങ്കയിലെയും പെട്രോൾ വില താരതമ്യം ചെയ്തുകൊണ്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. 'രാമന്റെ  ഇന്ത്യയിൽ പെട്രോൾ വില 93 രൂപ, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ 51 രൂപ' þ-ഇതായിരുന്നു സ്വാമി ട്വിറ്ററിൽ കുറിച്ചത്. 


പ്രതീക്ഷിച്ചതുപോലെ ആരോഗ്യ മേഖലയെ മന്ത്രി നന്നായി പരിഗണിച്ചു. ഈ  മേഖലയിൽ 64,810 കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ  കോവിഡ് വാക്‌സിൻ വികസനങ്ങൾക്കായി 35,000 കോടിയാണ് വകമാറ്റി വെച്ചിരിക്കുന്നത്. രണ്ട് പുതിയ ഇന്ത്യൻ നിർമിത കോവിഡ് വാക്‌സനുകൾക്കും ഉടൻ അനുമതി നൽകുമെന്ന് മന്ത്രി ബജറ്റ് പ്രസംഗ വേളയിൽ സൂചിപ്പിച്ചിരുന്നു.
നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നതാണ് വ്യവസ്ഥ. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറക്കുകയും പകരം സെസ് പ്രഖ്യാപിക്കുകയും ചെയ്തു. സെസ്  വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ 20,000 കോടിയോളം രൂപ വെട്ടിക്കുറച്ചു.  എന്നതൊക്കെയാണ് പ്രധാന വിമർശനം. 


സാമ്പത്തിക അസമത്വം ഭീകരമായ വിധത്തിൽ വളർത്തുന്നതാണ് ബജറ്റെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.  ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യും. ജനങ്ങളുടെ ജീവിത ദുരിതങ്ങൾ പരിഹരിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 42 ശതമാനം കുറവ് വരുത്തി.  ഭക്ഷ്യസബ്‌സിഡിയും വെട്ടിക്കുറച്ചു.  ധനക്കമ്മി പെരുകാൻ കാരണം സർക്കാർ കൂടുതൽ പണം ചെലവിട്ടതല്ല. വരുമാനത്തിൽ ഉണ്ടായ വൻ ഇടിവാണ്. കോർപറേറ്റ്, ആദായ നികുതി വരുമാനങ്ങൾ കുത്തനെ ഇടിഞ്ഞു. അതേസമയം രാജ്യത്തെ ശതകോടിശ്വരന്മാരുടെ ആസ്തിയിലെ വർധന കുതിക്കുന്നുവെന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി ബജറ്റിനെ വിലയിരുത്തി പറഞ്ഞു. 


ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് എന്തോ കിട്ടുമെന്ന പ്രതീതി സൃഷ്ടിക്കാൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധിച്ചു. എൻ.ആർ.ഐ പദവിയെ കുറിച്ച് മൗനം പാലിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ലഭിച്ച ഏക പരിഗണന നിക്ഷേപത്തിലോ മൂലധനത്തിലോ പരിധികളില്ലാതെ ഏത് പ്രവാസിക്കും സംരംഭം തുടങ്ങാമെന്നത് മാത്രമാണ്. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്ത് സംരംഭം തുടങ്ങാൻ ചുരുങ്ങിയത് രണ്ടു പേരെങ്കിലും വേണം. ഇതാണ് ഇല്ലാതാക്കിയത്. പ്രവാസി നിക്ഷേപകർക്ക് കൂടുതൽ അവസരം സൃഷ്ടിക്കാൻ ഇത് കാരണമാവും. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് എന്നതു മാറി വൺ പേഴ്‌സൺ കമ്പനി എന്നാക്കി മാറ്റി. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കിയെന്ന പ്രഖ്യാപനം അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പ്രവാസികളെയാണ് ആഹ്ലാദിപ്പിക്കുക. ഗൾഫ് പ്രവാസികൾക്ക് ഇതിന്റെ പ്രത്യേകിച്ച് ആനുകൂല്യമൊന്നുമില്ല. 


 

Latest News