ന്യൂദൽഹി- കർഷക നിയമത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും നിയമം പൂർണമായും കർഷകർക്കുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ വരുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കാർഷികനിയമങ്ങളിലുള്ള ചർച്ച പാർലമെന്റിൽ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തിങ്കളാഴ്ച വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി നൽകിയേക്കും. അതിനിടെ കർഷക സമരത്തിന്മേൽ ട്വിറ്ററിലൂടെയുള്ള പ്രതികരണം തുടരുകയാണ്. രാജ്യാന്തര തലത്തിലും നിരവധിപ്പേരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്രം എംബസികളോട് നിർദ്ദേശം നൽകി. കർഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദ്ദേശം.






