പരാതികള്‍ ലക്ഷത്തിലേറെ, ഇന്ത്യയിലെ കര്‍ഷക  പ്രക്ഷോഭം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കും 

ലണ്ടന്‍-ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നതിനിടെ വിഷയത്തില്‍ ഇടപെണമെന്നു ബോറിസ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം. കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റ് പെറ്റീഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 106,000 പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ഇത് . ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവും ചര്‍ച്ചയ്ക്ക് വെക്കും.
യുകെ പാര്‍ലമെന്റ് നിയമപ്രകാരം പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ 10000 ഒപ്പുകള്‍ കവിയുന്ന പരാതികള്‍ വന്നാല്‍ അവയെപറ്റി യുകെ സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന നടത്തണം. ഒരുലക്ഷം ഒപ്പുകള്‍ കവിയുന്ന പരാതിയില്‍ ഉന്നയിക്കുന്ന വിഷയം സംവാദത്തിനായി പരിഗണിക്കണം.
ഈ സാഹചര്യത്തില്‍ കര്‍ഷകസമരം സംബന്ധിച്ചു വന്ന പരാതിയെപറ്റി ഈ മാസത്തിനുള്ളില്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിറക്കും. ചര്‍ച്ച ഇതിനു ശേഷമായിരിക്കും പരിഗണിക്കുക. യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലാണ് സംവാദം നടക്കുക. ലേബര്‍ പാര്‍ട്ടി എംപികളുള്‍പ്പെടെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ 'പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമസ്വാതന്ത്രവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക,' എന്ന തലക്കെട്ടിലാണ് പേരിലാണ് പരാതി വന്നിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ വിഷയമായിരിക്കെയാണ് വിഷയം ഒരു വിദേശസര്‍ക്കാരിന്റെ പരിഗണനയിലേക്ക് വരുന്നത്.  ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമോ എന്നത് വ്യക്തമല്ല. നേരത്തെ വിഷയത്തില്‍ ഇടപെടണമെന്ന് യുകെയിലെ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.  കര്‍ഷക പ്രക്ഷോഭത്തിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി യുകെയിലെ ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

Latest News