ഓക്ലഹോമ, കാനഡ- ഹൈസ്കൂൾ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 22 കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. മകന്റെ ഫോണിൽ നഗ്ന ഫോട്ടോകളും ടെക്സ്റ്റ് മെസേജുകളും കണ്ടതിനെത്തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ പോലീസ് സംഭവം സത്യമാണെന്ന് മനസ്സിലാക്കി ഹണ്ടർ ഡേ എന്ന അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓക്ലഹോമയിലെ യുകോൺ ഹൈസ്കൂളിലെ അധ്യാപികയാണ് ഹണ്ടർ ഡേ. കുട്ടിയുമായി അധ്യാപിക കാണാമെന്ന് പറഞ്ഞ സമയത്ത് പോലീസ് എത്തുകയായിരുന്നു. കുട്ടിയുടെ ഫോണിലൂടെ അധ്യാപികയുമായി ബന്ധപ്പെട്ട പോലീസ് കൂടിക്കാഴ്ച ഉറപ്പിക്കുകയും കൃത്യസമയത്ത് എത്തുകയുമായിരുന്നു. വിദ്യാർഥിയെ പ്രതീക്ഷിച്ച് വീട്ടിലെ ലിവിംഗ് റൂമിൽ ലൈറ്റുകളണച്ച് മെഴുകുതിരി വെളിച്ചത്തിൽ കാത്തിരിക്കുകയായിരുന്നു അധ്യാപികയെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നതായി ഡേ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കുട്ടിയുടെ ഫോൺ പരിശോധിച്ച ഫോറൻസിക് ഉദ്യോഗസ്ഥർ ഇരുവരും നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുകൾ കണ്ടെത്തിയിരുന്നു. ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താനും ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇരുവരും പദ്ധതിയിട്ടതായും തെളിവ് ലഭിച്ചു. കുട്ടിയുടെ ഫോണിൽനിന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച കാണുന്ന കാര്യം സ്ഥിരീകരിച്ച് മെസേജ് അയച്ചു. ഇതിന് അനുകൂലമായി മറുപടി കിട്ടി. ഭർത്താവ് എത്തുംമുമ്പ് വരണമെന്ന് കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. കൃത്യസമയത്ത് വീട്ടിലെത്തിയ പോലീസ് പുറത്തുനിന്ന് 'ഞാൻ എത്തി' എന്ന് വീണ്ടും മെസേജ് അയച്ചു. കതക് പതിവുപോലെ പൂട്ടിയിട്ടില്ലെന്നും അകത്തുവരാനുമായിരുന്നു മറുപടി. തുടർന്ന് ഉദ്യോഗസ്ഥർ അകത്തുകടന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.