സി.പി.എമ്മിന്റെ പിടിവിട്ട കളിയില്‍ ഉള്ളാലെ സന്തോഷിക്കുന്നവര്‍

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാര്‍ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാര്‍ത്തിയ  ദുരന്തമായിരുന്നു 1971 ഡിസംബര്‍ ഒടുവില്‍ നടന്ന തലശ്ശേരി കലാപം. മൂന്ന് നാല് ദിവസം തലശ്ശേരിയില്‍ സര്‍വത്ര കൊള്ളയും തീവെപ്പും മറ്റു അക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങള്‍ക്കും മറ്റിതര പ്രയാസങ്ങള്‍ക്കും ഇരയായത് മുസ്‌ലിംകള്‍ തന്നെ. മുസ്‌ലിം ലീഗ് അധികാരത്തിലിരിക്കേ,  മികവാര്‍ന്ന മുസ്‌ലിം പാരമ്പര്യമുള്ള തലശ്ശേരിയില്‍ ഇങ്ങനെയുള്ള കലാപം നടത്തിയത് മുസ്‌ലിം ലീഗിനെയും തദ്വാരാ മുസ്‌ലിംകളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനു ശേഷം അര നൂറ്റാണ്ട് പൂര്‍ത്തിയാകാന്‍ പോവുകയാണ്.  കലാപത്തെ അന്ന് ആര്‍.എസ്.എസ് ലോബി മാപ്പിള ലഹളയുടെ അമ്പതാം വാര്‍ഷികം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് 60 വയസ്സ് എങ്കിലും ഉള്ളവര്‍ക്കേ പ്രസ്തുത കലാപത്തിന്റെ ഓര്‍മയുണ്ടാവൂ. പ്രസ്തുത കലാപത്തെ വിശകലനം ചെയ്ത് പാഠം പഠിക്കുന്നതില്‍ മുസ്ലിം നേതൃത്വം വേണ്ടത്ര ശ്രദ്ധിച്ചോ എന്നത് വളരെ പ്രസക്തമായ അന്വേഷണമാണ്.  ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടുമെന്നത് മറക്കരുത്. കാസര്‍കോട് ജില്ല കൂടി ഉള്‍പ്പെട്ട അവിഭക്ത കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സാംസ്‌കാരിക കേന്ദ്രമായിരുന്നു തലശ്ശേരി. മുസ്‌ലികളില്‍ ഗണ്യ വിഭാഗം പുരുഷന്മാര്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ മറുനാട്ടില്‍ ആയതിനാലുള്ള 'സൗകര്യം' മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പരമാവധി മുതലെടുക്കുകയും തങ്ങളുടെ സ്വാധീനം വളര്‍ത്തുകയും ചെയ്തു. മുസ്‌ലിംകളില്‍ തന്ത്രപൂര്‍വം ഭീതിയും അരക്ഷിതാബോധവും സൃഷ്ടിച്ച്,  പിന്നെ രക്ഷകരായി രംഗപ്രവേശം ചെയ്ത് അനുഭാവവും പിന്തുണയും നേടിയെടുക്കുന്ന തന്ത്രം സി.പി.എം ഉപയോഗിക്കാറുണ്ട്.
തലശ്ശേരി മുനസിപ്പാലിറ്റി ദശകങ്ങളായി സി.പി.എം അടക്കി ഭരിക്കുന്നുണ്ട്. ഇതിനായി മണ്‍മറഞ്ഞുപോയ അഖിലേന്ത്യാ ലീഗിനെയും മൃതപ്രായമായിക്കിടക്കുന്ന ഐ.എന്‍.എല്ലിനെയും  ഏണിപ്പടികളായി ഉപയോഗിക്കുന്നതിലും സി.പി.എം അസൂയാര്‍ഹമാം  വിധം വിജയിച്ചു.   (കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും മുമ്പ് ജോസഫ് വിഭാഗത്തെയും എത്രയും വേഗം മുന്നണിയില്‍ ഉള്‍പ്പെടുത്തിയതും  ഐ.എന്‍.എല്ലിനെ ഏതാണ്ട് കാല്‍ നൂറ്റാണ്ട് വെയിലത്തു നിര്‍ത്തിയതും ഓര്‍ക്കുക)
1970 കളില്‍ മുസ്‌ലിം ലീഗിനെ പിളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനെന്ന പോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ട്. മുസ്‌ലിം ഐക്യം സമുദായ പുരോഗതിക്ക് വേണ്ടിയാണ്; സമുദായ പുരോഗതി നാടിന്റെ  കൂടി പുരോഗതിയാണ്; പക്ഷേ മുസ്‌ലിംകള്‍ തങ്ങളുടെ ഇറയത്ത് എന്നും ആശ്രിതരായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ മുസ്ലിം സംഘടനകള്‍ സഹകരിച്ച് ഒന്നിച്ച്  നീങ്ങുന്നത് സി.പി.എം ഭയപ്പെടുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും  പരമാര്‍ത്ഥത്തില്‍ കടുത്ത ലീഗ്  വിരോധികളായിരുന്നു.  ലീഗിന് കേരളത്തില്‍ ആദ്യമായി  മാന്യ പരിഗണന ലഭിച്ചത് 1967 ലെ സപ്തമുന്നണി മഹാഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം നിലവില്‍ വന്ന മന്ത്രിസഭയിലാണ്.  ലീഗ് മത്സരിച്ച 15 സീറ്റുകളില്‍ 14 ലും  വിജയിച്ചു. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായി. ഈ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല, കോഴിക്കോട് സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ പല നല്ല കാര്യങ്ങളും ഉണ്ടായി. പക്ഷേ പ്രസ്തുത മുന്നണിയില്‍ അനൈക്യം ഉടലെടുത്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വലിയേട്ടന്‍ മനോഭാവത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തില്‍ കുറുമുന്നണി രൂപപ്പെട്ടു. ജര്‍മനിയില്‍ ചികിത്സക്ക് പോയ ഇ.എം.എസ് മടങ്ങിവന്നപ്പോള്‍ മുന്നണി ചിതറി ശിഥിലമായത് മനസ്സിലായി. പിന്നീട് ഇ.എം.എസ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രസ്തുത മുന്നണിയെ തകര്‍ത്തു. മന്ത്രിസഭ രാജിവെച്ചു. മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമത്തിന്‍ ഫലമായി അന്ന് രാജ്യസഭാ മെംബറായിരുന്ന സി. അച്യുതമേനോന്റെ  നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. സി.എച്ച്. ആഭ്യന്തര മന്ത്രിയായി.  സി.പി.ഐയും ലീഗും 'കൊലച്ചതി'യാണ് പ്രവര്‍ത്തിച്ചതെന്ന് മാര്‍ക്‌സിസ്റ്റ് നേതൃത്വം വളരെയേറെ രോഷം കൊണ്ടു. അതുകൊണ്ടു തന്നെ ലീഗിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനം സി.പി.എം നാടെങ്ങും നടത്തി, വിശിഷ്യാ മലബാറില്‍. ഉരുളക്കുപ്പേരി എന്നോണം പ്രഗല്‍ഭ വാഗ്മി കൂടിയായ സി.എച്ച് കേരളത്തിലാകെ മാര്‍ക്‌സിസ്റ്റുകള്‍ക്കെതിരെ ഗംഭീര പ്രഭാഷണങ്ങള്‍ നടത്തി. 1969 ല്‍  ബാഫഖി  തങ്ങള്‍ കൂടി മുന്‍കൈയെടുത്ത് നിലവില്‍ വന്ന ഐക്യമുന്നണിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ യു.ഡി.എഫ്. ഈ മുന്നണി അര നൂറ്റാണ്ടിലേറെ നല്ല നിലയില്‍ നിലനിന്നു  പോന്നത്  തമ്മിലടിയും ഗ്രൂപ്പിസവും  സ്ഥിരം പരിപാടിയാക്കിയ  കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ടല്ല. മറിച്ച് മുസ്‌ലിം ലീഗ് അവസരോചിതം പ്രവര്‍ത്തിച്ചതു കൊണ്ടാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ഈ ബന്ധം ആര്‍.എസ്.എസ് ലോബിക്ക് ഏറെ അസഹനീയമായിരുന്നു.
1970 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടി ( തലശ്ശേരിയില്‍ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചുകൊണ്ട് എന്‍.ഇ. ബാലറാം ജയിച്ചു). ലീഗിന് രണ്ട് മന്ത്രിമാരും സ്പീക്കര്‍ പദവിയും കിട്ടി. സി.പി.ഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായതും ലീഗിന് രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ പരിഗണന കിട്ടിയതും  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിറളി പിടിപ്പിച്ചു. ലീഗിനെതിരെ പൂര്‍വോപരി രൂക്ഷവിമര്‍ശനം സി.പി.എം നടത്തി.  
കോണ്‍ഗ്രസുകാരില്‍ നല്ലൊരു വിഭാഗം പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമാണെന്ന് എ.കെ. ആന്റണി ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഏറെ ശരിയായിരുന്നു അന്നാളുകളില്‍.
പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്‌ലിം ലീഗിനെതിരെയോ മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്ലിം/ഇസ്ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല.
1969-71 കാലത്ത് മുസ്‌ലിം ലീഗിനെ നാട്ടക്കുറ്റിയാക്കി വ്യാപകമായ എതിര്‍പ്രചാരണം നടത്തിയതുപോലെ ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെയാണ് കാടിളക്കി പ്രചാരണം നടത്തുന്നത്.  ഇത് അന്തിമ വിശകലനത്തില്‍ ഇസ്‌ലാം/മുസ്‌ലിം വിരോധമായാണ് പലരിലേക്കും പടര്‍ന്നുപിടിക്കുന്നത്.  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ പിടിവിട്ട കളിയില്‍ ആര്‍.എസ്.എസ് ഉള്ളാലെ സന്തോഷിക്കുന്നുണ്ടാകും.
സി.പി.എം - ഫാസിസ്റ്റ് - സിയോണിസ്റ്റ് അച്ചുതണ്ടായി ഇത് പരിണമിച്ചേക്കുമോ എന്നു ശങ്കിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ അത് ബി.ജെ.പിക്ക് സാധ്യതകള്‍ വികസിപ്പിച്ചു കൊടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ബി.ജെ.പിയും ഇന്നത്തെ ഇടതു സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകണമെന്ന് ഉള്ളാലെ ആശിക്കുന്നത് ഇതിനകം പലരും തിരിച്ചറിഞ്ഞിട്ടുണ്ട്.  

 

Latest News