Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഒറ്റക്കെട്ട്; അമിത് ഷാക്ക് പിന്തുണയുമായി സിനിമാ, കായിക താരങ്ങള്‍

ന്യൂദല്‍ഹി- മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണം ഏറ്റുപിടിച്ച് പ്രശസ്ത ചലച്ചിത്ര,കായിക താരങ്ങള്‍ രംഗത്ത്.
അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി, വിരാട് കോലി, സച്ചിന്‍, കുംബ്ലെ തുടങ്ങിയവർ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍ പ്രചാരണത്തില്‍ പങ്കുചേര്‍ന്നു.
ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിനെതിരേ ഐക്യത്തോടെ നിലകൊള്ളണമെന്ന് അമിത് ഷായും കേന്ദ്ര സര്‍ക്കാരും ആഹ്വാനം ചെയ്തിരുന്നു. അമിത് ഷായുടെ ട്വീറ്റും വിദേശമന്ത്രാലയത്തിന്‍റെ പ്രസ്താവനയും ഷെയർ ചെയ്തുകൊണ്ടാണ് താരങ്ങളുടെ ട്വീറ്റ്.

എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണെന്നും കര്‍ഷകരുടെ  പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.  

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.  
ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാം- സച്ചിന്‍ ട്വീറ്റ് ചെയ്തു.

പ്രക്ഷുബ്ധമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണെന്നും ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും കരണ്‍ ജോഹര്‍ പ്രതികരിച്ചു. അര്‍ധ സത്യത്തെക്കാള്‍ അപകടകരമായ ഒന്നുമില്ലെന്നും  എല്ലായ്‌പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണമെന്നുമാണ് സുനില്‍ ഷെട്ടിയുടെ പ്രതികരണം.  

 

 

Tags

Latest News